ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും 32 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും സൗദിയിലെ ജിദ്ദ വഴിയാണ് ഇവർ കൊച്ചിയിലെത്തിയത്. രാവിലെ ജിദ്ദയിൽ നിന്നുളള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ആകെ 183 പേർ കൊച്ചിയിലെത്തിയത്. ഇവരിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള 121 പേരുമുണ്ട്. രണ്ട് മലയാളികൾ ഉൾപ്പെടെ മുപ്പതുപേർ ക്വാറന്റൈനിലാണ്.തിരിച്ചെത്തിയ മലയാളികളിൽ 30 പേരെയും നോർക്ക അധികൃതർ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. 16 പേരെ പ്രത്യേക വാഹനത്തിലാണ് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേയ്ക്ക് അയച്ചത്. നോർക്കയുടെ എറണാകുളം സെന്റർ മാനേജർ രജീഷിന്റെ നേതൃത്വത്തിൽ വൈശാഖ്, മനോജ്, ഷിജി, രജനി, സുഭിക്ഷ, സജ്ന, സാദിയ തുടങ്ങിയ എട്ടംഗ സംഘമാണ് യാത്രക്കാരെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.അതേസമയം, സുഡാനിൽ സൈന്യവും അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ് ) തമ്മിൽ ആരംഭിച്ച പോരാട്ടം മൂന്നാം ആഴ്ചയിലേക്ക് കടന്നു. ഏപ്രിൽ 15ന് ആരംഭിച്ച പോരാട്ടങ്ങൾക്കിടെ മരിച്ച സാധാരണക്കാരുടെ എണ്ണം 500 കടന്നു. തലസ്ഥാനമായ ഖാർത്തൂമിൽ വെടിവയ്പുകൾ തുടരുന്നുണ്ട്.ഇതിനിടെ ഭക്ഷണം, ജലം, വൈദ്യുതി എന്നിവയുടെ ലഭ്യത ഇല്ലാതായതോടെ പ്രദേശവാസികളടക്കം പാലായനം ചെയ്യുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന സ്ഥിതിയാണ്. പലരും ചാഡ്, ഈജിപ്റ്റ്, സൗത്ത് സുഡാൻ, എത്യോപിയ തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് അഭയം തേടുകയാണ്. യു.എന്നിന്റെ കണക്ക് പ്രകാരം സുഡാനിൽ നിന്നുള്ള 50,000 അഭയാർത്ഥികൾ ഈ രാജ്യങ്ങളിലേയ്ക്ക് കടന്നിട്ടുണ്ട്.