23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോണ്‍ക്ലേവിന് തുടക്കം: സൂക്ഷ്‌മ സംരംഭങ്ങളിലും കുടുംബശ്രീ വിജയം
Kerala

കോണ്‍ക്ലേവിന് തുടക്കം: സൂക്ഷ്‌മ സംരംഭങ്ങളിലും കുടുംബശ്രീ വിജയം

കുടുംബശ്രീ സൂക്ഷ്മസംരംഭ വികസനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദ്വിദിന മൈക്രോ എന്റർപ്രൈസസ് കോൺക്ലേവിന് കളമശേരിയിൽ തുടക്കം.

നൂതനസംരംഭങ്ങൾ രൂപീകരിച്ച്‌ കുടുംബശ്രീ സംരംഭമേഖലയെ പുതിയതലത്തിലേക്ക് ഉയർത്തുന്നതിനാണ്‌ കോൺക്ലേവ്‌ സംഘടിപ്പിക്കുന്നത്‌. പ്രതിസന്ധികളെ അതിജീവിച്ച് സംരംഭമേഖലയിൽ വിജയം കൊയ്‌ത 10 സ്‌ത്രീകളുടെ അനുഭവകഥകൾ പറഞ്ഞ ടോക്‌ ഷോയോടെയാണ്‌ ശനിയാഴ്‌ച കോൺക്ലേവ്‌ ആരംഭിച്ചത്‌.

സംരംഭമേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന സ്‌ത്രീകൾക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകുന്നതായി ടോക്‌ ഷോ. സംരംഭകരായ സിന്ധു ബാലൻ, സ്മിത മോൾ, ടി എൻ ബിനിമോൾ, അമ്പിളി ഭാസ്കരൻ, വി സലില, ജോസ്മി ജയിംസ്, കെ വിജയ, വി ആർ സുനിത, പി വി മിനി, സിന്ധു ശ്രീരാജ്‌ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ പ്രോഗ്രാം മാനേജർ പ്രിയ പോൾ മോഡറേറ്ററായി.

കുടുംബശ്രീ നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സി നവീൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ––ഓർഡിനേറ്റർ ടി എം റജീന എന്നിവർ സംരംഭകരെ ആദരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ എ എസ് ശ്രീകാന്ത്, ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ ടി മണി എന്നിവർ സംസാരിച്ചു. ആയിരത്തഞ്ഞൂറിലധികം കുടുംബശ്രീ അംഗങ്ങളാണ്‌ കോൺക്ലേവിൽ പങ്കെടുക്കുന്നത്‌.

ഒന്നരലക്ഷം സംരംഭത്തിന്‌ “ഷീ സ്റ്റാർട്ട്സ്’

“ഷീ സ്റ്റാർട്ട്സ്’ പദ്ധതിയിൽ മൂന്നുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് 1.5 ലക്ഷം സംരംഭങ്ങൾ തുടങ്ങുമെന്ന്‌ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് പറഞ്ഞു. ഇതുവഴി മൂന്നുലക്ഷത്തോളം ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് തൊഴിലും മികച്ച വരുമാനവും ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഈ സാമ്പത്തികവർഷം 40,000 സംരംഭങ്ങളെങ്കിലും രൂപീകരിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘സൂക്ഷ്മസംരംഭ വികസനവും സുസ്ഥിരതയും’ വിഷയത്തിൽ രാഹുൽ ജെ നായർ, ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ യുഗത്തിലെ ഡിജിറ്റൽ മാർക്കറ്റിങ്, ചെറുകിടസംരംഭകർക്ക് എങ്ങനെ ബ്രാൻഡ് കെട്ടിപ്പടുക്കുകയും വിൽപ്പന വർധിപ്പിക്കുകയും ചെയ്യാം’ വിഷയത്തിൽ ജീവൻ ഉത്തമൻ എന്നിവർ ക്ലാസെടുത്തു

മെഷീനറി-–ടെക് *എക്സ്പോയിലും തിരക്ക്‌

കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ മെഷീനറി––ടെക് എക്സ്പോയിൽ പങ്കെടുക്കുന്നത് മുപ്പതോളം പ്രമുഖ മെഷീനറി നിർമാതാക്കൾ. ഉൽപ്പാദന സേവന മേഖലകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന മെഷീനുകളും ഉപകരണങ്ങളും മെഷീനറി-–-ടെക് എക്സ്പോയിൽ പ്രദർശിപ്പിക്കുന്നുണ്ട്. യന്ത്രോപകരണങ്ങളിലും പ്രവർത്തനരീതിയിലും സാങ്കേതികവിദ്യയിലുമുള്ള ഏറ്റവും പുതിയ മുന്നേറ്റങ്ങൾ കുടുംബശ്രീ സംരംഭകർക്ക് പരിചയപ്പെടാൻ ഇതിലൂടെ അവസരമൊരുങ്ങി.

കുറഞ്ഞ സമയത്തിൽ കൂടുതൽ ഉൽപ്പാദനം സാധ്യമാക്കുന്ന യന്ത്രങ്ങൾമുതൽ പായ്ക്കിങ്, ലേബലിങ്, ഫ്ലോർ മിൽ, ഓയിൽ മിൽ, ഐസ്ക്രീം നിർമാണം, ഈസി പേപ്പർ ബാഗ് മേക്കിങ് എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് ആവശ്യമായ മെഷീനറികൾ എക്സ്പോയിലുണ്ട്. എക്‌സ്‌പോ ഞായറാഴ്‌ച അവസാനിക്കും.

Related posts

കേരളത്തില്‍ ഇന്ന് 6674 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി എന്ന പേ​ര് കേ​ര​ള​ത്തി​ന് സ്വ​ന്തം

Aswathi Kottiyoor

*രാജ്യത്ത് മണ്ണെണ്ണ ഉത്പാദനം കേന്ദ്രം അവസാനിപ്പിക്കുന്നു.*

Aswathi Kottiyoor
WordPress Image Lightbox