24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇവിടെ വന്ദേഭാരത് വൻ ഹിറ്റ്; ടിക്കറ്റുകൾ വെയ്‌റ്റിങ് ലിസ്റ്റിൽ, ചെന്നൈയിലെ 2 ട്രെയിനുകളിലും തിരക്ക്
Uncategorized

ഇവിടെ വന്ദേഭാരത് വൻ ഹിറ്റ്; ടിക്കറ്റുകൾ വെയ്‌റ്റിങ് ലിസ്റ്റിൽ, ചെന്നൈയിലെ 2 ട്രെയിനുകളിലും തിരക്ക്


ചെന്നൈ∙ ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസ് ആരംഭിച്ച് ആറു മാസം പൂർത്തിയാകുമ്പോൾ ഇടിച്ചുകയറി ജനം. 2022 നവംബർ 11ന് ആരംഭിച്ച ചെന്നൈ – മൈസൂരു ട്രെയിനിലും ഇക്കഴിഞ്ഞ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചെന്നൈ – കോയമ്പത്തൂർ ട്രെയിനിലും ഉൾപ്പെടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചെന്നൈ – ബെംഗളൂരു – മൈസൂരു റൂട്ടിലെ ട്രെയിനിൽ മിക്ക വാരാന്ത്യങ്ങളിലും ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലാകുമ്പോൾ, ചെന്നൈ – കോയമ്പത്തൂർ – ചെന്നൈ വന്ദേഭാരതിൽ മേയ് 8 വരെയുള്ള ടിക്കറ്റുകൾ ഇതിനകം വെയ്റ്റിങ് ലിസ്റ്റിലായിക്കഴി‍ഞ്ഞു.

കോയമ്പത്തൂർ – സെൻട്രൽ റൂട്ടിൽ ശതാബ്ദി എക്സ്പ്രസിന് 7 മണിക്കൂർ വേണ്ടിടത്ത് വന്ദേഭാരതിന് 5 മണിക്കൂറും 50 മിനിറ്റും മതി ഓടിയെത്താൻ. യാത്രാസമയം കുറയുന്നത് പാലക്കാട്ടേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള മലയാളികൾക്കും സൗകര്യമാണ്. ട്രെയിൻ നമ്പർ 20644 കോയമ്പത്തൂരിൽനിന്നു രാവിലെ 6നു പുറപ്പെട്ട് 11.50നു സെൻട്രലിൽ എത്തും. തിരിച്ചുള്ള ട്രെയിൻ (20643) ഉച്ചയ്ക്ക് 2.25നു ചെന്നൈയിൽനിന്നു പുറപ്പെട്ട് രാത്രി 8.15നു കോയമ്പത്തൂരിൽ എത്തിച്ചേരും.

തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപെട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. പാസഞ്ചർ ഇൻഫർമേഷൻ സ്ക്രീൻ, എമർജൻസി വിൻഡോ, എമർജൻസി വിളക്ക്, എസി ക്രമീകരിക്കാനുള്ള സംവിധാനം, ടച്ച് സ്ക്രീനോടു കൂടിയുള്ള ബയോ വാക്വം ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ട്രെയിനിലുണ്ട്. എസി ചെയർ കാറിന് 1215 രൂപ മുതലും എക്സിക്യൂട്ടീവ് കാറിന് 2310 രൂപ മുതലുമാണ് നിരക്ക്. ചെന്നൈ – ജോലാർപെട്ട് സെക്‌ഷനിൽ വന്ദേഭാരത് ട്രെയിനുകൾ മണിക്കൂറിൽ 130 കി.മീ വേഗത്തിലാണ് ഓടുന്നത്. ഈ സെക്‌ഷനിൽ ട്രെയിനുകളുടെ വേഗപരിധി 110 കിലോമീറ്ററിൽനിന്ന് 130 കി.മീറ്ററായി വർധിപ്പിച്ചതും പരമാവധി വേഗം നേടാൻ സഹായമായി.

ഇവിടെ വേഗപരിധി വർധിപ്പിച്ചത് മറ്റു ട്രെയിനുകളുടെയും യാത്രാസമയം കുറയ്ക്കാൻ സഹായിക്കുമെങ്കിലും അതിവേഗം സഞ്ചരിക്കാവുന്ന വന്ദേഭാരതിനാണ് കൂടുതൽ പ്രയോജനം ലഭിക്കുന്നത്. മൈസൂരു റൂട്ടിൽ യാത്രാസമയം അര മണിക്കൂർ മാത്രമാണ് കുറയുന്നതെങ്കിലും, ശതാബ്ദി എക്സ്പ്രസിനെ അപേക്ഷിച്ച് കുറഞ്ഞ ടിക്കറ്റ് നിരക്കാണ് പുതിയ വന്ദേഭാരതിനെ ആകർഷകമാക്കുന്നത്. ജനശതാബ്ദിക്ക് ഡൈനാമിക് നിരക്ക് ഏർപ്പെടുത്തിയതിനാൽ തൊട്ടടുത്ത ദിവസത്തേക്കു ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ അധിക തുക നൽകാൻ നിർബന്ധിതരാകുന്നു.രാവിലെ 5.50ന് ചെന്നൈയിൽനിന്നു പുറപ്പെടുന്ന വന്ദേഭാരത്‌ 7.21ന് കാട്പാടിയിലും 10.15ന് ബെംഗളൂരുവിലും 12.20ന് മൈസൂരുവിലും എത്തും. തിരിച്ചുള്ള യാത്ര മൈസൂരുവിൽനിന്ന് ഉച്ചയ്ക്കു 1.05ന് ആരംഭിച്ച് 2.50ന് ബെംഗളൂരുവിലും 5.35ന് കാട്പാടിയിലും 7.30ന് ചെന്നൈ സെൻട്രലിലും എത്തും. ചെയർ കാറിന് 1200 രൂപ, എക്സിക്യൂട്ടീവ് കാറിന് 2295 രൂപ മുതലുമാണ് നിരക്ക്. ഇരുഭാഗത്തേക്കുമുള്ള യാത്രകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം വ്യത്യസ്തമായതിനാൽ ടിക്കറ്റ് നിരക്കുകളിൽ ചെറിയ വ്യത്യാസമുണ്ട്.

Related posts

മലയാളി യുവാവിനെ അബുദാബിയില്‍ കാണാതായി

Aswathi Kottiyoor

ഗണേഷ് കുമാറിന് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം; കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ, തുറമുഖ വകുപ്പ് വാസവന്

Aswathi Kottiyoor

50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്

Aswathi Kottiyoor
WordPress Image Lightbox