24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വന്ദേഭാരത് പരീക്ഷണ ഓട്ടം; തിരുവനന്തപുരം- എറണാകുളം 3.18 മണിക്കൂറില്‍ എത്തി
Uncategorized

വന്ദേഭാരത് പരീക്ഷണ ഓട്ടം; തിരുവനന്തപുരം- എറണാകുളം 3.18 മണിക്കൂറില്‍ എത്തി


പത്തനംതിട്ട ∙ വന്ദേഭാരത് ട്രെയിൻ ലക്ഷ്യം വയ്ക്കുന്നതു നിലവിലുള്ള ട്രെയിനുകളിലെ എസി യാത്രക്കാർക്കു പുറമേ തിരുവനന്തപുരം – കൊച്ചി – കണ്ണൂർ സെക്ടറിലെ വിമാനം, കാർ യാത്രക്കാരെയും. കൊച്ചി വിമാനത്താവളം ഉപയോഗിക്കുന്ന ഒട്ടേറെപ്പേർ തിരുവനന്തപുരത്തും നിന്നും മലബാറിൽ നിന്നും ദീർഘദൂര ട്രെയിനുകളിൽ പകൽ സമയം എറണാകുളത്തേക്കു യാത്ര ചെയ്യുന്നുണ്ട്.
തിരുവനന്തപുരത്തു നിന്നു 3 മണിക്കൂർ കൊണ്ടു എറണാകുളത്ത് എത്താനായാൽ വന്ദേഭാരതിനു കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയും. അതോടെ വിമാനത്താവളത്തിലേക്കു പോകുന്നവർ വന്ദേഭാരതിലേക്കു മാറും. ദീർഘദൂര ട്രെയിനുകളിൽ പകൽ സമയ എസി യാത്രയ്ക്കു കേരളത്തിനുള്ളിൽ നല്ല ഡിമാൻഡുണ്ട്. 2 ജനശതാബ്ദി ട്രെയിനുകളിലും എസി കോച്ചുകൾ എപ്പോഴും വെയ്റ്റ് ലിസ്റ്റിലാണ്. സ്ലീപ്പർ ടിക്കറ്റ് എടുത്ത ശേഷം എസിയിലേക്കു മാറ്റിയെടുക്കുന്ന ഒട്ടേറെ യാത്രക്കാരുണ്ടെങ്കിലും വന്ദേഭാരതിലെ ടിക്കറ്റ് നിരക്കുകൾ വെല്ലുവിളിയാകുമെന്ന സംശയം അധികൃതർക്കുണ്ട്.

എന്നാൽ സ്ഥിരം യാത്രക്കാർ വന്ദേഭാരതിലേക്കു മാറാനുള്ള സാധ്യത വിരളമാണ്. പ്രീമിയം സർവീസായതിനാൽ സീസൺ ടിക്കറ്റുകളും കൺസഷനുകളും ട്രെയിനിലുണ്ടാകില്ല. ഉച്ചയ്ക്കു പുറപ്പെടുന്ന ജനശതാബ്ദിയിൽ കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കു തിരക്കു പൊതുവേ കുറവാണ്. വന്ദേഭാരത് 4 മണിയോടെ കോഴിക്കോട് വിട്ടാൽ യാത്രക്കാരുടെ എണ്ണം കൂടും. ജനശതാബ്ദി കഴിഞ്ഞാൽ തിരുവനന്തപുരത്തേക്കു ഏറെ നേരം ട്രെയിനില്ലാത്ത പ്രശ്നം മലബാർ മേഖലയിലുണ്ട്. വൈകിട്ട് 5.30ന് ശേഷം മണിക്കൂറുകളോളം തലസ്ഥാനത്തേക്കു ട്രെയിനില്ലാത്ത പ്രശ്നം എറണാകുളത്തുമുണ്ട്. വന്ദേഭാരത് ഇതിനു പരിഹാരമായാൽ ഏറെ യാത്രക്കാരെ ലഭിക്കുമെന്നു യാത്രക്കാരുടെ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

