27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കേന്ദ്രത്തിന്റെ വൻ വീഴ്ചയെന്ന് സത്യപാൽ മാലിക്; പറഞ്ഞതിൽ സത്യമെത്ര?
Uncategorized

കേന്ദ്രത്തിന്റെ വൻ വീഴ്ചയെന്ന് സത്യപാൽ മാലിക്; പറഞ്ഞതിൽ സത്യമെത്ര?


ന്യൂഡൽഹി∙ പുൽവാമയിൽ സിആർപിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിനു നേരെ ചാവേറാക്രമണമുണ്ടായ സംഭവത്തിൽ മുൻ ജമ്മു–കശ്മീർ ഗവർണർ സത്പാൽ മാലിക്കിന്റെ വെളിപ്പെടുത്തലുകൾ നരേന്ദ്ര മോദിക്കെതിരെ ആയുധമാക്കാൻ പ്രതിപക്ഷകക്ഷികൾ ശ്രമിക്കുന്നുവെങ്കിലും എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. മാലിക്കിന്റെ ശ്രമം മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണെന്നു പറഞ്ഞു ബിജെപി ഈ ആരോപണങ്ങൾ തള്ളിയേക്കും. അന്വേഷണഘട്ടത്തിൽ ഇക്കാര്യം എന്തുകൊണ്ട് പറഞ്ഞില്ല എന്ന ചോദ്യവും ഉയർന്നേക്കാം.
അഞ്ചു വിമാനങ്ങൾ അന്ന് സിആർപിഎഫ് ആവശ്യപ്പെട്ടിരുന്നുവെന്നും ആഭ്യന്തരമന്ത്രിയായിരുന്ന രാജ്നാഥ് സിങ് നൽകിയില്ല എന്നുമാണ് മാലിക്, കരൺ ഥാപ്പറുടെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇക്കാര്യം താൻ പ്രധാനമന്ത്രിയോട് പറഞ്ഞപ്പോൾ തന്നോട് മിണ്ടാതിരിക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും മാലിക് ആരോപിച്ചു.

എന്നാൽ, ഇത്തരം ആവശ്യങ്ങൾ സാധാരണ ഉയരാറുള്ളതാണെന്നും അതതു സമയത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യങ്ങൾ അനുവദിക്കുകയോ തള്ളുകയോ ആണ് ചെയ്യുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുൻ ഉദ്യോഗസ്ഥൻ ‘മനോരമ’യോട് പറഞ്ഞു. പ്രത്യേക ദൗത്യങ്ങൾക്ക് വേണ്ടിയല്ലാത്ത സൈനികനീക്കങ്ങൾക്ക് സാധാരണഗതിയിൽ വിമാനം നൽകാറില്ല. പുൽവാമയിലൂടെയുള്ള അന്നത്തെ നീക്കം സാധാരണ രീതിയിലുള്ളതായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിമാനം നൽകിയിരുന്നെങ്കിൽ നന്നായിരുന്നു എന്നത് സംഭവത്തിനുശേഷം ഉണ്ടായ അഭിപ്രായമാണ്.

1999ൽ കാർഗിലിൽ ആക്രമണമുണ്ടായപ്പോൾ താൻ ഗൺ–ലൊക്കേറ്റിങ് റഡാറുകൾ ആവശ്യപ്പെട്ടിരുന്നതാണെന്നും അവ ലഭിച്ചിരുന്നെങ്കിൽ സൈനികദൗത്യത്തിന്റെ ആദ്യഘട്ടത്തിലെ വിഷമങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും അന്നത്തെ കാർഗിൽ കമാൻഡർ ബ്രിഗേഡിയർ സരീന്ദർ സിങ് ആരോപിച്ചിരുന്നത് അദ്ദേഹം ഓർമിപ്പിച്ചു.

പുൽവാമ ആക്രമണം നടന്നപ്പോൾ പ്രധാനമന്ത്രി കോർബെറ്റ് ദേശീയോദ്യാനത്തിൽ ഒരു വിഡിയോ ചിത്രീകരണത്തിലായിരുന്നുവെന്നത് പുതിയ ആരോപണമല്ല. അവിടെ ഫോൺ നെറ്റ്‌വർക്ക് ഇല്ലായിരുന്നെന്നും പിന്നീട് ഒരു ഡാബയിൽനിന്നാണ് പ്രധാനമന്ത്രി തന്നെ ഫോൺ ചെയ്തതെന്നും മറ്റുമുള്ള ആരോപണം ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ചിരിച്ചുതള്ളുകയാണ്. സാറ്റലൈറ്റ് ഫോണും മറ്റു വാർത്താവിനിമയ സംവിധാനങ്ങളുമുള്ള ഒരു വിദഗ്ധസംഘം എപ്പോഴും പ്രധാനമന്ത്രിയോടൊപ്പമുണ്ടാകാറുണ്ട്. മാലിക്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ ബിജെപിക്ക് ഇക്കാര്യം മാത്രം മതിയാവും.ബിഹാർ ഗവർണർ ആയിരുന്ന മാലിക്ക് 2018 ഓഗസ്റ്റിലാണ് ജമ്മു–കശ്മീർ ഗവർണറായി നിയമിക്കപ്പെടുന്നത്. 2019 ഫെബ്രുവരിയിലായിരുന്നു പുൽവാമ സംഭവം. ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് ആയിരത്തോളം സിആർപിഎഫ് ജവാന്മാരെയും വഹിച്ചുകൊണ്ടുപോവുകയായിരുന്ന ബസുകളിൽ ഒരെണ്ണമാണ് ചാവേർ ആക്രമണത്തിൽ തകർക്കപ്പെട്ടത്. 40 സൈനികർ കൊല്ലപ്പെട്ടു. ഒരു സൈഡ് റോഡിൽനിന്ന് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു വാഹനം വന്ന് ബസിൽ ഇടിക്കുകയായിരുന്നു.

