24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വൈദ്യുതി സർചാർജ് പിരിക്കാൻ ഇനി കമ്മിഷന്റെ അനുമതി വേണ്ട
Kerala

വൈദ്യുതി സർചാർജ് പിരിക്കാൻ ഇനി കമ്മിഷന്റെ അനുമതി വേണ്ട

വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ തന്നെ വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾക്ക് ഇനി മുതൽ ഓരോ മാസവും ഉപയോക്താക്കളിൽ നിന്നു സ്വന്തം നിലയിൽ സർചാർജ് പിരിക്കാം. ഇത് യൂണിറ്റിന് പരമാവധി 20 പൈസ ആയിരിക്കും. ഇതിൽ കൂടുന്ന സാഹചര്യം വന്നാൽ ശേഷിക്കുന്ന തുക അടുത്ത മാസം പിരിക്കാം. അടുത്ത മാസവും 20 പൈസയിൽ കൂടാൻ പാടില്ല. 6 മാസം കൊണ്ടു സർചാർജ് തുക പൂർണമായും പിരിച്ചെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ റഗുലേറ്ററി കമ്മിഷനെ സമീപിക്കണം. തുടർന്ന് എന്തു വേണമെന്നു കമ്മിഷൻ തീരുമാനിക്കും. ഇതിനു നിയമ സാധുത നൽകുന്ന കരടുചട്ടങ്ങൾ റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു. പുതിയ പരിഷ്കാരം ജൂണിൽ നിലവിൽ വരും.

പ്രസരണ ലൈനുകളും സബ്സ്റ്റേഷനുകളും സ്ഥാപിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനുള്ള വ്യവസ്ഥയും കരടുചട്ടങ്ങളിൽ ഉണ്ട്. കേരളത്തിൽ ഇതുവരെ ഈ മേഖല സ്വകാര്യവൽക്കരിച്ചിട്ടില്ല. സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന പദ്ധതിച്ചെലവിനെക്കാൾ അധികം വരുന്ന തുകയ്ക്കുള്ള പദ്ധതികൾ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാമെന്നാണ് കരടുചട്ടങ്ങളിൽ പറയുന്നത്. ലാഭകരമായി പദ്ധതി നടപ്പാക്കുന്നവർക്ക് ടെൻഡർ വിളിച്ചു നൽകും. സംസ്ഥാന സർക്കാർ നയ തീരുമാനം എടുക്കുന്ന മുറയ്ക്കേ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകൂ എന്നു പറയുന്നുണ്ടെങ്കിലും ആരെങ്കിലും കോടതിയെ സമീപിച്ചാൽ അനുവദിക്കേണ്ടി വരും.

വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതിന് ബോർഡിന് ചെലവാകുന്ന അധിക തുകയുടെ കണക്ക് 3 മാസം കൂടുമ്പോഴാണ് ഇപ്പോൾ റഗുലേറ്ററി കമ്മിഷനു സമർപ്പിക്കുന്നത്. ഇത് കമ്മിഷൻ പരിശോധിച്ച് തെളിവെടുപ്പു നടത്തി നിശ്ചിത തുക സർചാർജ് ആയി പിരിക്കാൻ അനുമതി നൽകുന്നു. ഇതിനു പകരം എല്ലാ മാസവും ഈ കണക്കുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ബോർഡ് ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾക്ക് പിരിച്ചെടുക്കാമെന്നും സാമ്പത്തിക വർഷത്തിന്റെ അവസാനം റഗുലേറ്ററി കമ്മിഷൻ കണക്ക് പരിശോധിച്ചാൽ മതി എന്നുമാണ് സമീപകാലത്ത് കേന്ദ്ര ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി. ഇതു മേയ് അവസാനം നിലവിൽ വരേണ്ടതാണ്. ഇവിടെ ജൂൺ ഒന്നു മുതൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്.

പ്രസരണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതിനു ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് കഴി‍ഞ്ഞ ഡിസംബറിൽ സുപ്രീം കോടതി വിധിച്ചിരുന്നു. 3 മാസമാണ് കോടതി അനുവദിച്ചത് എങ്കിലും ഉത്തരവ് നടപ്പാക്കാൻ വൈകി. കരടു ചട്ടങ്ങൾ സംബന്ധിച്ച് ഉപയോക്താക്കൾക്കു റഗുലേറ്ററി കമ്മിഷനെ അഭിപ്രായം അറിയിക്കാം. അതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ തെളിവെടുപ്പ് നടത്തും. തുടർന്ന് ജൂൺ ഒന്നിനു മുൻപ് അന്തിമ ചട്ടം വിജ്ഞാപനം ചെയ്യും

Related posts

ബുധനാഴ്ച കൊവിഡ് വാക്സിനേഷന്‍ 110 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

ഓപറേഷൻ ജാഗ്രത, ഓപ്പറേഷൻ ക്ഷമത: ഉദ്ഘാടനം മാർച്ച് 15ന്

Aswathi Kottiyoor

കോവിഡ് കേസുകളിലെ വർധന; പ്രധാനമന്ത്രിയുടെ നിർണായക യോഗം വ്യാഴാഴ്ച

Aswathi Kottiyoor
WordPress Image Lightbox