സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ശക്തമായ മഴയ്ക്കു സാധ്യതയുള്ള ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത ആഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതോടെ മഴ കൂടുതൽ വ്യാപകമാകുമെന്നാണ് പ്രവചനം. മിന്നലിന് സാധ്യത ഉള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം. മലയോര പ്രദേശങ്ങളിലാവും കൂടുതൽ ശക്തമായ മഴ ലഭിക്കുക.
കടലിൽ മോശം കാലാവസ്ഥയ്ക്കും 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മത്സ്യബന്ധനത്തിനു പോകരുതെന്നു നിർദേശമുണ്ട്. അടുത്തയാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലാണു ന്യൂനമർദത്തിനു സാധ്യത. ശനിയാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാനും അടുത്ത 48 മണിക്കൂറിൽ അത് ന്യൂനമർദമാകാനുമാണ് സാധ്യത. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിലും തമിഴ്നാട്ടിലും മഴ വ്യാപകമായേക്കും