ജനപ്രീതിയിലും മെട്രോകുതിപ്പുമായി കേരളത്തിന്റെ സ്വന്തം വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ കൊച്ചി മെട്രോ റെയിലിനെ മറികടന്ന് വാട്ടർ മെട്രോയിൽ ദിവസയാത്രികർ പതിനായിരത്തിലെത്തി. മുഴുവൻ ബോട്ടുകളും പ്രയോജനപ്പെടുത്തി രണ്ട് റൂട്ടുകളിൽ പരമാവധി ട്രിപ്പ് ഓടിച്ചിട്ടും ടെർമിനലിലെത്തുന്ന മുഴുവൻ യാത്രികരെയും ഉൾക്കൊള്ളാനാകുന്നില്ല. കൂടുതൽ ബോട്ടുകളെത്തിച്ച് പൂർത്തിയായ എല്ലാ ടെർമിനലുകളിലേക്കും സർവീസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ്.
മെട്രോ റെയിൽ ആരംഭിച്ച് ഏറെ വൈകിയാണ് കൂടുതൽ യാത്രികരെത്തിയത്. എന്നാൽ, ആദ്യ സർവീസ്‌മുതൽ വാട്ടർ മെട്രോയെ ജനങ്ങൾ ഏറ്റെടുത്തു. ഹൈക്കോടതി ടെർമിനലിൽനിന്ന് വൈപ്പിനിലേക്ക് സർവീസ് ആരംഭിച്ചതുമുതൽ വൻതിരക്കാണ്. ആദ്യദിനം 6,559 പേർ യാത്രചെയ്‌തു. ആറ് ട്രിപ്പുകളോടെ വൈറ്റില–-കാക്കനാട് വാട്ടർ മെട്രോയും ആരംഭിച്ചതോടെ യാത്രക്കാരേറി. നാലാംദിവസം 8415 യാത്രക്കാരുണ്ടായി. പരമാവധി 10,000 പേരെയാണ് രണ്ട് റൂട്ടുകളിൽ ഉൾക്കൊള്ളാനാകുക.
രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ 15 മിനിറ്റ് ഇടവേളയിലുള്ള ഹൈക്കോടതി–-വൈപ്പിൻ റൂട്ടിൽ എപ്പോഴും തിരക്കുണ്ട്. രാവിലെ എട്ടിനുശേഷം ഒന്നരമണിക്കൂർ ഇടവേളയിൽ ആറു ട്രിപ്പുള്ള വൈറ്റില റൂട്ടിൽ വൈകിട്ട് വൻതിരക്കാണ്. ഇതിൽ വൈകിട്ടുള്ള സർവീസ് അടുത്തയാഴ്‌ചയോടെ വർധിപ്പിച്ചേക്കും. ചേരാനല്ലൂർ, ഏലൂർ, സൗത്ത് ചിറ്റൂർ ടെർമിനലുകൾകൂടി പൂർത്തിയായതോടെ ഹൈക്കോടതി ടെർമിനലിൽനിന്നുള്ള സർവീസുകൾ വർധിപ്പിച്ചേക്കും. കായൽ യാത്രാനുഭവം കൂടുതൽ അനുഭവേദ്യമാക്കുന്ന ഈ റൂട്ടുകൾകൂടി പ്രവർത്തനക്ഷമമാകുന്നതോടെ വാട്ടർ മെട്രോ ഇനിയും കുതിക്കും.