ന്യൂഡൽഹി ∙ സമാജ്‌വാദി പാർട്ടി മുൻ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവച്ചു കൊന്ന കേസിൽ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്.
ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേകാന്വേഷണ സംഘത്തിൽ അസി. കമ്മിഷണർ സത്യേന്ദ്ര പ്രസാദ് തിവാരി, ഇൻസ്പെക്ടർ ഓം പ്രകാശ് എന്നിവർ അംഗങ്ങളാണ്. അന്വേഷണ മേൽനോട്ടത്തിന് പ്രയാഗ്‌രാജ് എഡിജിപിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
നേരത്തേ റിട്ട. ഹൈക്കോടതി ജഡ്ജി അരവിന്ദ്കുമാർ ത്രിപാഠിയുടെ നേതൃത്വത്തിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മിഷനെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. കമ്മിഷൻ 2 മാസത്തിനകം റിപ്പോർട്ട് നൽകും.
പ്രതികൾക്കായി അപേക്ഷ ഉടൻ
അതീഖിനെയും സഹോദരനെയും വെടിവച്ച കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഉത്തർപ്രദേശ് പൊലീസ് ഉടൻ അപേക്ഷ നൽകും. ലവ്‌ലേഷ് തിവാരി, മോഹിത് എന്ന സണ്ണി, അരുൺ മൗര്യ എന്നിവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വെടിവയ്പിൽ പരുക്കേറ്റ ലവ്‌ലേഷ് പ്രയാഗ്‌രാജിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ആരാണ് വെടിവയ്ക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള മൂവർക്കും പരസ്പരം അറിയാമായിരുന്നെന്നും പ്രശസ്തിക്കു വേണ്ടി കൊല നടത്തിയെന്നുമാണ് പൊലീസ് ഭാഷ്യം. നാടൻ തോക്കിനൊപ്പം ഇവർ ഉപയോഗിച്ച ആയുധങ്ങൾ അത്യാധുനികമായിരുന്നതിനാൽ കൊലയ്ക്കു പിന്നിൽ മറ്റാരെങ്കിലുമുണ്ടെന്നും പൊലീസ് അധികൃതർ സൂചിപ്പിക്കുന്നു. തുർക്കിയിൽ നിർമിച്ച 2 റിവോൾവറുകൾ കണ്ടെടുത്തിരുന്നു. ഭരണകൂട അറിവോടെയാണ് കൊലപാതകമെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചിട്ടുണ്ട്.
കൊലപാതകം (302), കൊലപാതകശ്രമം (307) എന്നിവയും ആയുധ നിയമത്തിലെ അനുബന്ധ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതികളെ പ്രയാഗ്‌രാജ് ജയിലിൽനിന്ന് പ്രതാപ്ഗഡ് ജയിലിലേക്കു മാറ്റി. അതീഖിന്റെ ഒരു മകൻ അലി ഉമേഷ്പാൽ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് പ്രയാഗ്‌രാജ് ജയിലിലുണ്ട്. ഇയാളുടെ ആരോഗ്യനില മോശമായെന്ന വാർത്തകൾ ജയിൽ അധികൃതർ നിഷേധിച്ചു.
സ്വതന്ത്ര അന്വേഷണ സമിതിക്കായി ഹർജി
ന്യൂഡൽഹി ∙ അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹർജി. വിദഗ്ധരുടെ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്നാണ് അഭിഭാഷകനായ വിശാൽ തിവാരി ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതിയിലെ റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിൽ വേണം അന്വേഷണമെന്നും ഹർജിയിലുണ്ട്.
പൊലീസ് കസ്റ്റഡി മരണങ്ങൾക്കു പുറമേ, 2017നു ശേഷം യുപിയിൽ നടന്ന 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു. അതീഖ് അഹമ്മദിനെയും സഹോദരനെയും സംരക്ഷിക്കാനോ തിരിച്ചടിക്കാനോ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായില്ലെന്നും ഹർജിയിലുണ്ട്.