സംസ്ഥാനത്തെ റോഡ് അപകടങ്ങൾ കുറയ്ക്കാൻ ആവിഷ്കരിച്ച സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കെൽട്രോൺ. ജിഎസ്ടി ഉൾപ്പെടെയുള്ള ആകെ തുകയാണ് 232.5 കോടി. ഇതിൽ 726 എഐ കാമറ യൂണിറ്റുകൾ സ്ഥാപിക്കാനുള്ള നിർമാണച്ചെലവ് 165 കോടിയാണ്. അഞ്ചുവർഷത്തേക്കുള്ള പ്രവർത്തനച്ചെലവ് 56 കോടി രൂപയും. ജിഎസ്ടി തുകകൂടി ഉൾപ്പെടുമ്പോൾ ഇത് 66 കോടി രൂപയാകും.
വിവിധ കൺട്രോൾ യൂണിറ്റുകളിലെ 146 ജീവനക്കാർക്കുള്ള ശമ്പളം, ഇന്റർനെറ്റ് കണക്ടിവിറ്റി ചാർജ്, വൈദ്യുതി ചാർജ്, ഒരുവർഷം 25 ലക്ഷം ചെലാൻ എന്ന കണക്കിൽ അഞ്ചുവർഷത്തേക്കുള്ള അവയുടെ പ്രിന്റിങ്, എൻഫോഴ്സ്മെന്റ് വാഹനങ്ങളുടെ ചെലവ് എന്നിവ പ്രവർത്തനച്ചെലവിൽ ഉൾപ്പെടും. ട്രാഫിക് എൻഫോഴ്സ്മെന്റ് മേഖലയിൽ കെൽട്രോണിന്റെ പരിചയവും ഇലക്ട്രോണിക്സ് എൻജിനിയറിങ് പരിജ്ഞാനവും ഉപയോഗപ്പെടുത്തിയാണ് ഓരോ റോഡുകൾക്കും ആവശ്യമായ എൻഫോഴ്സ്മെന്റ് സംവിധാനം രൂപപ്പെടുത്തിയത്. ടെൻഡറിൽ നാല് കമ്പനി പങ്കെടുത്തു. ഒരു കമ്പനി സാങ്കേതിക യോഗ്യതാ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കപ്പെട്ടു. ബാക്കിയുള്ള മൂന്ന് കമ്പനിയിൽനിന്നും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയെയാണ് തെരഞ്ഞെടുത്തതെന്നും അധികൃതർ പറഞ്ഞു.