2019–ൽ നവംബറിൽ ഗോവ ഗവർണറായി സ്ഥലം മാറ്റപ്പെട്ട മാലിക്കിനെ പിന്നീട് 2020 ഓഗസ്റ്റിൽ മേഘാലയയിലേക്കു മാറ്റിയിരുന്നു. ഗവർണറായിരുന്നു കാലത്ത് മോദി ഭരണകൂടത്തിന്റെ കാർഷിക ബില്ലുകൾക്കെതിരെയും മാലിക് തുറന്ന അഭിപ്രായപ്രകടനം നടത്തിയിരുന്നു.

ഇതൊക്കെയാണെങ്കിലും മാലിക്കിന്റെ വെളിപ്പെടുത്തലുകൾ മോദിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണായുധങ്ങൾക്ക് ചെറിയതോതിലെങ്കിലും മൂർച്ച കൂട്ടിയേക്കും. കശ്മീരിൽ ഒരു ആക്രമണമുണ്ടാകുമെന്നു പത്തോ പതിനൊന്നോ ഇന്റലിജൻസ് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെന്ന് അന്നേ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അവയിൽ കൃത്യമായ കരുതൽ നടപടിയെടുക്കാവുന്ന റിപ്പോർട്ടുകൾ (ആക്‌ഷനബിൾ റിപ്പോർട്ടുകൾ) ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല, പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലവും തുടർനടപടികളും സംബന്ധിച്ച് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ചില്ലെന്നതും വീണ്ടും ആരോപണമായി ഉയരാവുന്നതാണ്. 2019–ലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടന്ന ആക്രമണത്തിന് മറുപടിയായി ബാലാക്കോട്ട് പ്രത്യാക്രമണം നടത്തി അതിന്റെ പേരിൽ വോട്ട് പിടിക്കാൻ ശ്രമിച്ചു എന്ന രീതിയിലുള്ള ആരോപണങ്ങളും പ്രതിപക്ഷം ഉയർത്തിയേക്കാം.

പുൽവാമയിലേത് വൻ വീഴ്ചയെന്ന് സത്യപാൽ മാലിക്

‘300 കിലോ സ്ഫോടകവസ്തുവുമായി കാർ 12 ദിവസം കശ്മീരിൽ കറങ്ങി’

ന്യൂഡൽഹി ∙ പുൽവാമയിൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് സേനാംഗങ്ങൾ കടന്നുപോയ വഴിയിൽ സുരക്ഷാ പരിശോധന നടത്തിയിരുന്നില്ലെന്നും ആ വഴിയിലേക്കെത്താവുന്ന 8 – 10 ഇടറോഡുകളിലൊന്നിൽ പോലും കാവൽ ഉണ്ടായിരുന്നില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങളും അന്നത്തെ ഗവർണറായിരുന്ന സത്യപാൽ മാലിക് ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ഉന്നയിക്കുന്നുണ്ട്.

‘അത്രയുമധികം സ്ഫോടകവസ്തുക്കൾ ഭീകരനു നൽകിയത് പാക്കിസ്ഥാനാണ്. പക്ഷേ, 300 കിലോ സ്ഫോടകവസ്തുക്കളുമായി ഒരു കാർ 10 – 12 ദിവസം കശ്മീരിൽ സ്വതന്ത്രമായി സഞ്ചരിച്ചതു കണ്ടെത്താൻ കഴിയാത്തതു നമ്മുടെ ഇന്റലിജൻസ് വീഴ്ചയാണ്. ആഭ്യന്തര മന്ത്രാലയവും സിആർപിഎഫുമാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയത്. ഞാനായിരുന്നു ആഭ്യന്തര മന്ത്രിയെങ്കിൽ കുറ്റം ഞാൻ ഏൽക്കുമായിരുന്നു. പുൽവാമ സംഭവത്തിൽ ഇന്ത്യൻ ഭരണസംവിധാനത്തിനാകെ വീഴ്ച പറ്റി’ – സത്യപാൽ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ തലേന്നു മാത്രമാണ് അക്കാര്യം കേന്ദ്രം തന്നെ അറിയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

സേനാംഗങ്ങൾക്കു സുരക്ഷിതമായി സഞ്ചരിക്കാൻ എന്തുകൊണ്ടു വിമാനം നൽകിയില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും ആക്രമണത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്തുവിടണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.

സത്യപാൽ മാലിക്

ഭാരതീയ ക്രാന്തിദൾ, ലോക്ദൾ,കോൺഗ്രസ്, ജനതാദൾ എന്നിവയിൽ പ്രവർത്തിച്ച മാലിക് 2004 ലാണ് ബിജെപിയിൽ ചേർന്നത്. ദേശീയ വൈസ് പ്രസിഡന്റായിരുന്നു. 2017 മുതൽ 20 വരെ വിവിധ സംസ്ഥാനങ്ങളിൽ ഗവർണർ. 1989–90 ൽ വി.പി. സിങ് മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു.

Related posts

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയം, ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു

Aswathi Kottiyoor

രാഹുല്‍ വയനാട്ടിലെത്തി; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

Aswathi Kottiyoor

മയക്കുമരുന്ന് കേസ്: യുവാവിന് പത്തു വര്‍ഷം തടവ്

Aswathi Kottiyoor
WordPress Image Lightbox