ദേശീയ സഹകരണ ബാങ്ക് രൂപീകരണത്തിനായി കേന്ദ്ര സർക്കാർ ദേശീയ കാർഷിക ഗ്രാമ വികസന ബാങ്കി (നബാർഡ്)നെ ഇല്ലാതാക്കുന്നു. ദേശീയ സഹകരണ നയത്തിന്റെ ഭാഗമായി ഫണ്ട് നിഷേധിച്ചും മുഖ്യധാരാ പ്രവർത്തനങ്ങൾ സ്വകാര്യ പങ്കാളിത്തമുള്ള സബ്‌സിഡിയറികൾക്ക് കൈമാറിയുമാണ് നശീകരണം.
ഗ്രാമീണ മേഖലയിൽ കുറഞ്ഞ നിരക്കിൽ വായ്‌പ, പുനർവായ്‌പ പ്രവർത്തനങ്ങൾക്ക് നബാർഡിനെ പ്രാപ്‌തമാക്കിയിരുന്നത് വാണിജ്യ ബാങ്കുകളുടെ ഗ്രാമീണ ശാഖകൾ, റീജണൽ റൂറൽ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയുടെ കരുതൽ ധനത്തിന്റെ ഒരുഭാഗം ചേർത്തുവച്ചിരുന്ന ദേശീയ വികസന നിധിയാണ്. ഈ നയം കേന്ദ്ര സർക്കാർ മാറ്റി. നബാർഡിന് ആവശ്യമായ പണം പൊതുവിപണിയിൽനിന്ന് കണ്ടെത്തണമെന്നായി. 2022ൽ നബാർഡിന്റ 7,57,472 കോടിയുടെ ബിസിനസിൽ പത്തുശതമാനം മാത്രമാണ് കരുതൽ ധനത്തിന്റെ രൂപത്തിൽ ലഭ്യമായത്. ബാക്കി പൊതുവിപണിയിൽനിന്ന് ഉയർന്ന പലിശ നൽകി കടമെടുത്തു. കർഷകർക്കും സഹകരണ സംഘങ്ങൾക്കും ഗ്രാമ വികസനത്തിനും നൽകുന്ന വായ്‌പകളുടെ പലിശ ഉയർത്തുക മാത്രമേ നബാർഡിന് മാർഗമുണ്ടായുള്ളൂ.
ദേശീയ ഗ്രാമ വികസന നിധിയിൽ ആർബിഐയുടെ വാർഷിക മിച്ചവും പ്രധാന ഭാഗമാണ്. കുറഞ്ഞ പലിശയ്‌ക്ക് ദീർഘകാല കാർഷിക, ഗ്രാമ വികസന വായ്‌പ ഉറപ്പാക്കാനാണ് നബാർഡ് ഈ നിധി ഉപയോഗിക്കുന്നത്. പ്രവർത്തന മിച്ചധനം ആർബിഐ കേന്ദ്ര സർക്കാരിന്റെ ധനകമ്മി ക്രമീകരിക്കാൻ വഴിതിരിച്ച് നൽകി. ആർബിഐ, നബാർഡ് നിയമവ്യവസ്ഥകളെല്ലാം ലംഘിക്കുന്ന നടപടിയും നബാർഡിന്റെ തകർച്ച ഉറപ്പാക്കാനാണെന്ന് വ്യക്തം
കേന്ദ്ര സർക്കാർ നിർദേശപ്രകാരം മുൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലെ സമിതി ദേശീയ സഹകരണ നയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിർദേശങ്ങളിലാണ് ദേശീയ ധനസ്ഥാപനമായി ദേശീയ സഹകരണ ബാങ്ക് രൂപീകരണം നിർദേശിക്കുന്നത്. രാജ്യത്തെ 63,000 വരുന്ന പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങളുടെ നിയന്ത്രണം ഈ ബാങ്കിനുകീഴിലാക്കണമെന്നും ആവശ്യപ്പെടുന്നു. സഹകരണ മേഖലയിൽ 2047 വരെ കാൽനൂറ്റാണ്ടിലേക്കുള്ളതെന്ന് അവകാശപ്പെടുന്ന മാർഗരേഖ പൂന വൈകുണ്‌ഠ മേത്ത നാഷണൽ ഇൻസ്റ്റിറ്റ്യട്ട് ഓഫ് കോ–- ഓപ്പറേറ്റിവ് മാനേജ്‌മെന്റ് ഡയറക്ടർ ഹേമ യാദവിന്റെ നേതൃത്വത്തിൽ പൂർത്തീകരണ നടപടികളിലാണ്. ഈ നിർദേശങ്ങൾ നടപ്പായാൽ 42 വർഷമായി രാജ്യത്തെ സഹകരണ, ഗ്രാമീണ വികസന മേഖലയുടെ നട്ടെല്ലായിനിന്ന നബാർഡ് തകർക്കപ്പെടും.
തകർക്കൽ
എളുപ്പമാക്കാൻ
സബ്‌സിഡിയറികൾ
ഒമ്പത് സബ്‌സിഡിയറിയുടെ രൂപീകരണത്തിലൂടെയാണ് നബാർഡിനെ ഇല്ലാതാക്കലിന് തുടക്കമിട്ടത്. നാബ്‌കിസാൻ, നാബ്‌സമൃദ്ധി, നാബ്‌ഫിൻസ്, നാബ്‌ഫൗണ്ടേഷൻ, നാബ്കോൺസ്, നാബ്‌വെഞ്ച്വേഴ്‌സ്, നാബ്‌സംരക്ഷൺ എന്നിവയുടെ രൂപീകരണത്തിന് വാണിജ്യബാങ്കുകൾക്കൊപ്പം വ്യക്തികളെയും സ്വകാര്യ സ്ഥാപനങ്ങളെയും പങ്കാളികളാക്കി. ഇവയിലൂടെ നബാർഡിന്റെ പ്രവർത്തനങ്ങളെ വഴിതിരിച്ചുവിട്ടു. ലാഭകേന്ദ്രീകൃത നയങ്ങളിലേക്ക് സബ്‌സിഡിയറികൾ മാറി.