23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • വിഷുവിന് ബാക്കിവന്ന പടക്കം പൊട്ടിക്കുന്നുവെന്ന് കരുതി നാട്ടുകാർ; നാടിനു നോവായി ആദിത്യശ്രീ
Uncategorized

വിഷുവിന് ബാക്കിവന്ന പടക്കം പൊട്ടിക്കുന്നുവെന്ന് കരുതി നാട്ടുകാർ; നാടിനു നോവായി ആദിത്യശ്രീ

തിരുവില്വാമല∙ തൃശൂർ തിരുവല്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പുറത്ത്. പെൺകുട്ടിയുടെ വീട്ടിൽനിന്ന് രാത്രി പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെങ്കിലും, ‌വിഷുവിന് ബാക്കിവന്ന പടക്കം പൊട്ടിക്കുന്നുവെന്നാണെന്ന് ആദ്യം കരുതിയതെന്ന് അയൽക്കാർ പറഞ്ഞു. പിന്നീട് വീട്ടിൽനിന്ന് ബഹളം കേട്ടതോടെയാണ് ഇവർ ഓടിച്ചെന്നു നോക്കുന്നത്. കുട്ടിയുടെ മുത്തശ്ശി ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കുന്നതിനാൽ അതിന് തകരാർ സംഭവിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാൽ, വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടി പരുക്കേറ്റ് കിടക്കുന്നത് കാണുന്നത്. കുട്ടിയുടെ മുഖത്തും വലതു കയ്യിലും ഗുരുതരമായ പരുക്കുകളേറ്റിരുന്നു. അതേസമയം, ഇത്ര വലിയ അപകടത്തിനു കാരണമായെന്നു കരുതുന്ന മൊബൈൽ ഫോൺ ചിന്നിച്ചിതറി പോയിട്ടുമില്ല.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. മൊബൈൽ ഫോണിൽ കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണു പ്രാഥമിക നിഗമനം. സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി ഭക്ഷണം എടുക്കാനായി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം.

∙ ‘പടക്കം പൊട്ടിയെന്നാണ് കരുതിയത്’

ആദിത്യശ്രീയുടെ വീട്ടിൽനിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെങ്കിലും, വിഷുവിന് ബാക്കിവന്ന പടക്കം ആരോ പൊട്ടിക്കുന്നുവെന്നാണ് ആദ്യം കരുതിയതെന്ന് അയൽവാസികൾ പറയുന്നു. പിന്നീട് ബഹളം കേട്ടപ്പോഴാണ് അപകടമാണെന്ന് മനസ്സിലായത്.

‘‘ഇന്നലെ രാത്രി ഞങ്ങൾ റോഡിൽ സംസാരിച്ചു നിൽക്കുകയായിരുന്നു. മോനും രണ്ടു കൂട്ടുകാരും കുറച്ചുമാറി സംസാരിച്ചു നിൽപ്പുണ്ടായിരുന്നു. അവർ വന്നതുകൊണ്ട് ഞങ്ങൾ റോഡിലിറങ്ങിയതാണ്. പെട്ടെന്ന് ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു. ആരെങ്കിലും പടക്കം പൊട്ടിച്ചതാണെന്നാണ് ആദ്യം കരുതിയത്. ഗുണ്ടാണ് പൊട്ടിച്ചതെന്ന് തോന്നുന്നുവെന്ന് ഞാൻ മോനോടു പറയുകയും ചെയ്തു. അതു പറഞ്ഞു തീരുന്നതിനു മുൻപേ അവിടുന്ന് ഒച്ചപ്പാടും വിളിയുമൊക്കെ കേട്ടു. ഞാൻ ഉടനെ അവിടേക്ക് ഓടി. അവിടെ എത്തുമ്പോൾ അമ്മ നിലവിളിച്ച് വാതിൽ തുറന്നു. അവർ ഓക്സിജനൊക്കെ വച്ച് കിടക്കുന്നയാളാണ്. അതെങ്ങാനും പൊട്ടിത്തെറിച്ചോ എന്നാണ് ഞാൻ ആദ്യം കരുതിയത്. അമ്മയെ കണ്ടപ്പോൾ എനിക്ക് ആശ്വാസമായി. ഒന്നും സംഭവിച്ചില്ലല്ലോ എന്നായിരുന്നു എന്റെ മനസ്സിൽ.’ഞാൻ ഓടിച്ചെന്ന് അമ്മയെ പിടിച്ചപ്പോഴാണ് മോൾ അവിടെ കിടക്കുന്നത് നോക്കെന്നു പറഞ്ഞത്. എന്തെങ്കിലും ചെറിയ അപകടമാണെന്ന് കരുതി ആശുപത്രിയിൽ കൊണ്ടുപോകാൻ എടുക്കാൻ നോക്കുമ്പോഴാണ് ഞെട്ടിപ്പോയത്. ഒറ്റത്തവണ നോക്കാനേ എനിക്കായുള്ളൂ. കുഞ്ഞിന്റെ മുഖം ഉണ്ടായിരുന്നില്ല. അവളെ എവിടെയും കൊണ്ടുപോയിട്ട് ഒരു കാര്യവുമില്ലെന്ന് എനിക്ക് അപ്പോൾത്തന്നെ മനസ്സിലായി. അത്രയ്ക്കും പരുക്കായിരുന്നു മുഖത്ത്.’ – ആദിത്യശ്രീയുടെ അയൽവാസി പറഞ്ഞു.

