26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • നാട്ടിടവഴികളും നഗരവീഥികളും തൃശൂരിലേക്ക്‌ ; ഇടവേളയില്ലാത്ത 36 മണിക്കൂർ പൂരാരവം
Kerala

നാട്ടിടവഴികളും നഗരവീഥികളും തൃശൂരിലേക്ക്‌ ; ഇടവേളയില്ലാത്ത 36 മണിക്കൂർ പൂരാരവം

പൂരനഗരിയുണർന്നു. ഇനി നാട്ടിടവഴികളും നഗരവീഥികളും തൃശൂരിലേക്ക്‌. ഇനിയെങ്ങും പൂരം മാത്രം. ഇടവേളകളില്ലാത്ത 36 മണിക്കൂർ. പൂരങ്ങളുടെ പൂരത്തിന്‌ വിളംബരമായി ശനിയാഴ്‌ച പകൽ 12.16ന്‌ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. നെയ്‌തലക്കാവ് വിഭാഗത്തിനുവേണ്ടിഎറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറന്ന്‌ പുറത്തേക്കിറങ്ങി. ശിവകുമാർ തുമ്പി ഉയർത്തിയതോടെ പുഷ്‌പവൃഷ്‌ടിയോടെ ജനങ്ങൾ ആർപ്പുവിളിച്ചു. ഞായറാഴ്‌ചയാണ്‌ പൂരം.
തേക്കിൻകാട്ടിൽ നിറഞ്ഞ ജനക്കൂട്ടത്തിന്റെ ശ്രദ്ധയെല്ലാം ശനിയാഴ്‌ച രാവിലെമുതൽ തെക്കേഗോപുര നടയിലേക്കായിരുന്നു. പൂരവിളംബരംകുറിച്ച്‌ എറണാകുളം ശിവകുമാർ നട തുറന്നപ്പോൾ, ആ മനോഹര ദൃശ്യം പകർത്താൻ മൊബൈലുകളുമായി ആയിരക്കണക്കിന്‌ കൈകളുയർന്നു.

രാവിലെ കുറ്റൂർ നെയ്‌തലക്കാവ് ക്ഷേത്രത്തിൽനിന്ന്‌ എഴുന്നള്ളിപ്പ്‌ തുടങ്ങി. ചെമ്പിശേരി മേൽപ്പാലം കടന്ന്‌, വിയ്യൂർ, ഷൊർണൂർ റോഡ്‌വഴി പാറമേക്കാവ്‌ ക്ഷേത്രത്തിൽ പ്രവേശിച്ചു. മണികണ്‌ഠനാലിൽനിന്ന്‌ കിഴക്കൂട്ട്‌ അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക്‌. ശ്രീമൂലസ്ഥാനത്തിനു താഴെ പാണ്ടി കൊട്ടിക്കയറിയപ്പോൾ മിനിപൂരമായി മാറി. പടിഞ്ഞാറേ ഗോപുരം കടന്ന്‌ നിലപാടുതറയിലേക്ക്‌. വടക്കുന്നാഥൻ ക്ഷേത്രം വലംവച്ചശേഷം, തെക്കേ ഗോപുര വാതിൽ തുറന്നു. ശിവകുമാർ മൂന്നുതവണ തുമ്പി ഉയർത്തി ജനങ്ങൾക്ക്‌ അഭിവാദ്യമേകി. ഇതോടെ തട്ടകം ആർപ്പുവിളികളാൽ മുഖരിതമായി.

പൂരത്തിന്‌ മുന്നോടിയായി വൈദ്യപരിശോധനയ്‌ക്ക്‌ വൈകിട്ട്‌ ആനകൾ നിരന്നതോടെ തേക്കിൻകാട്‌ ആനക്കാടായിമാറി. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും പൂരപ്പന്തലുകളും ദീപാലംകൃതമായതോടെ നഗരം പൂരലഹരിയിലാണ്ടു. ഞായറാഴ്‌ച രാവിലെ ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പ്‌. തുടർന്ന്‌ തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും. വൈകിട്ട്‌ തെക്കോട്ടിറക്കവും വർണക്കുടമാറ്റവും നടക്കും. തിങ്കളാഴ്‌ച പുലർച്ചെയാണ്‌ വെടിക്കെട്ട്‌.

Related posts

മണിപ്പുരിന്റെ ദക്ഷിണഭാഗവും മിസോറമും ചേർത്ത്‌ വിശാല ആദിവാസി സംസ്ഥാനം ; ശക്തിയാര്‍ജ്ജിച്ച് ‘ഗ്രേറ്റർ മിസോറം’വാദം

Aswathi Kottiyoor

ബഫർസോൺ: സംസ്ഥാന സർക്കാർതന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ വനംമന്ത്രി

Aswathi Kottiyoor

അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി കരാർ ജീവനക്കാരുടെ ശമ്പള നിരക്ക് പുതുക്കി

Aswathi Kottiyoor
WordPress Image Lightbox