27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും നിറച്ച കണ്ടെയ്നർ ഒറ്റരാത്രിയിൽ ‘കാണ്മാനില്ല’; തലപുകച്ച് പൊലീസ്
Uncategorized

സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും നിറച്ച കണ്ടെയ്നർ ഒറ്റരാത്രിയിൽ ‘കാണ്മാനില്ല’; തലപുകച്ച് പൊലീസ്


ടൊറന്റോ∙ വെറും അഞ്ച് ചതുരശ്ര അടി വലുപ്പമുള്ള, സ്വർണവും വിലപിടിപ്പുള്ള മറ്റ് വസ്തുവകകളും ഉള്ള ഒരു കണ്ടെയ്നർ വിമാനത്താവളത്തിൽനിന്ന് കാണാതായി. ദൃക്സാക്ഷികളില്ല, സിസിടിവി ദൃശ്യങ്ങളില്ല അങ്ങനൊരു കണ്ടെയ്നർ അവിടെയുണ്ടായിരുന്നതിന്റെ പൊടിപോലുമില്ല. നാളെ പല ഹോളിവുഡ് ചിത്രങ്ങൾക്കും പ്രമേയമായേക്കാവുന്ന സംഭവം യഥാർഥത്തിൽ നടന്നത് ഈ തിങ്കളാഴ്ച കാനഡയിൽ ടൊറന്റോയിലുള്ള വിമാനത്താവളത്തിലാണ്.

സ്വർണത്തിന്റെ വലിയ ശേഖരവും മറ്റു വിലപിടിപ്പുള്ള വസ്തുവകകളും അടങ്ങിയ വിമാനത്തിൽ കൊണ്ടുപോകാവുന്ന കണ്ടെയ്നർ ആണ് കൊള്ളയടിക്കപ്പെട്ടത്. ടൊറന്റോയിലെ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് തിങ്കളാഴ്ചയാണ് കണ്ടെയ്നർ ‘കാണാതായത്’. നഷ്ടപ്പെട്ടവയുടെ ആകെ മൂല്യം 14.8 മില്യൻ യുഎസ് ഡോളർ (121.4 കോടി ഇന്ത്യൻ രൂപ) ആണ്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളകളിൽ ഒന്നാണിതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ എയർക്രാഫ്റ്റ് കണ്ടെയ്നർ തിങ്കളാഴ്ച വൈകുന്നേരമാണ് വിമാനത്താവളത്തിലെത്തിയത്. പതിവുപോലെ വിമാനത്തിൽനിന്ന് ഇറക്കി കാർഗോ സൂക്ഷിക്കുന്ന കേന്ദ്രത്തിലേക്കു കണ്ടെയ്നർ മാറ്റി. ഇവിടെ വച്ചാണ് കൊള്ള നടന്നതെന്ന് പൊലീസ് പറയുന്നു. കണ്ടെയ്നറിൽ സ്വർണം മാത്രമല്ലെന്നും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും ഉണ്ടെന്നുമാണ് കാനേഡിയൻ പൊലീസ് അറിയിച്ചത്.

∙ സ്വർണം സ്ഥിരം അയയ്ക്കുന്നത് ഇതുവഴി

ഒന്റാറിയോ പ്രവിശ്യയിലെ സ്വർണ ഖനികളികളിൽനിന്ന് കുഴിച്ചെടുക്കുന്ന സ്വർണം സ്ഥിരമായി ടൊറന്റോ പിയേഴ്സൺ വിമാനത്താവളം വഴിയാണ് കയറ്റിയയയ്ക്കുന്നത്. രാജ്യത്തിന്റെ എയർ കാർഗോയുടെ പകുതിയോളം കൈകാര്യം ചെയ്യുന്നത് ഇവിടെനിന്നാണ്. അതേസമയം, സ്വർണം എവിടെപ്പോയെന്നോ ആരാണ് ഉത്തരവാദികളെന്നോ കാനഡയിൽത്തന്നെ സ്വർണം ഇപ്പോഴുമുണ്ടോയെന്നോ പൊലീസിന് അറിയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എയർക്രാഫ്റ്റ് കണ്ടെയ്നറിന് അഞ്ച് ചതുരശ്രയടിയോളം വലുപ്പമുണ്ട്.

