24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കോലാറിൽ കത്തിപ്പടർന്ന് രാഹുൽ; ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ ?
Uncategorized

കോലാറിൽ കത്തിപ്പടർന്ന് രാഹുൽ; ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ ?


കോലാർ (കർണാടക) ∙ ‘‘എനിക്കു ഭയമില്ല. എന്നെ അയോഗ്യനാക്കിക്കൊള്ളൂ. വേണമെങ്കിൽ ജയിലിൽ അടച്ചോളൂ… എന്നാലും ഞാൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും’’ – കോലാറിൽ രാഹുൽ ഗാന്ധിയുടെ വാക്കുകൾ.
‘‘മോദി ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചു സംസാരിക്കുന്നു. അതിൽ ആത്മാർഥതയുണ്ടെങ്കിൽ യുപിഎ സർക്കാർ കാലത്തു നടത്തിയ ജാതി സെൻസസിന്റെ വിവരങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ ?’’ കേസിൽ കുടുക്കിയ തന്റെ ‘മോദി’ പരാമർശം ഒബിസികൾക്ക് എതിരാണെന്ന ബിജെപി ആരോപണത്തിനു രാഹുൽ മറുപടി നൽകിയതിങ്ങനെ. കേസിനിടയാക്കിയ 2019ലെ പ്രസംഗത്തിന്റെ വേദിയായ കോലാർ തന്നെ മറുപടിക്കു തിരഞ്ഞെടുക്കുകയും ചെയ്തു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ബാങ്കുകൾ കൊള്ളക്കാർക്കല്ല, കർഷകർക്കും തൊഴിലാളികൾക്കുമായി തുറന്നുകൊടുക്കുമെന്നു രാഹുൽ പറഞ്ഞു. കർണാടകയിൽ പൊതുമരാമത്തു നിർമാണക്കരാർ എടുക്കുന്നവർ ബിജെപിക്കും സർക്കാരിനും 40% കമ്മിഷൻ നൽകേണ്ടിവരുന്നുവെന്ന് അവർ തന്നെ പ്രധാനമന്ത്രിക്കു കത്തെഴുതി. അതിനു മറുപടി പറയാത്തത് എന്തുകൊണ്ടാണ്? കോൺഗ്രസ് കർണാടകയിൽ അധികാരത്തിൽ വന്നാൽ സാധാരണക്കാർക്കും സ്ത്രീകൾക്കും തൊഴിൽരഹിതരായ യുവാക്കൾക്കുമുള്ള പദ്ധതികൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ നടപ്പാക്കും. മോദി ആയിരക്കണക്കിനു കോടി അദാനിക്കു കൊടുക്കുമ്പോൾ ഞങ്ങൾ ആ പണം പാവപ്പെട്ടവർക്കു നൽകും– രാഹുൽ പറഞ്ഞു.

അദാനി അഴിമതിയുടെ ജിന്നാണ്. ഒരു മന്ത്രം ചൊല്ലുമ്പോൾ രാജ്യത്തിന്റെ വിമാനത്താവളങ്ങളും തുറമുഖങ്ങളുമൊക്കെ അദ്ദേഹത്തിന്റെ കയ്യിലെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അദാനിയുടെ കയ്യിലെത്തിക്കുന്നത് ആരുടെ പണമാണ് ? പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനാലാണു തന്നെ പുറത്താക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിരോധമേഖലയിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുള്ള അദാനിയുടെ ഷെൽ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ഒരു ചൈനീസ് പൗരൻ എങ്ങനെ ഇടം കണ്ടെത്തി ? അതിൽ എന്താണ് അന്വേഷണമില്ലാത്തത് ? അദാനിയുടെ വ്യാജ കമ്പനികളിലെ 20,000 കോടി രൂപ ആരുടെ പണമാണ് ? പ്രധാനമന്ത്രി ഓസ്ട്രേലിയയിൽ പോയി, അദാനിക്ക് അവിടെ കരാർ ലഭിച്ചു. ബംഗ്ലദേശിൽ പോയി, അവിടെയും കരാർ ലഭിച്ചു. ശ്രീലങ്കയിൽ പോയി അവിടുത്തെ വിമാനത്താവള അധികൃതരോട് അദാനിയെ സഹായിക്കാൻ അഭ്യർഥിച്ചു– രാഹുൽ ആരോപിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ, കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല, എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, തിരഞ്ഞെടുപ്പു ചുമതലയുള്ള പി.സി.വിഷ്ണുനാഥ്, റോജി എം. ജോൺ എന്നിവരും വേദിയിലുണ്ടായിരുന്നു.

Related posts

ബാങ്ക് ഹാക്കർമാരുടെ ചതിയിൽ പെട്ട മലയാളി യുവാവ് ജയിൽ മോചിതനായി നാട്ടിലേക്ക്

Aswathi Kottiyoor

എലിപ്പനിയ്ക്ക് സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ് വെള്ളം കയറിയ ഇടങ്ങളിലെ പകര്‍ച്ചവ്യാധി പ്രതിരോധം മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരും ഡോക്‌സിസൈക്ലിന്‍ കഴിക്കണം

Aswathi Kottiyoor

നവീകരിച്ച പേരാവൂർ ജുമാമസ്ജിദ് ഉദ്ഘാടനം വെള്ളിയാഴ്ച*

Aswathi Kottiyoor
WordPress Image Lightbox