സംസ്ഥാനത്തുനിന്നുള്ള ആയിരം കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ ഈ വർഷം ഓൺലൈൻ വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ്. കേരളാഗ്രോ എന്ന ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ നൂറ് ഉൽപ്പന്നങ്ങൾ ഓൺലൈനായി വിൽക്കാനാണ് ആലോചിച്ചത്. ഇതിനോടകം 131 മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു. ഭൗമസൂചികാപദവി ലഭിച്ച കാർഷികവിളകളുടെ ഉൽപ്പന്നങ്ങൾകൂടി ഓൺലൈൻ വിപണിയിൽ എത്തിക്കും. ഉൽപ്പന്നങ്ങൾ ആകർഷകമായ പാക്കറ്റുകളിലാക്കുന്നതിന് മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ്ങിന്റെ സഹായവും തേടിയിട്ടുണ്ട്.
കൃഷിവികസനത്തിന് ഒരു കൃഷിഭവനിൽ 10 ഫാം പ്ലാനുകൾ എന്ന അടിസ്ഥാനത്തിൽ 10,760 ഫാം പ്ലാനുകൾ തയ്യാറാക്കി. കാർഷികമേഖലയെ മൂല്യവർധിതകൃഷിയിലേക്ക് മാറ്റാൻ മൂല്യവർധിത കമീഷന് രൂപംകൊടുക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. 11 വകുപ്പുകളെ ഉൾപ്പെടുത്തിയാണ് കമീഷൻ രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളാഗ്രോയുടെ പ്രചാരണാർഥമുള്ള കിയോസ്‌കുകൾ മന്ത്രി ഉദ്‌ഘാടനം ചെയ്തു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. പദ്ധതിയുടെ പ്രചാരണാർഥം നടത്തിയ വിവിധ മത്സരത്തിലെ വിജയികൾക്ക് കൊച്ചി മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ സമ്മാനം നൽകി. കേരളാഗ്രോ എന്ന ബ്രാൻഡിൽ ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ ഇ-–-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയാണ് ഉൽപ്പന്നങ്ങൾ വിൽപ്പനയ്‌ക്ക് എത്തിക്കുന്നത്.
ഓൺലൈൻ വിപണിയെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചയ്ക്ക് കൃഷി അസിസ്‌റ്റന്റ് ഡയറക്ടർ നിർമല സിസിലി ജോർജ് നേതൃത്വം നൽകി. കൃഷിവകുപ്പ് ഡയറക്ടർ കെ എസ് അഞ്ജു, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, മുതിർന്ന കർഷക എൽസി ജോർജ്, ആർ വീണാ റാണി, ജോർജ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.