തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് കേസുകൾ ചെറുതായി കൂടുന്നതിനാൽ വൃദ്ധ സദനങ്ങൾ ഉൾപ്പെടെ കെയർ ഹോമുകളിൽ കഴിയുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നു മന്ത്രി വീണാ ജോർജ് നിർദേശിച്ചു. ഒരാൾക്കു കോവിഡ് ബാധിച്ചാൽ കെയർ ഹോമിലെ എല്ലാവരെയും പരിശോധിക്കണം.
കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനു ചേർന്ന ആരോഗ്യ വകുപ്പിന്റെയും കലക്ടർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്കു കോവിഡ് ബാധിക്കുമ്പോൾ സർക്കാർ ആശുപത്രിയിലേക്കു പറഞ്ഞു വിടുന്നതു ശരിയല്ല.
കലക്ടർമാർ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ച് ഇക്കാര്യം നിർദേശിക്കണം. പ്രമേഹം, രക്തസമ്മർദം തുടങ്ങിയ മറ്റു രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ മാസ്ക് ധരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.