∙ ഇനിയൊരാൾക്കും ഈ ഗതി വരരുതെന്ന് അച്ഛൻ

അതേസമയം, ഇനിയൊരാൾക്കും ഈ ഗതി വരരുതെന്നായിരുന്നു ആദിത്യശ്രീയുടെ അച്ഛൻ അശോക് കുമാറിന്റെ പ്രതികരണം. ‘‘മോളു പോയി എന്ന് വിളിച്ച് പറഞ്ഞിട്ടാണ് ഞാനും ഭാര്യയും വീട്ടിലെത്തുന്നത്. ഇവിടെയെത്തുമ്പോൾ ഞങ്ങൾക്ക് അകത്തു കയറാനായില്ല. അവിടേക്കു പോകേണ്ട എന്ന് പറഞ്ഞ് എല്ലാവരും തടഞ്ഞു. മോളുടെ അവസ്ഥ കണ്ട് എനിക്കും ഭാര്യയ്‌ക്കും ഒന്നും സംഭവിക്കേണ്ട എന്നു വിചാരിച്ചാകും അത്. അമ്മയും കുട്ടിയുമാണ് അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. അവർ കിടക്കാനായി പോയെന്നും മോൾ ഫോൺ അരികിൽ വച്ചിട്ടുണ്ടായിരുന്നുവെന്നുമാണ് പറഞ്ഞത്. ഇനി അമ്മ മാറിയ തക്കത്തിന് അവൾ ഫോൺ വീണ്ടുമെടുത്തോ എന്ന് അറിയില്ല. അമ്മയും ഈ പൊട്ടിത്തെറി കേട്ടാണ് വിവരമറിഞ്ഞത്’’ – അശോക് പറഞ്ഞു.

‘‘ഫോൺ പൊട്ടിത്തെറിച്ച സംഭവങ്ങളെക്കുറിച്ച് മുൻപു കേട്ടിട്ടുണ്ടെങ്കിലും ഒരാളുടെ മരണത്തിന് ഇടയാക്കുന്നതായി കേൾക്കുന്നത് ആദ്യമാണ്. ഇത്തരം അപകടങ്ങളിൽ കയ്യൊക്കെ പോയതായി കേട്ടിട്ടുണ്ട്. ഇന്ന് ഇത് സംഭവിച്ചത് എന്റെ മോൾക്കായതുകൊണ്ടാണ് ഞാൻ പറയുന്നത്. നാളെ മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാകരുത്. ഫോൺ സാധാരണ പോക്കറ്റിനുള്ളിൽ ഇടാറുണ്ട്. അത് പൊട്ടിത്തെറിക്കും എന്ന് വന്നാൽ എന്താകും സ്ഥിതി? എന്താണ് സംഭവിച്ചതെന്ന് എന്തായാലും കണ്ടെത്തണം. അത് കണ്ടെത്തി മറ്റുള്ളവരെ ബോധവൽക്കരിക്കാൻ അത് ഉപയോഗിക്കണം.

ഈ ഫോൺ അനിയൻ എനിക്കു തന്നതാണ്. 3–4 വർഷമായി കിട്ടിയിട്ട്. ഞാൻ‌ തന്നെയാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ഇന്ന് യാദൃച്ഛികമായി ഇവിടെ വച്ചിട്ടു പോയതാണ്. അഞ്ചരയോടെ ഞാൻ വീട്ടിൽ വന്നിരുന്നു. എനിക്ക് കൊറിയറിന്റെ ജോലിയാണ്. രണ്ടു കൊറിയർ എടുക്കാനുണ്ടായിരുന്നു. രണ്ട് ഫോൺ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഒന്ന് ഇവിടെ വച്ചതാണ്. അനിയൻ കഴിഞ്ഞ ദിവസം മാലദ്വീപിലേക്കു പോയിരുന്നു. അവൻ വിളിച്ചാൽ കിട്ടാനായി വച്ചതാണ്. വീട്ടിൽ വേറെ ഫോണില്ല. അനിയനു വീട്ടിലേക്കു വിളിക്കാൻ സൗകര്യത്തിന് വച്ചിട്ടു പോയതാണ്. രണ്ടാമത്തെ ഫോൺ ഞാൻ കൊണ്ടുപോകുകയും ചെയ്തു’’ – അശോക് പറഞ്ഞു.

Related posts

ഹോം ഹോംസ്റ്റേയിലെ കൊലപാതകം; പ്രതി എന്ന് സംശയിക്കുന്നയാൾ പിടിയിൽ

Aswathi Kottiyoor

മുസ്‌ലിം ലീഗ് നടുവനാട് ശാഖ പെരുന്നാൾ കിറ്റ് നൽകി

Aswathi Kottiyoor

അപ്പീലിൽ കുരുങ്ങി കൊല്ലം കലോത്സവം; മത്സരങ്ങളുടെ സമയക്രമത്തെ താളം തെറ്റിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor
WordPress Image Lightbox