22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കാടുകയറി അരിക്കൊമ്പൻ ; ജിപിഎസ്‌ കോളർ പ്രവർത്തിച്ചുതുടങ്ങി
Kerala

കാടുകയറി അരിക്കൊമ്പൻ ; ജിപിഎസ്‌ കോളർ പ്രവർത്തിച്ചുതുടങ്ങി

ഞായർ പുലർച്ചെ രണ്ടോടെയാണ്‌ പെരിയാർ റിസർവിലെ മുല്ലക്കുടിക്ക്‌ സമീപം സീനിയർ ഓടക്കടുത്ത്‌ അരിക്കൊമ്പനേയുംകൊണ്ട്‌ വാഹനം എത്തിയത്‌. കുഴികൾ നികത്തിയും ചെളിയിൽ മണ്ണിട്ടും മുമ്പിൽ ജെസിബി. തേക്കടിയിൽനിന്ന്‌ 18 കി. മീ. ഏതാനും മീറ്റർകൂടി പിന്നിട്ട്‌ വലിയ മൺതിട്ടചേർത്ത്‌ വാഹനം നിർത്തി. തിട്ടയ്‌ക്കുമേൽ വിശാല വനമേഖല. സമയം 5.15. വാഹനത്തിൽ ആനയെ ബന്ധിച്ചിരുന്ന കയർ അഴിച്ച്‌, വിലങ്ങുതടിയും മാറ്റി അഞ്ചുപേർ പിന്നിലേക്ക്‌. ശനിയാഴ്‌ച പെയ്‌ത മഴയിൽ ആനയുടെ ശരീരം തണുത്തിരുന്നു. ചിന്നക്കനാലിൽവച്ച്‌ മദപ്പാടുള്ള ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയതിന്റെ പഴക്കമുള്ള മുറിവുണ്ടായിരുന്നു. ഇറക്കിവിടും മുമ്പ്‌ പ്രതിരോധ കുത്തിവയ്‌പ്പ്‌ നൽകി. മയക്കം പൂർണമായി വിട്ടുമാറാത്ത അരിക്കൊമ്പൻ ഭാവവ്യത്യാസമില്ലാതെ താഴെഭാഗത്തേക്ക്‌ പോയി. അകമ്പടിയായി വന്ന 26 വാഹനങ്ങളിലെ ഉദ്യോഗസ്ഥർ വിവിധയിടങ്ങളിൽ വനമേഖലകളിൽ നിലയുറപ്പിച്ചു. രാവിലെ ആറരയോടെ അരിക്കൊമ്പൻ ദൗത്യം പൂർത്തിയാക്കി.

ഇറക്കിവിട്ട മേഖലയ്‌ക്ക്‌ രണ്ടു കിലോമീറ്റർ പരിധിയിൽ അരിക്കൊമ്പന്റെ സാന്നിധ്യം ഉള്ളതായി കഴുത്തിൽ ഘടിപ്പിച്ച ജിപിഎസ്‌ സിഗ്‌നൽവഴി രാവിലെ പത്തോടെ വനപാലകർക്ക്‌ വിവരം ലഭിച്ചു. അരിക്കൊമ്പന്റെ യാത്ര, നിൽക്കുന്ന മേഖല, അവിടുത്തെ കാലാവസ്ഥ തുടങ്ങിയവ അറിയാനാവും. പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെയും വെറ്ററിനറി ഡോക്ടറുടെയും നേതൃത്വത്തിലാണ്‌ നിരീക്ഷണം. ജിപിഎസ്‌ ബാറ്ററിക്ക്‌ അഞ്ചുവർഷത്തിലേറെ ചാർജ്‌ നിൽക്കും. രാജ്യാന്തര സംഘടനയായ വേൾഡ്‌ വൈൽഡ്‌ ലൈഫ്‌ ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള റേഡിയോ കോളർ, അസമിൽനിന്ന്‌ അഞ്ച്‌ ലക്ഷം രൂപയ്‌ക്കാണ്‌ വനംവകുപ്പ്‌ വാങ്ങിയത്‌. സാറ്റലൈറ്റ്‌ ഫോണായും പ്രവർത്തിക്കും. സാറ്റലൈറ്റ്‌ പരിധിയിലെല്ലാം ആനയുടെ വിവരം ലഭ്യമാകും. പുതിയ സ്ഥലവുമായി ഇടപഴകാനും പൊരുത്തപ്പെടാനും അരിക്കൊമ്പന്‌ സമയമെടുക്കുമെന്ന്‌ ദൗത്യസംഘം പറഞ്ഞു. ഉൾവനത്തിൽ തുറന്നുവിട്ടതിനാൽ ജനവാസമേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്കുകൂട്ടൽ

Related posts

ശസ്ത്രക്രിയ : അടൂരിൽ വില്ലേജ് ഓഫിസർ മരിച്ചു ; ഡോക്ടർക്കു സസ്പെൻഷൻ .

Aswathi Kottiyoor

നിർമാണ മേഖലയിൽ നിയമനിർമാണം പരിഗണിക്കും: മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor

വാർഷികാഘോഷവും യാത്രയയപ്പും നൽകി.* *കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ 58ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

WordPress Image Lightbox