സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ എൻഫോഴ്സ്മെന്റ് ക്യാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മേയ് 19 വരെ ഒഴിവാക്കും. എന്നാൽ നിലവിൽ മോട്ടോർ വാഹന വകുപ്പും പോലീസ് വകുപ്പും നിരത്തിൽ സ്ഥാപിച്ചിട്ടുള്ള മറ്റ് ക്യാമറകളിൽ നിന്നുള്ള ഇ-ചെലാൻ കേസുകളിലും, പോലീസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന ഇ-ചെലാൻ കേസുകളിലും രേഖപ്പെടുത്തിയ പിഴ സർക്കാർ ഒഴിവാക്കിയിട്ടില്ല. ഇത്തരം പിഴകൾ വാഹന ഉടമകൾ അടക്കേണ്ടതാണ്.
ബോധവൽക്കരണത്തിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മാത്രമാണ് ഒരു മാസത്തേക്ക് സർക്കാർ ഒഴിവാക്കുന്നത്. ഇത്തരം കേസുകളിൽ വാഹന ഉടമകൾക്ക് വാണിംഗ് മെമ്മോ തപാലിൽ ലഭ്യമാക്കും. ഫോണിൽ എസ്എംഎസ് അലർട്ട് ലഭിക്കില്ല.
വാണിംഗ് മെമ്മോ അല്ലാത്ത മറ്റ് ഇ-ചെലാൻ കേസുകളിൽ ഫോണിൽ എസ്എംഎസ് അലർട്ട് നൽകും. പിഴ അടയ്ക്കേണ്ടതാണ്. പിഴ അടച്ചില്ലെങ്കിൽ 30 ദിവസത്തിന് ശേഷം പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും. നിലവിലെ ഫോൺ നമ്പറുകളിൽ മാറ്റം ഉണ്ടെങ്കിൽ വാഹന ഉടമകൾക്ക് പരിവാഹൻ സേവ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യാം.