ദൈവത്തിന്റെ സ്വന്തം നാട് കണ്ടുമടങ്ങുന്ന സഞ്ചാരികൾക്ക് നമ്മുടെ തനിമയും പ്രൗഢിയും തുളുമ്പുന്ന സ്‌നേഹസമ്മാനവുമായി വിനോദസഞ്ചാര വകുപ്പ്. ചരിത്രം, സംസ്കാരം, കല, ഭൂമിശാസ്ത്രപരമായ പ്രത്യേകത തുടങ്ങിയവ ഒപ്പിയെടുക്കുന്ന സുവനീർ ശിൽപ്പങ്ങളാകും ഇതിനായി സജ്ജമാക്കുക. ആറന്മുളക്കണ്ണാടി, ബേപ്പൂർ ഉരുവിന്റെ മാതൃക അങ്ങനെപോകും ശിൽപ്പഭംഗി. 15 തരം സുവനീറാണ് തയ്യാറാക്കുന്നത്.
ഇതിനായി സംസ്ഥാനത്തെ കരകൗശല നിർമാതാക്കളെ ചേർത്ത് ശൃംഖലയുണ്ടാക്കും. ഇവർക്ക് പരിശീലനവും നൽകും. ഇവർ തയ്യാറാക്കുന്നതിൽനിന്ന് മികച്ചവയാകും തെരഞ്ഞെടുക്കുക. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കും. ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഇതിന്റെ വിൽപ്പനശാല ഉണ്ടാകും. നൂറോളം പേർക്ക് വരുമാനമാർഗവുമാകും. വെബ്സൈറ്റിലും ശിൽപ്പം വാങ്ങാം. പദ്ധതിയുടെ ഉദ്ഘാടനം മേയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.