ന്യൂഡൽഹി ∙ പുൽവാമ ഭീകരാക്രമണത്തിൽ സേനാംഗങ്ങൾ കൊല്ലപ്പെട്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനാണെന്ന് കരസേന മുൻ മേധാവി ജനറൽ (റിട്ട) ശങ്കർ റോയ് ചൗധരി കുറ്റപ്പെടുത്തി. സംഭവം നടന്നയുടൻ പ്രധാനമന്ത്രിയെ എന്തുകൊണ്ടു ഫോണിൽ ബന്ധപ്പെടാനായില്ല? ആക്രമണത്തിന് ഇടയാക്കിയ ഇന്റലിജൻസ് വീഴ്ചയ്ക്കു ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഉത്തരവാദി.
പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള ദേശീയപാതയിലൂടെ 2500 സേനാംഗങ്ങളെ കൊണ്ടുപോകാൻ പാടില്ലായിരുന്നു. സേനാംഗങ്ങളെ കൊണ്ടുപോകാൻ എന്തുകൊണ്ടു വിമാനം നൽകിയില്ല? ഇത്രയുമധികം സേനാംഗങ്ങളെ ഒന്നിച്ചുകൊണ്ടുപോയത് എന്തിനാണ്? സ്ഫോടകവസ്തുക്കളുമായി ഭീകരനു കാറിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ എങ്ങനെ സാധിച്ചു? ഇവയടക്കമുള്ള ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുകയാണ്. സേനാംഗങ്ങളെ വിമാനത്തിൽ കൊണ്ടുപോയിരുന്നെങ്കിൽ ആക്രമണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം വീഴ്ചകൾ മറയ്ക്കാനും രാഷ്ട്രീയനേട്ടമുണ്ടാക്കാനും 40 സേനാംഗങ്ങളുടെ ജീവത്യാഗം ഭരണകൂടം ഉപയോഗിച്ചുവെന്ന് ബിഎസ്എഫ് മുൻ അഡീഷനൽ ഡയറക്ടർ ജനറൽ സഞ്ജീവ് കൃഷൻ സൂദ് ആരോപിച്ചു. കേന്ദ്ര സർക്കാർ, ആഭ്യന്തര മന്ത്രാലയം, ഇന്റലിജൻസ് ഏജൻസി, സിആർപിഎഫ് എന്നിവയുടെ കെടുകാര്യസ്ഥതയും വീഴ്ചയുമാണ് ആക്രമണത്തിനു വഴിവച്ചത്. ആക്രമണം സംബന്ധിച്ച് താനടക്കമുള്ള ഒട്ടേറെപ്പേർ ദീർഘകാലമായി ഉന്നയിക്കുന്ന വാദങ്ങൾ ശരിവയ്ക്കുന്നതാണു ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു.