20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ആനകൾ നൂറിലധികം കി.മീ താണ്ടി മടങ്ങിവന്ന ചരിത്രമുണ്ട്; അരിക്കൊമ്പന്റെ കാര്യത്തിലും ഉറപ്പു പറയാനാകില്ല’
Uncategorized

ആനകൾ നൂറിലധികം കി.മീ താണ്ടി മടങ്ങിവന്ന ചരിത്രമുണ്ട്; അരിക്കൊമ്പന്റെ കാര്യത്തിലും ഉറപ്പു പറയാനാകില്ല’


കോഴിക്കോട്∙ നൂറിലധികം കിലോമീറ്റർ താണ്ടി ആനകൾ മടങ്ങിവന്ന ചരിത്രമുണ്ടെന്ന്, അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന് പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ. അരിക്കൊമ്പൻ മടങ്ങിവരുമോ എന്നത് പുതിയ സാഹചര്യവുമായി ഇണങ്ങുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു. അരിക്കൊമ്പൻ ഇപ്പോഴുള്ളത് വെള്ളവും ഭക്ഷണവും ധാരാളമുള്ള പരിസ്ഥിതിയിലാണെന്നും അദ്ദേഹം വിശദീകരിച്ചു.

‘‘ആനകൾ അവരുടെ പഴയ സ്ഥലത്തേക്ക് തിരിച്ചെത്തിയ സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. അരിക്കൊമ്പന്റെ കാര്യത്തിലും നമുക്ക് ഉറപ്പു പറയാനാകില്ല. പുതിയ സാഹചര്യവുമായി ആന എങ്ങനെ ഇണങ്ങുന്നു എന്നതാണ് പ്രധാനം. ആനയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉള്ളിടത്താണ് അരിക്കൊമ്പനെ വിട്ടിരിക്കുന്നത്. അതെല്ലാം ധാരാളമായിത്തന്നെ അവിടെ ഉണ്ട്. മറ്റ് ആനകളും അവിടെ ഒരുപാടുണ്ട്. ഈ സാഹചര്യവുമായി അരിക്കൊമ്പൻ എങ്ങനെ ഇണങ്ങിച്ചേരുമെന്ന് നമുക്ക് പറയാനാകില്ല. കർണാടകയിലൊക്കെ ചില കേസുകളിലൊക്കെ 100–120 കിലോമീറ്ററൊക്കെ യാത്ര ചെയ്ത് ആനകൾ തിരികെ വന്നിട്ടുണ്ട്’ – ഡോ. അരുൺ പറഞ്ഞു.

ചെറിയ പരുക്കുകൾ ഉണ്ടെങ്കിലും അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘‘അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ ഒരു മുറിവുണ്ട്. വലതു കണ്ണിന് ചെറിയൊരു പ്രശ്നമുണ്ട്. അതല്ലാതെ മറ്റ് ആനകളുമായുണ്ടായ സംഘർഷത്തിന്റെ ഫലമായി ഉണ്ടായ ചെറിയ മുറിവുകളുമുണ്ട്. ആ പരുക്കുകൾ മാറാനുള്ള മരുന്നെല്ലാം കൊടുത്താണ് കാട്ടിലേക്ക് തിരികെ വിട്ടത്’ – ഡോ. അരുൺ വിശദീകരിച്ചു.

വനത്തിനുള്ളിൽ തമിഴ്നാട് അതിർത്തിയിലേക്കു പ്രവേശിച്ച അരിക്കൊമ്പൻ പിന്നീട് കേരള അതിർത്തിയിലേക്കു തന്നെ മടങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് വിവരം. അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിച്ചിരുന്നില്ലെങ്കിലും, ഇപ്പോൾ സിഗ്നലുകൾ ലഭിക്കുന്നുണ്ട്.അരിക്കൊമ്പനെ പെരിയാർ‌ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നു സിഗ്നൽ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഇന്നലെ പുലർച്ചെ നാലിനു ശേഷമാണ് സിഗ്നൽ നഷ്ടപ്പെട്ടത്. വനംവകുപ്പ് വാച്ചർമാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയെന്ന് അവർക്കും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചെ ലഭിച്ച സിഗ്നൽ പ്രകാരം തമിഴ്നാട് വനമേഖലയ്ക്ക് 5 കിലോമീറ്റർ സമീപത്ത് അരിക്കൊമ്പൻ‌ എത്തിയിരുന്നു.

Related posts

കെഎസ്ആർടിസി ബസിൽ സഹയാത്രിക്കാരിയോട് അപമര്യാദയായി പെരുമാറി; 60കാരൻ അറസ്റ്റിൽ

Aswathi Kottiyoor

കെഎസ്ആർടിസിയിൽ സ്‌ക്വാഡ് പരിശോധന; മദ്യപിച്ചെത്തിയ ഒരാൾ കുടുങ്ങി

Aswathi Kottiyoor

നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

Aswathi Kottiyoor
WordPress Image Lightbox