21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • പൊലീസ് നോക്കിനിൽക്കെ ഇരട്ടക്കൊല
Uncategorized

പൊലീസ് നോക്കിനിൽക്കെ ഇരട്ടക്കൊല


ന്യൂഡൽഹി ∙ ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദിനെയും (60) സഹോദരൻ അഷ്റഫ് അഹമ്മദിനെയും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പൊലീസിന്റെ കൺമുന്നിൽ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയതിനെത്തുടർന്ന് യുപിയിലുടനീളം കനത്ത ജാഗ്രത.

മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തി കൊലപാതകം നടത്തിയ ലവ്‌ലേഷ് തിവാരി (22), മോഹിത് (സണ്ണി – 23), അരുൺ മൗര്യ (18) എന്നിവരെ സംഭവസ്ഥലത്തു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.

യുപിയിലെങ്ങും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലസ്ഥാനമായ ലക്നൗവിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി. പ്രയാഗ്‌രാജിൽ പലയിടത്തും ഇന്റർനെറ്റ് വിഛേദിച്ചു. സംഭവത്തിൽ അന്വേഷണത്തിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചു. അതേസമയം, ഭരണ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു കൊലപാതകമെന്നും ആരോപണമുയർന്നിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിലായിരുന്ന അതീഖിനെയും അഷ്റഫിനെയും ശനിയാഴ്ച രാത്രി പത്തിനു പ്രയാഗ്‌രാജിലെ ആശുപത്രിയിലേക്കു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. ഇരുവർക്കും കയ്യാമവും പരസ്പരം ബന്ധിച്ചു ചങ്ങലയുമുണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി നടന്നുനീങ്ങുന്നതിനിടെയാണ് അതീഖിന്റെ തലയിലേക്കു തോക്കു ചേർത്തുവച്ച് അക്രമികൾ വെടിവച്ചത്. തൊട്ടുപിന്നാലെ അഷ്റഫിനെയും വെടിവച്ചു വീഴ്ത്തി. ഇരുവരും തൽക്ഷണം മരിച്ചു. സുരക്ഷാവീഴ്ചയുടെ പേരിൽ പൊലീസിനെതിരെ നടപടിയെടുത്തിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മകൻ ആസാദിന്റെ കബറടക്കം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകമായിരുന്നു അതീഖിനു നേർക്കുള്ള ആക്രമണം. അതീഖിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയേക്കുമെന്ന സൂചന ശക്തമാണ്. പ്രശസ്തിക്കു വേണ്ടി കൊല നടത്തുകയായിരുന്നുവെന്നാണ് അക്രമികളുടെ മൊഴി.

Related posts

സംവിധായകൻ കെ വിശ്വനാഥ് അന്തരിച്ചു.*

Aswathi Kottiyoor

‘ഇന്ത്യയെ പ്രകോപിപ്പിച്ചാൽ വെറുതെ വിടില്ല, പാക്കിസ്ഥാനിൽ കടന്ന് ആക്രമിക്കാനും മടിക്കില്ല’; പ്രതിരോധ മന്ത്രി

Aswathi Kottiyoor

ഇൻഡ്യമുന്നണിയെ കുറിച്ചു ആശങ്ക ഉണ്ടെങ്കിൽ വയനാട്ടിൽ സിപിഐ മാറി നിൽക്കട്ടെ: കെ.സി വേണുഗോപാൽ

Aswathi Kottiyoor
WordPress Image Lightbox