അതേസമയം ഏത് വിമാനക്കമ്പനിയാണ് കാർഗോ കൊണ്ടുപോകാൻ ഏറ്റിരുന്നതെന്നോ എവിടെനിന്നാണ് അതു വന്നതെന്നോ എങ്ങോട്ടു കൊണ്ടുപോകാനാണ് ഇരുന്നതെന്നോ ഉള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ എയർ കാനഡ വിമാനത്തിലാണ് കണ്ടെയ്നർ വിമാനത്താവളത്തിൽ എത്തിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവരം സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ കമ്പനി അധികൃതർ തയാറായിട്ടില്ല. പീൽ പൊലീസുമായി ബന്ധപ്പെടാനാണ് അവർ പറയുന്നത്.

∙ അപൂർവമായ സംഭവം

വിമാനത്തിൽനിന്ന് കാർഗോ ഇറക്കി അത് പതിവുപോലെ കാർഗോ സൂക്ഷിക്കുന്ന കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നുവെന്ന് കാനഡയിലെ പീൽ പൊലീസ് അറിയിച്ചു. സുരക്ഷിതമായി എത്തിച്ച കാർഗോ അനധികൃത മാർഗങ്ങളിലൂടെയാണ് കൊള്ളയടിച്ചത്. കൊള്ള നടന്നതിനു പിന്നാലെതന്നെ പൊലീസിനു വിവരം ലഭിച്ചിരുന്നു. കൊള്ള നടന്നിട്ട് മൂന്നു ദിവസമായെന്നും എല്ലാ വഴികളിലൂടെയും അന്വേഷണം മുന്നോട്ടുപോകുന്നുവെന്നും അധികൃതർ പറയുന്നു. ‘‘ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. അപൂർവമാണ്. ഒരു തെറ്റ് ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല. വിശാലമായ, എല്ലാം വശങ്ങളും പരിശോധിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്’’ – പീൽ പൊലീസ് ഇൻസ്പെക്ടർ സ്റ്റീഫൻ ഡുയ്‌വെസ്റ്റെയ്ൻ അറിയിച്ചു.

∙ കൊള്ളയടി നേരത്തേയും!

ഇതാദ്യമല്ല, ടൊറന്റോ മേഖലയിലെ വിമാനത്താവളം കൊള്ളയടിയുടെ പേരിൽ പ്രസിദ്ധിയാർജിക്കുന്നത്. 1952 സെപ്റ്റംബർ 25ന് മാൾട്ടൻ വിമാനത്താവളത്തിൽനിന്ന് 1.76 കോടി രൂപ (2,15,000 യുഎസ് ഡോളർ) മൂല്യം വരുന്ന സ്വർണക്കട്ടിയാണ് കൊള്ളയടിക്കപ്പെട്ടത്. അതു കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയായിരുന്നു. ആ കൊള്ളയടിച്ച സ്വർണത്തിന്റെ ഇന്നത്തെ മൂല്യം 18.87 കോടി ഇന്ത്യൻ രൂപയാണ്. മോൺട്രിയലിനുള്ള വിമാനത്തിൽ കയറ്റുന്നതിനു മുൻപായി കാർഗോ മേഖലയിൽ സൂക്ഷിച്ചിരുന്ന സ്റ്റീൽ കൂടാരത്തിൽനിന്ന് ആറ് തടി ബോക്സ് സ്വർണമാണ് അന്നു കടത്തിയത്. കടത്തിയ സ്വർണമോ പിന്നണിയിൽ പ്രവർത്തിച്ചവരെയോ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

Related posts

ഡിഗ്രി വരെ പഠിച്ചവര്‍ക്കെല്ലാം തൊഴിലില്ലായ്മ വേതനം; വമ്പന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്

Aswathi Kottiyoor

അഗളിയിൽ പുലിയിറങ്ങി, പശുക്കുട്ടിയെ കൊന്നു, വീടിന്‍റെ ജനലും തകർത്തു

Aswathi Kottiyoor

‘ഓപ്പറേഷൻ അജയ്’; ഇസ്രയേലിൽ നിന്ന് ആദ്യ വിമാനം ഇന്ത്യയിലെത്തി

Aswathi Kottiyoor
WordPress Image Lightbox