ഇരിട്ടി: ഉച്ചകഴിഞ്ഞാൽ നാമമുച്ചരിക്കാൻ പാടില്ലെന്ന വിശ്വാസമുള്ള കണ്ണൂർ ജില്ലയിലെ പ്രശസ്ത ദേവീക്ഷേത്രമായ മുണ്ടയാം പറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിലെ മേടത്തിറ മഹോത്സവത്തിൽ പങ്കാളികളാവാൻ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് വ്യാഴാഴ്ചയാണ് തുടക്കമായത്. ഉത്സവത്തിലെ പ്രധാന ദിവസമായ വെള്ളിയാഴ്ച പുലർച്ചെ മുതൽക്കുതന്നെ ജനങ്ങളുടെ ഒഴുക്ക് ക്ഷേത്രത്തിലേക്ക് ആരംഭിച്ചു. മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിലെ വടകര ഭാഗത്തുനിന്നുമുള്ള ജനങ്ങളാണ് ഏറെയും ഇവിടെ എത്തിച്ചേരുന്നത്. ഇവിടേക്കെത്തിച്ചേരുന്ന റോഡുകളിലെല്ലാം വാഹന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇരിട്ടി, കരിക്കോട്ടക്കരി എസ് എച്ച് ഒ മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഗതാഗത നിയന്ത്രത്തിന് നേതൃത്വം നൽകിയത്.
ഉച്ചക്ക് 2 മണിയോടെ മേടത്തിറ മഹോത്സവത്തിലെ പ്രധാന ചടങ്ങായ കുണ്ടുങ്കര ചോറുകോരൽ നടന്നു. പലർച്ചെ അറിവിലാൻ ദൈവത്തിൻ തിറ, വൈകുന്നേരം വലിയ തമ്പുരാട്ടിത്തിറ എന്നിവ നടന്നു. ഇന്ന് രാവിലെ ചെറിയ തമ്പുരാട്ടിടത്തിറക്കുശേഷം ഉച്ചയോടെ ഉത്സവം സമാപിക്കും.