തിരുവനന്തപുരം∙ തീരസംരക്ഷണത്തിനുള്ള 2019ലെ തീരനിയന്ത്രണ മേഖലാ(സിആർസെഡ്) വിജ്ഞാപനം നടപ്പാക്കുന്നതിനു മൂന്നു വർഷത്തെ ശ്രമഫലമായി സംസ്ഥാന സർക്കാർ തീരപരിപാലന പ്ലാൻ തയാറാക്കി. ആദ്യഘട്ടമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളുടെ പ്ലാനിന്റെ കരട് പ്രസിദ്ധീകരിച്ചു. മൂന്നു ജില്ലകളിലായി രണ്ടു കോർപറേഷനുകൾ, അഞ്ചു മുനിസിപ്പാലിറ്റികൾ, 54 പഞ്ചായത്തുകൾ എന്നിവയാണു സിആർസെഡ് മേഖലയിൽ വരുന്നത്. നിയന്ത്രണം ബാധകമായ മറ്റ് ഏഴു ജില്ലകളിലെ പ്ലാൻ കൂടി വരുംദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. പരാതി അറിയിക്കാൻ 30 ദിവസത്തെ സമയം നൽകി. ഇതിനു ശേഷം ജില്ലാ അടിസ്ഥാനത്തിൽ പബ്ലിക് ഹിയറിങ് നടത്തും.
തീരപരിപാലന നിയമം ഭേദഗതി ചെയ്ത് 2019 ജനുവരി 18ന് ആണു കേന്ദ്രം വിജ്ഞാപനമിറക്കിയത്. നഗരസ്വഭാവമുള്ള പഞ്ചായത്തുകൾക്ക് ഇളവു ലഭിക്കാൻ കേന്ദ്രസർക്കാരിൽ പലവട്ടം സമ്മർദം ചെലുത്തേണ്ടി വന്നതാണു പ്ലാൻ വൈകാൻ പ്രധാന കാരണം. സംസ്ഥാനത്ത് 60 പഞ്ചായത്തുകൾക്ക് ഇളവുള്ള സോണിലേക്കു മാറ്റം നേടിയെടുക്കാൻ ഇതുവഴി കഴിഞ്ഞു.
കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രമാണു സംസ്ഥാന പരിസ്ഥിതി വകുപ്പിനു വേണ്ടി പ്ലാൻ തയാറാക്കിയത്. റോഡ്, പാലം, റെയിൽവേ ലൈൻ, ലൈറ്റ് ഹൗസ്, ഫിഷിങ് ഹാർബർ, ഫിഷ് ലാൻഡിങ് സെന്റർ, 1991നു മുൻപുള്ള ബണ്ട്, കടൽഭിത്തി, തദ്ദേശസ്ഥാപനങ്ങളുടെ അതിർത്തി, പുലിമുട്ട്, ജലാശയം, കണ്ടൽക്കാട് എന്നിവയെല്ലാം പ്ലാനിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനം, സർവേ നമ്പർ എന്നിവയുമുണ്ട്. സംസ്ഥാന തീരപരിപാലന അതോറിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്ലാൻ തദ്ദേശസ്ഥാപനങ്ങളിലും ലഭ്യമാകും. വെബ്സൈറ്റിലെ ഫോം വഴി പരാതി സമർപ്പിക്കാം. പരാതികൾ പരിശോധിച്ച ശേഷം കരട് ചെന്നൈയിലെ നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റിലേക്ക് അയയ്ക്കും. തുടർന്നു കേന്ദ്രം അംഗീകരിക്കുന്നതോടെ പദ്ധതി അന്തിമമാകും 2011 ജനുവരിയിലെ സിആർസെഡ് വിജ്ഞാപനത്തിനു പ്ലാൻ തയാറാക്കാൻ കേരളം അഞ്ചു വർഷമെടുത്തിരുന്നു.
സിആർസെഡ് 1– പാരിസ്ഥിതികമായി ഏറ്റവും മോശം അവസ്ഥയിലുള്ള തീരപ്രദേശം
1എ– തീരപ്രദേശത്തിനു സ്വാഭാവികത നൽകുന്ന കണ്ടൽക്കാട്, പവിഴപ്പുറ്റ് തുടങ്ങിയവ
1 ബി– വേലിയേറ്റ രേഖയ്ക്കും വേലിയിറക്ക രേഖയ്ക്കും ഇടയിലുള്ള പ്രദേശം
സിആർസെഡ് 2– നഗരമേഖലയിൽ തീരരേഖയോടു ചേർന്നു വരുന്ന വികസിത പ്രദേശം
സിആർസെഡ് 3– ഗ്രാമമേഖലയിൽ തീരരേഖയോടു ചേർന്നു വരുന്ന പ്രദേശം
3എ – 2011ലെ സെൻസസ് പ്രകാരം ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിന് 2161ൽ കൂടുതലുള്ള പ്രദേശംവേലിയേറ്റ രേഖയിൽനിന്നു കരയിലേക്ക് 50 മീറ്റർ വരെ നോൺ ഡവലപ്മെന്റ് സോൺ
3 ബി– ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിന് 2161ൽ കുറവുള്ള പ്രദേശം. വേലിയേറ്റ രേഖയിൽനിന്നു കരയിലേക്ക് 200 മീറ്റർ വരെ നോൺ ഡവലപ്മെന്റ് സോൺ
സിആർസെഡ് 4– തിരയുടെ സ്വാധീനമുള്ള ജലാശയം
4 എ– വേലിയിറക്ക രേഖ മുതൽ 12 നോട്ടിക്കൽ മൈൽ വരെയുള്ള ജലാശയം
4 ബി– ഈ ജലാശയത്തിൽ ഒരു ഭാഗത്തെ വേലിയിറക്ക രേഖയ്ക്കും മറുഭാഗത്തെ വേലിയിറക്ക രേഖയ്ക്കും ഇടയിൽ വരുന്ന പ്രദേശം.