സ്വകാര്യ ബസുകളിൽ മുതിർന്ന പൗരന്മാർക്ക് സംവരണം ചെയ്ത സീറ്റുകൾ പിൻഭാഗത്തെ ടയറിന് മുകളിലുള്ളതാണെങ്കിൽ പകരം തൊട്ടടുത്ത സീറ്റുകൾ അനുവദിക്കാൻ ട്രാൻസ്‌പോർട്ട് കമീഷണർ നിർദേശം നൽകി. ഭൂരിഭാഗം ബസുകളിലും നിലവിൽ സംവരണം ചെയ്‌ത സീറ്റ് പിൻഭാഗത്തെ ടയറിന് മുകളിലുള്ളവയാണ്.
ഇവിടെ ഇരിക്കുമ്പോൾ മുതിർന്ന പൗരന്മാർ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് കാണിച്ച് കുളക്കാട് പാറക്കുഴിയില്‍ വീട്ടിൽ പി സുബ്രഹ്മണ്യന്‍ നൽകിയ അപേക്ഷയിലാണ് നടപടി. ട്രാൻസ്‌പോർട്ട് കമീഷണർ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും ജോയിന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും ഉത്തരവ് കൈമാറി.
ഒക്ടോബർ 21ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ പാലക്കാട്ട് നടന്ന വാഹനീയം അദാലത്തിലാണ് പി സുബ്രഹ്മണ്യന്‍ അപേക്ഷ നൽകിയത്. ന്യായമായ ആവശ്യമാണെന്ന് പറഞ്ഞ മന്ത്രി തുടർനടപടി നിർദേശിച്ച് ട്രാൻസ്‌പോർട്ട് കമീഷണർക്ക് അപേക്ഷ കൈമാറി. ബസിന്റെ ഇടതുഭാഗത്തെ പിൻചക്രത്തിന് മുകളിലാണ് സംവരണ സീറ്റുകൾ എന്നതിനാൽ ഇരിക്കാനും എഴുന്നേൽക്കാനും ബുദ്ധിമുട്ടുണ്ടെന്നും കാലുവയ്ക്കാൻ ഇടമില്ലെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. ഇത് ശരിയാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
previous post