സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ സൗജന്യകണക്ഷനു പുറമെ വാണിജ്യാടിസ്ഥാനത്തിൽ രണ്ടുലക്ഷം കണക്‌ഷൻ ഈവർഷം നൽകും. സർക്കാർ സ്ഥാപനങ്ങൾ ഒഴികെയുള്ള ഉപയോക്താക്കൾക്ക് സേവനം ലഭ്യമാക്‌കാൻ കെ -ഫോണിന് സാങ്കേതികവും വാണിജ്യപരവുമായ സഹായം നൽകാൻ മാനേജ്ഡ് സർവീസ് പ്രൊവൈഡറെ (എംഎസ്‌പി) ടെൻഡർ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കുമെന്ന് കെ ഫോൺ ചുമതലയുള്ള കെഎസ്‌ഐടിഐഎൽ എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.
സ്വകാര്യകമ്പനികൾ കൈയടക്കിയിരുന്ന മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനാണ് തീരുമാനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബത്തിന് സൗജന്യ കണക്‌ഷൻ ലഭ്യമാക്കും. ബാക്കി വീടുകൾക്കും സർക്കാരിതര സ്ഥാപനങ്ങൾക്കും നൽകുന്ന കണക്‌ഷന്റെ പ്രതിമാസ വാടക കെ ഫോണിന് വരുമാനമാകും.
കെ ഫോൺ പ്രവർത്തനത്തിൽ പൂർണമായും സ്വയംപര്യാപ്‌തമാക്കും. 340 കോടി രൂപ പ്രതിവർഷ പദ്ധതി നടത്തിപ്പ് ചെലവുണ്ടാകാം. ഇത് പദ്ധതിയിൽനിന്ന് കണ്ടെത്താനുള്ള ധനാഗമന മാർഗങ്ങൾ സർക്കാർ അംഗീകരിച്ചു. സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനത്തിന് വർഷം 200 കോടി രൂപ സർക്കാരിൽനിന്ന് കെ ഫോൺ ആവശ്യപ്പെടും. വർഷം 450 കോടി രൂപവരെ സർക്കാർ സ്ഥാപനങ്ങൾ ഇന്റർനെറ്റ്, ഇൻട്രാനെറ്റ് വാടക നൽകുന്നതായാണ് കണക്ക്. അഞ്ചും ആറും സ്വകാര്യ ഇന്റർനെറ്റ് കണക്‌ഷൻ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾവരെ കെ ഫോണിലേക്ക് മാറേണ്ടിവരും.
കെ സ്വാൻ ശൃംഖലയിൽ ഉപയോഗിക്കുന്ന കെ ഫോൺ സേവനം ഗുണമേന്മ ഉയർന്നതാണെന്ന് വിലയിരുത്തിയിട്ടുണ്ട്. ആറ് കലക്‌ട്രേറ്റിൽ കെ സ്വാനെ കെ ഫോണുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. അധികമുള്ള ബാൻഡ്‌വിത്ത് സ്വകാര്യസ്ഥാപനങ്ങൾക്ക് വാടകയ്‌ക്ക് നൽകും. ഐടി സെക്രട്ടറി കൺവീനറായ ആറംഗ സമിതിയാണ് കെ ഫോൺ ധനാഗമന മാർഗങ്ങൾ രൂപീകരിച്ചത്. പദ്ധതി പരിപാലന ചുമതല കെ- ഫോൺ ലിമിറ്റഡിനായിരിക്കും. മറ്റ് പ്രവർത്തനങ്ങൾക്ക് പുറംസേവനം ഉറപ്പാക്കുന്ന പ്രൊപ്രൈറ്റർ മോഡലാണ് കെ ഫോൺ പദ്ധതിക്ക് സ്വീകരിക്കുന്നത്.
സർക്കാർ ഓഫീസുകൾക്ക് ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കുന്നതിന് ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് ടെർമിനൽ വരെയുള്ള പ്രവർത്തനവും പരിപാലനവും സിസ്റ്റം ഇന്റഗ്രേറ്ററായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് മുഖേന ഉറപ്പുവരുത്തും. സർക്കാർ ഓഫീസുകളിൽ ലാൻ, വൈഫൈ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഏജൻസികളെ കെഎസ്ഐടിഐഎൽ എംപാനൽ ചെയ്യും. ഇന്റർനെറ്റും ഇൻട്രാനെറ്റും ലഭ്യമാക്കുന്നതിന് ഓരോ സർക്കാർ ഓഫീസും വെവ്വേറേ ബില്ലുകൾ അടയ്‌ക്കേണ്ടിവരില്ല.