ഒറ്റയ്ക്കും കൂട്ടമായും സ്വർണത്തരികൾ പോലെ ഒഴുകിപ്പരന്ന ജനം ആർപ്പുവിളിച്ചു. ‘ഭാരത് മാതാ കീജയ്, കോൺഗ്രസ് കീ ജയ്, രാഹുൽ ഗാന്ധി കീ ജയ്…’ കെജിഎഫ് സിനിമയിൽ കോലാർ ഖനിയിൽ തടവിൽപ്പെട്ട ആയിരക്കണക്കിനു തൊഴിലാളികളുടെ മുന്നിൽ കരുത്തോടെ പ്രത്യക്ഷപ്പെട്ട നായകൻ ‘റോക്കിഭായി’യെപ്പോലെയായിരുന്നു അണികൾക്കു രാഹുൽ ഗാന്ധി.
കോലാറിൽ 2019ലെ തിരഞ്ഞെടുപ്പു റാലിയിലെ പ്രസംഗത്തിന്റെ പേരിൽ രണ്ടുവർഷം തടവുശിക്ഷ വിധിക്കപ്പെടുകയും പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യത നേരിടുകയും ചെയ്തശേഷം അതേ മണ്ണിൽ രാഹുൽ തിരിച്ചെത്തുമ്പോൾ പ്രവർത്തകരിൽ ആവേശം കത്തിജ്വലിച്ചു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ‘ജയ് ഭാരത്’ ക്യാംപെയ്നിനും തുടക്കമായി.
‘രാഹുൽഗാന്ധി ശബ്ദിച്ചാൽ തടയാൻ നിങ്ങളാര് ? പാർലമെന്റിൽനിന്നും ഔദ്യോഗിക വസതിയിൽനിന്നും പുറത്താക്കുന്നതിലെ ന്യായമെന്ത് ?’ പ്രസംഗകരെല്ലാം ചോദിച്ചു.
തനിക്കെതിരെ സ്വീകരിച്ച ‘ശിക്ഷാനടപടികൾ’ തെല്ലും തളർത്തിയില്ലെന്നു സൂചിപ്പിക്കുന്ന രീതിയിൽ നരേന്ദ്ര മോദിയെയും ഗൗതം അദാനിയെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. ചോദ്യങ്ങളായിരുന്നു ഏറെയും. ‘‘ഇത്തരം ചോദ്യങ്ങൾ ചോദിച്ചതിനല്ലേ, എന്നെ പാർലമെന്റിൽനിന്നു പുറത്താക്കിയത്. ഇനിയും ഞാൻ ചോദ്യങ്ങൾ നിറയൊഴിക്കും. ഭയപ്പെടില്ല, മിണ്ടാതിരിക്കില്ല’’– രാഹുൽ പറഞ്ഞു.
കർണാടക: ജഗദീഷ് ഷെട്ടറും ബിജെപി വിട്ടു
ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ബിജെപി എംഎൽഎ സ്ഥാനം രാജിവച്ചു. 6 തവണ എംഎൽഎയായ അദ്ദേഹം പ്രതിപക്ഷ നേതാവ്, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മറ്റേതെങ്കിലും പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ചു തീരുമാനമെടുത്തിട്ടില്ലെന്നു ലിംഗായത്ത് സമുദായ നേതാവു കൂടിയായ ഷെട്ടർ പറയുന്നുണ്ടെങ്കിലും കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. തനിക്കു സീറ്റ് നൽകിയില്ലെങ്കിൽ വടക്കൻ കർണാടകയിൽ 25 സീറ്റ് വരെ ബിജെപിക്ക് നഷ്ടപ്പെടുമെന്നു ഷെട്ടർ മുന്നറിയിപ്പു നൽകിയിരുന്നു. ബിജെപി കേന്ദ്ര നേതാക്കളുടെ അനുനയശ്രമം പരാജയപ്പെട്ടതോടെയാണ് ഷെട്ടർ പാർട്ടിയോട് വിടപറയുന്നത്.