വാട്ടർമെട്രോ സംസ്ഥാനത്തിന്റെയാകെ വികസനത്തെ മുന്നില്‍ കണ്ടുള്ള പദ്ധതിയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. മെട്രോയെപ്പറ്റി വരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും കേരള സര്‍ക്കാരിന്റെ സ്വന്തം സ്വപ്‌ന പദ്ധതിയാണ് വാട്ടര്‍ മെട്രോ എന്നും മന്ത്രി പറഞ്ഞു.
വാട്ടർമെട്രോ കൊച്ചിയുടെ ജീവിതത്തെ എത്ര മാത്രം മെച്ചപ്പെടുത്തുമെന്ന് ആദ്യദിനത്തെ അനുഭവം തന്നെ വ്യക്തമാക്കുന്നു. പത്തു ദ്വീപുകളുമായി ബന്ധപ്പെടുത്തുന്ന വാട്ടർ മെട്രോക്ക് നേതൃത്വം നൽകാൻ കെ എം ആർ എൽ വേണമെന്ന് സർക്കാർ നിശ്ചയിക്കുമ്പോൾ കടമ്പകളേറെയായിരുന്നു. കേന്ദ്ര സർക്കാർ ഫണ്ട് നൽകില്ലെന്നും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിന് കെ എം ആർ എല്ലിന് തടസങ്ങളില്ലെന്നുമായിരുന്നു യൂണിയൻ ഗവൺമെന്റിന്റെ നിലപാട്. ആ വ്യവസ്ഥ അംഗീകരിച്ചു കൊണ്ടാണ് സംസ്ഥാനം പദ്ധതി നടപ്പിലാക്കിയത്. കൊച്ചി വാട്ടർ മെട്രോയ്ക്ക് 1136.83 കോടി രൂപയാണ് ചെലവ്. ഈ തുകയിൽ ജർമൻ ഫണ്ടിങ് ഏജൻസിയായ കെ എഫ് ഡബ്യുവിന്റെ വായ്‌പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നുണ്ട്.
ഇതിനായുള്ള ആധുനിക ബോട്ട് നിർമ്മിക്കാനുള്ള കരാർ കൊച്ചി കപ്പൽശാലക്ക് നൽകി. ഒറ്റയടിക്ക് ഇത്രയും ആധുനിക ബോട്ടുകളുടെ ഓർഡർ കപ്പൽശാലക്ക് ലഭിക്കുന്നത് ആദ്യമായാണ്. ലോകത്ത് ആദ്യമായാണ് ഇത്രയും സൗകര്യങ്ങളുള്ള, റിന്യൂവബിൾ എനർജി ഉപയോഗിക്കുന്ന ബോട്ടുകളെ ഉപയോഗപ്പെടുത്തുന്ന സംയോജിത ഗതാഗത സംവിധാനം വരുന്നത്.
വാട്ടർ മെട്രോയുടെ നടത്തിപ്പ് സംസ്ഥാന സർക്കാരും കെ എം ആർ എല്ലും ഉൾപ്പെടുന്ന പുതിയ കമ്പനിയുടെ നിയന്ത്രണത്തിലാണ്. ചീഫ് സെക്രട്ടറി ചെയർമാനും കെ എം ആർ എൽ മാനേജിംഗ് ഡയറക്‌ടർ എംഡിയുമായ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിലെ ഏഴു ഡയറക്‌ടർ ബോർഡ് അംഗങ്ങളിൽ ചെയർമാനടക്കം അഞ്ചു പേർ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളും എംഡിയടക്കം രണ്ടു പേർ കെ എം ആർ എല്ലിന്റെ പ്രതിനിധികളുമാണ്. അതിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധികൾ ഇല്ല. ദ്വീപുകളിലെ സാധാരണക്കാർക്ക് ഏറ്റവും ആധുനിക യാത്രാ സൗകര്യം നൽകുന്ന വാട്ടർ മെട്രോ ടൂറിസത്തിനും വലിയ കുതിപ്പേകും. മന്ത്രി ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു
വാട്ടർ മെട്രോ കേന്ദ്ര പദ്ധതിയാണെന്നും സംസ്ഥാന സർക്കാരിന്റെ വിഹിതം പൂജ്യമാണെന്നുമുള്ള വാര്‍ത്ത പ്രചരിപ്പിക്കുന്ന പോസ്റ്റുകൾക്കൊപ്പം ആധികാരികമെന്ന പ്രതീതി സൃഷ്‌ടിക്കാൻ പ്രമുഖ പത്രങ്ങളുടെ ലിങ്കുമുണ്ട്. അത് തുറന്ന് നോക്കിയാൽ വാട്ടർ മെട്രോക്ക് കേന്ദ്ര അനുമതി എന്ന തലക്കെട്ട് കാണാം. വാർത്തയുടെ തുടക്കത്തില്‍ പാരിസ്ഥിക അനുമതി നൽകിയതിന്റെ വിശദാംശങ്ങളുണ്ട്. അതാണ് കേന്ദ്ര പദ്ധതി എന്ന് സ്ഥാപിക്കാനായി ഉപയോഗിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.