22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഗാന്ധി കുടുംബത്തിന്റെ ബന്ധുവിന്റെ ഭൂമി തട്ടി അതീഖ്; സോണിയ ഇടപെട്ട് ‘പൊളിച്ചു’
Uncategorized

ഗാന്ധി കുടുംബത്തിന്റെ ബന്ധുവിന്റെ ഭൂമി തട്ടി അതീഖ്; സോണിയ ഇടപെട്ട് ‘പൊളിച്ചു’


ലക്നൗ∙ വർഷങ്ങൾക്കു മുൻപ് ഗാന്ധി കുടുംബത്തിന്റെ ബന്ധുവായ വ്യക്തിയുടെ സ്ഥലം കയ്യേറാൻ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദ് ശ്രമം നടത്തിയിരുന്നതായി റിപ്പോർട്ട്. അതീഖ് അഹമ്മദ് എംപിയായിരുന്ന സമയത്താണ് സംഭവം. ഈ സമയത്ത് സമാജ്‌വാദി പാർട്ടിയായിരുന്നു ഉത്തർപ്രദേശിൽ അധികാരത്തിൽ. അതീഖ് അഹമ്മദ് സ്ഥലം കൈവശപ്പെടുത്തിയെങ്കിലും, അന്ന് കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി ഇടപെട്ടതിനെ തുടർന്ന് അത് ഉടമയ്ക്കു തന്നെ തിരികെ നൽകിയെന്നും ദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
2007ൽ അതീഖ് അഹമ്മദ് ഫൂൽപുർ എംപിയായിരിക്കെയാണ് ഗാന്ധി കുടുംബത്തിന്റെ ബന്ധുവായ വീര ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ബലപ്രയോഗത്തിലൂടെ സ്വന്തമാക്കാൻ ശ്രമം ന‌ടത്തിയത്. പ്രയാഗ്‌രാജിനു സമീപം സിവിൽ ലൈൻസ് പ്രദേശത്തുള്ള ഭൂമിയിലാണ് അതീഖ് അഹമ്മദ് നോട്ടമിട്ടത്. ഗുണ്ടകളുടെ സഹായത്തോടെ അതീഖ് സ്ഥലം കൈവശപ്പെടുത്തുകയും ചെയ്തു. ഇന്ദിര ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയുടെ കുടുംബത്തിൽപ്പെട്ട വീര ഗാന്ധി, വിവരമറിഞ്ഞ് പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെയും സംസ്ഥാന സർക്കാരിനെയും സമീപിച്ചു. പക്ഷേ, യാതൊരു പ്രയോജനവുമുണ്ടായില്ല.

ഇതോടെ വീര ഗാന്ധി ബന്ധുവായ സോണിയ ഗാന്ധിയുടെ സഹായം തേടി. ഈ സമയത്ത് കേന്ദ്രം ഭരിച്ചിരുന്ന യുപിഎയുടെ അധ്യക്ഷ കൂടിയായിരുന്നു സോണിയ ഗാന്ധി. വീര ഗാന്ധിയുടെ അഭ്യർഥനയെ തുടർന്ന് സോണിയ ഗാന്ധി പ്രശ്നത്തിൽ ഇടപെട്ടതോടെ ഭൂമി ബലപ്രയോഗത്തിലൂടെ സ്വന്തമാക്കാനുള്ള ശ്രമത്തിൽനിന്ന് അതീഖ് അഹമ്മദ് പിൻവാങ്ങുകയായിരുന്നു. സ്വന്തമാക്കിയ സ്ഥലം തിരികെ നൽകുകയും ചെയ്തു.

പ്രശ്നത്തിൽ ഇടപെടാൻ‌ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നതായി അന്ന് ഉത്തർപ്രദേശിലെ കോൺഗ്രസ് അധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷി സ്ഥിരീകരിച്ചു. ‘അന്ന് ഞാൻ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് അതീഖ് ഇടപാടിൽനിന്ന് പിൻവാങ്ങി’ – റീത്ത ബഹുഗുണ ജോഷി പറഞ്ഞു.

‘പാലസ് ടാക്കീസിനു പിന്നിലുള്ള സ്ഥലമെന്ന നിലയിൽ അത് സ്വന്തമാക്കാൻ അതീഖ് ആഗ്രഹിച്ചിരുന്നു. ഒരു പരീക്ഷണമെന്ന നിലയിലാണ് അയാൾ അതിനായി ശ്രമിച്ചത്. അത് നടന്നിരുന്നെങ്കിൽ വീര ഗാന്ധിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റു സ്ഥലങ്ങൾ സ്വന്തമാക്കാനും അതീഖ് ശ്രമിക്കുമായിരുന്നു’ – മുൻ ഐജി ലാൽജി ശുക്ലയെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കുപ്രസിദ്ധ ഗുണ്ടാ നേതാവായ അതീഖ് അഹമ്മദ് 2004–09 കാലയളവിലാണ് സമാജ്‌വാദി പാർട്ടി എംപിയായിരുന്നത്. 1989 മുതൽ 2004 വരെ വിവിധ പാർട്ടികളിലായി യുപിയിൽ എംഎൽഎയുമായിരുന്നു. ബിഎസ്പി എംഎൽഎ രാജുപാൽ 2005ലും ആ കേസിലെ മുഖ്യ സാക്ഷി ഉമേഷ് പാൽ ഇക്കഴിഞ്ഞ ഫെബ്രുവരി 24നും കൊല്ലപ്പെട്ടതുൾപ്പെടെ നൂറിലേറെ കേസുകളിൽ അതീഖ് പ്രതിയായിരുന്നു.

Related posts

മമ്പാട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് 3 വയസുകാരനും അച്ഛന്റെ സഹോദരഭാര്യയും മരിച്ചു

Aswathi Kottiyoor

ഒന്നും രണ്ടുമല്ല, സുഗന്ധിഗിരിയിൽ നിന്ന് മുറിച്ച് കടത്തിയത് 71 മരങ്ങൾ, ഒത്താശക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരും

Aswathi Kottiyoor

ഇന്നും വ്യാപക മഴ; പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണത്തിനും സാധ്യത

Aswathi Kottiyoor
WordPress Image Lightbox