മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ച് കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേരള പൊലീസ്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണ് മൊബൈല്‍ ഫോണുകളെന്നും കരുതലോടെ ഉപയോഗിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഫോൺ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രശ്നങ്ങള്‍ കണ്ടു തുടങ്ങിയാല്‍ എന്തു ചെയ്യണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
കേരളാ പൊലീസ് ഫെയ്‌സ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു എട്ടുവയസ്സുകാരി മരണപ്പെട്ട വാർത്ത ഏറെ വേദനയോടെയാണ് നമ്മൾ കേട്ടത്. അതെ.. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈൽ ഫോണുകൾ. കുഞ്ഞുങ്ങൾക്കു കൊടുക്കുമ്പോൾ മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ ശ്രദ്ധിക്കേണ്ടതായി ഒട്ടേറെ കാര്യങ്ങളുണ്ട്. അപകടം വരുന്നതിനു മുൻപു മൊബൈൽ ഫോൺ തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ തരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം എന്നുമാത്രം.
പോസിറ്റീവ് – നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം– അയൺ ബാറ്ററികളാണ് സ്‌മാർട്ട്ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാൽ അത് ഫോണിനെ മുഴുവൻ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാൽ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാർജ് പെട്ടെന്ന് തീരുന്നു, ചാർജ് കയറാൻ താമസം എന്നിവയാണ് മൊബൈൽ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യം ലഭിക്കുന്ന സൂചന. മൊബൈൽ ഫോണുകൾ താഴെ വീഴുമ്പോൾ ചെറുതോ വലുതോ ആയ തകരാർ അതിന് സംഭവിക്കുന്നുണ്ട്. താഴെ വീണാൽ മൊബൈൽ ഒരു സർവീസ് സെന്ററിൽ കൊടുത്ത് പരിശോധിച്ച് പ്രശ്‌നമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയേ വീണ്ടും ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ ഫോണിലുണ്ടായ നേരിയ വിള്ളലോ പൊട്ടലോ വഴി വെള്ളം അല്ലെങ്കിൽ വിയർപ്പ് തുടങ്ങിയവ ബാറ്ററിയിലേക്ക് പ്രവേശിക്കാൻ കാരണമാകും. അത് ഡിസ്പ്ലേയിലൂടെയോ ഫോണിന്റെ മറ്റ് ഭാഗങ്ങളിലൂടെയോ ആകാം. അതുകൊണ്ടു തന്നെ തകരാർ വന്ന മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്