കൊച്ചി ∙ പൊതുമേഖലയായി നടിച്ചു കരാറുകൾ കൂടിയ നിരക്കിൽ സ്വന്തമാക്കും, എന്നിട്ടു സ്ഥിരമായി നടത്തുന്നതു സ്വകാര്യ താൽപര്യ സംരക്ഷണം. വ്യവസായത്തിനു പകരം വാണിജ്യം (ട്രേഡിങ്) തുടങ്ങിയതു മുതൽ കെൽട്രോൺ പതിറ്റാണ്ടുകളായി ചെയ്യുന്നത് ഇതാണെന്ന് സ്ഥാപനവുമായി ഇടപെട്ടിട്ടുള്ള വിദഗ്ധർ പറയുന്നു.
ഇടപാടുകളിൽ കെൽട്രോൺ 10–15% ലാഭം കണക്കുകളിൽ കാണിക്കുന്നു. ന്യായമായ ലാഭമായതിനാൽ ചോദ്യം ചെയ്യപ്പെടില്ല. പക്ഷേ, അതിന്റെ മറവിൽ കോടികൾ കൈമറിഞ്ഞിരിക്കും. കരാർ തുക യഥാർഥത്തിൽ ആവശ്യമായതിന്റെ പല മടങ്ങാണ് കെൽട്രോൺ ക്വോട്ട് ചെയ്യുക. പൊതുമേഖലയുടെ പേരിൽ മത്സരമില്ലാത്ത ടെൻഡറിലൂടെ അതിന് അംഗീകാരവും ലഭിക്കുന്നു.
വർഷങ്ങൾക്കു മുൻപു സംസ്ഥാനമാകെ വോട്ടർ ഐഡി കാർഡുകൾ വിതരണം ചെയ്യാൻ കെൽട്രോൺ കരാർ സ്വന്തമാക്കിയത് ഉദാഹരണം. ഐഡി കാർഡ് ഒന്നിന് 18 രൂപയാണ് കെൽട്രോൺ ചോദിച്ചത്. തമിഴ്നാട്ടിൽ 9 രൂപ മാത്രമായിരുന്നു.
കെൽട്രോണിന്റെ നിരക്കു കൂടുതലാണെന്നു തോന്നിയതിനാൽ അവരുടെ ഇടപാട് പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. ന്യായമായ ലാഭം എടുത്ത ശേഷം കാർഡ് ഒന്നിന് എങ്ങനെ 18 രൂപ ചെലവ് വരുന്നുവെന്നു വിശദമായി കാണിക്കാൻ സമിതി നിർദേശിച്ചു.
അവർ നൽകിയ കണക്കുകളെല്ലാം പെരുപ്പിച്ചതായിരുന്നു. ഡിജിറ്റൽ പ്രിന്ററുകൾ മുതൽ എ4 സൈസ് കടലാസിനു വരെ വിപണിയിലുള്ളതിന്റെ മൂന്നിരട്ടി വിലയാണിട്ടത്. നിരക്ക് കാർഡൊന്നിന് 10 രൂപയെങ്കിലും കൂടുതലാണെന്നു വ്യക്തമായി. വോട്ടർമാർ ഒന്നര കോടിയിലേറെ. അത്രയും കാർഡുകൾക്ക് 10 രൂപ വീതം ലാഭം കിട്ടുമ്പോൾ 15–18 കോടി രൂപ ആരുടെയൊക്കെയോ പോക്കറ്റുകളിലേക്കു പോകുന്നുണ്ടെന്നു വ്യക്തമായിരുന്നു.
സമിതിയുടെ വിലയിരുത്തൽ എതിരാണെന്നു കണ്ടപ്പോൾ വ്യവസായ വകുപ്പിലെ ഉത്തരേന്ത്യൻ ഉന്നതൻ ഇടപെട്ടു–പൊതുമേഖലയുടെ താൽപര്യത്തിന് എതിരു നിൽക്കരുത്! ഇതു പൊതുമേഖലയുടെ താൽപര്യമല്ല, സ്വകാര്യ താൽപര്യമാണെന്നു പറഞ്ഞുവെന്നു സമിതിയിലെ വിദഗ്ധൻ ചൂണ്ടിക്കാട്ടി. തട്ടിപ്പ് വെളിച്ചത്തായതോടെ നിരക്ക് 10 രൂപയിലും താഴ്ത്തേണ്ടി വന്നു.
നേടിയ കരാർ നടത്തിക്കൊടുക്കുന്നതിനു പകരം കെൽട്രോൺ ഇടനില നിൽക്കുക മാത്രമാണു ചെയ്യുന്നത്. കരാർ പലർക്കായി മറിച്ചു കൊടുക്കുന്നു. മിക്കപ്പോഴും ടെൻഡർ നടപടികൾ ആരംഭിക്കും മുൻപുതന്നെ അതു നടത്തേണ്ട സ്വകാര്യ കമ്പനികൾ ഏതൊക്കെയെന്നും അതിലൂടെ വരാവുന്ന കൊള്ളലാഭം എത്രയെന്നും നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരിക്കും.
സോഫ്റ്റ്‌വെയർ വാങ്ങലിൽ ഇതു കുറെക്കാലം കെൽട്രോൺ നടത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളുടെ കമ്പനികൾ വഴിയാണ് സോഫ്റ്റ്‌വെയർ വാങ്ങുന്നതെന്നു മാത്രം.