സംസ്ഥാനത്തെ 60 മുതൽ 70 ശതമാനം വരെ രോഗികളെ സർക്കാർ ആശുപത്രികളിലേക്ക് എത്തിക്കാനായത് ആരോഗ്യ വകുപ്പിൻ്റെ പ്രധാന നേട്ടമാണെന്ന് മന്ത്രി വീണ ജോര്‍ജ്. പിറവം സർക്കാർ താലൂക്ക് ആശുപത്രിയില്‍ നിർമാണം പൂര്‍ത്തിയായ ആധുനിക നേത്രചികിത്സ വിഭാഗം ഓപ്പറേഷന്‍ തീയേറ്ററും വാര്‍ഡും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മുമ്പ് 30 ശതമാനം രോഗികൾ മാത്രമാണ് സർക്കാർ ആശുപത്രികളെ സമീപിച്ചിരുന്നത്. സൗജന്യ ചികിത്സ നൽകുന്നതിൽ രാജ്യത്ത് തന്നെ മുന്നിലാണ് നമ്മുടെ സംസ്ഥാനമെന്നത് നമുക്കോരോരുത്തർക്കും അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ അനുവദിച്ച ഒരു കോടി രൂപയും നഗരസഭക്ക് ലഭിച്ച ആർദ്ര കേരളം പുരസ്കാരത്തുകയായ പത്തുലക്ഷം രൂപയും ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. കാറ്ററാക്ട്, ടെറിജിയന്‍ ഉള്‍പ്പെടെയുള്ള നേത്ര രോഗങ്ങളുടെ ശസ്ത്രക്രിയക്ക് ഉപകരിക്കുന്ന വിപുലമായ തീയേറ്ററാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.