2 സ്റ്റോപ്പ് കൂടി അനുവദിച്ചേക്കും; യാത്രാസമയം കൂടും

കേരളത്തിൽ വന്ദേഭാരതിനു കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്നതു യാത്രാസമയം കൂട്ടുമെന്ന് അധികൃതർക്ക് ആശങ്ക. കോയമ്പത്തൂർ–ചെന്നൈ വന്ദേഭാരതിന് 3 സ്റ്റോപ്പുകൾ മാത്രമുള്ളപ്പോൾ കേരളത്തിലെ വന്ദേഭാരതിന് 6 സ്റ്റോപ്പുകളാണു ആദ്യം തന്നെ ശുപാർശ ചെയ്തിരിക്കുന്നത്. വിവിധ കോണുകളിൽ നിന്നു പുതിയ സ്റ്റോപ്പുകൾക്കായുള്ള ആവശ്യവും ഉയർന്നു കഴിഞ്ഞു. ഇതിൽ ഒന്നോ രണ്ടോ സ്റ്റോപ്പുകൾ റെയിൽവേ അനുവദിക്കാനാണു സാധ്യത. അങ്ങനെയെങ്കിൽ ട്രെയിനിന്റെ യാത്രാസമയം 6 മിനിറ്റ് കൂടും.

ചെന്നൈ വിട്ടാൽ കോയമ്പത്തൂർ വന്ദേഭാരതിന്റെ ആദ്യ സ്റ്റോപ്പ് 345 കിലോമീറ്റർ അകലെ സേലം ജംക്‌ഷനിലാണ്. ചെന്നൈ–കോയമ്പത്തൂർ 505 കിലോമീറ്റർ ദൂരം ഓടാൻ 5 മണിക്കൂർ 50 മിനിറ്റ് മാത്രമാണു വന്ദേഭാരത് എടുക്കുന്നത്. ശരാശരി വേഗം 86.57 കിമീ. 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന പാതകളും കുറഞ്ഞ സ്റ്റോപ്പുകളുമാണു ഈ ശരാശരി വേഗം കിട്ടാൻ കാരണം. തിരുപ്പൂർ– 2 മിനിറ്റ്, ഈറോഡ്– 3 മിനിറ്റ്, സേലം–2 മിനിറ്റ് എന്നിങ്ങനെയാണു സ്റ്റോപ്പുകൾ.

കേരളത്തിൽ എല്ലാ സ്റ്റോപ്പും 3 മിനിറ്റാണ്. ഓട്ടമാറ്റിക് വാതിലുകൾ അടയാനും തുറക്കാനും വേണ്ട സമയം കൂടി ചേർത്താണു 3 മിനിറ്റ് നിശ്ചയിച്ചിരിക്കുന്നത്. ചെങ്ങന്നൂരും ഷൊർണൂരുമാണ് സ്റ്റോപ്പുകൾ ലഭിക്കാൻ എന്തെങ്കിലും സാധ്യതയുളള 2 സ്റ്റേഷനുകൾ. എന്നാൽ 4 സ്റ്റേഷനുകളിൽ കൂടി നിർത്തണമെന്നാണ് ആവശ്യം ഉയരുന്നത്.

Related posts

കോവിഡ്: ആശുപത്രികളിൽ മോക്ഡ്രില്ലിന് നിർദേശം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

Aswathi Kottiyoor

വന്യമൃഗശല്യ മേഖലയിലെ സുരക്ഷിത കൃഷി വയനാടൻ മഞ്ഞളുമായി ആറളം ആദിവാസ പുനരധിവാസ മേഖല

Aswathi Kottiyoor

പാർട്ടിക്കാരനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് തല്ലി, നവകേരള സദസിൽ മർദ്ദനമേറ്റ സിപിഎം പ്രവർത്തകൻ പാർട്ടി വിട്ടു

Aswathi Kottiyoor
WordPress Image Lightbox