ഹൈക്കോടതി ടെർമിനലിലെ മൂന്ന് പോണ്ടൂണുകളിലായി നിരന്ന് ജല മെട്രോയുടെ അഴീക്കൽ, കൊല്ലം, നീലേശ്വരം യാത്രാബോട്ടുകൾ. വൈറ്റിലയിലെ കൺട്രോൾ റൂമിൽനിന്നുള്ള അഭ്യർഥനയ്ക്ക് തുറമുഖ ട്രസ്‌റ്റ് നൽകിയ അനുമതിക്കുപിന്നാലെ ചാനൽ 15ലൂടെ കന്നിയാത്രയ്‌ക്ക് ഒരുക്കം പൂർത്തിയാക്കി മൂന്ന് ബോട്ടുകളിൽനിന്നും നീണ്ട സൈറൺ. അടുത്തനിമിഷം വിശിഷ്‌ടാതിഥികൾ ഉൾപ്പെടെ യാത്രികരുമായി ഓളപ്പരപ്പിലേക്ക് ഒഴുകിയിറക്കം. ബോൾഗാട്ടി തീരത്തോളം നീണ്ട ആദ്യ ഔദ്യോഗികയാത്ര പൂർത്തിയാക്കി ബോട്ടുകൾ മടങ്ങിയെത്തിയപ്പോൾ കരഘോഷത്താൽ വരവേറ്റ് കൊച്ചി കായൽത്തീരം.
തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌തതിനുപിന്നാലെയായിരുന്നു ജല മെട്രോയുടെ കന്നിയാത്ര. ഹൈക്കോടതി ടെർമിനലിലും തത്സമയം ഉദ്‌ഘാടനച്ചടങ്ങൊരുക്കി. വ്യവസായമന്ത്രി പി രാജീവ് പച്ചക്കൊടി വീശി. ഭിന്നശേഷിക്കുട്ടികളെയും അതിഥികളെയും വഹിച്ചായിരുന്നു കന്നിയാത്ര. ഉദ്‌ഘാടനച്ചടങ്ങ് പൂർത്തിയാക്കിയാണ് മന്ത്രി പി രാജീവും മറ്റു ജനപ്രതിനിധികളും അഴീക്കൽ ബോട്ടിൽ കയറിയത്.
ബോട്ട് നിയന്ത്രിക്കുന്ന വീൽഹൗസ് സന്ദർശിച്ചശേഷം നാലുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ അഭിമുഖമായി മന്ത്രിക്കൊപ്പം ഹൈബി ഈഡൻ എംപി, മേയർ എം അനിൽകുമാർ, എംഎൽഎമാരായ കെ ജെ മാക്‌സി, കെ എൻ ഉണ്ണിക്കൃഷ്‌ണൻ, ടി ജെ വിനോദ്, ആന്റണി ജോൺ, കെ ബാബു എന്നിവർ. കൊച്ചി ലോകോത്തരമാകുകയാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച് മന്ത്രി പി രാജീവ്. തിരുവനന്തപുരത്തുനിന്ന് എത്തുന്ന വന്ദേഭാരതിന്റെ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ യാത്ര അധികം നീട്ടേണ്ടെന്ന് ഹൈബി.
ബോൾഗാട്ടി ടെർമിനലിനുസമീപത്തുനിന്ന് മടക്കയാത്ര തുടങ്ങുമ്പോൾ പുറംകാഴ്ചകളുടെ സൗന്ദര്യം ആസ്വദിക്കുന്ന തിരക്കിലായി എല്ലാവരും. ബോട്ടുയാത്രപോലെ സൗകര്യപ്രദവും കൗതുകകരവുമാണ് ടെർമിനിലെ കാഴ്‌ചയും. ടിക്കറ്റ് കൗണ്ടർ, എഎഫ്‌സി ഗേറ്റ് എന്നിവ കടന്നാൽ വിശാലമായ കാത്തിരിപ്പുകേന്ദ്രം. ബോട്ടിനെയും ജെട്ടിയെയും സമനിരപ്പിൽ ചേർക്കുന്ന പോണ്ടൂണിലൂടെ റാമ്പിറങ്ങി പ്രവേശിക്കുന്നത് ജല മെട്രോയുടെ വിശാലമായ പ്ലാറ്റ്‌ഫോമിൽ. പുഷ് ബട്ടൺ ഞെക്കി തുറക്കുന്ന ശീതീകരിച്ച മുറിയിൽ 40 ഇരിപ്പിടങ്ങൾ. ഇരുവശത്തും കായൽക്കാഴ്ചകളിലേക്ക് തുറക്കുന്ന വലിയ ചില്ലുജനലുകൾ. രണ്ട് ഇരിപ്പിടങ്ങൾ മുലയൂട്ടൽസൗകര്യത്തോടെയും ഒരുക്കിയിട്ടുണ്ട്.
ബുധൻ രാവിലെ ഏഴിനാണ് ഹൈക്കോടതി ടെർമിനലിൽനിന്ന് വൈപ്പിനിലേക്കുള്ള ജല മെട്രോയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് തുടങ്ങുന്നത്. വൈറ്റിലയിൽനിന്ന് കാക്കനാട്ടേക്കുള്ള സർവീസ് വ്യാഴാഴ്ച ആരംഭിക്കും.