25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • അവർ കൊണ്ടു പോയില്ല, അതിനാൽ പോയില്ല’; പറഞ്ഞുകൊണ്ടിരിക്കെ വെടിവയ്പ്, ദാരുണാന്ത്യം
Uncategorized

അവർ കൊണ്ടു പോയില്ല, അതിനാൽ പോയില്ല’; പറഞ്ഞുകൊണ്ടിരിക്കെ വെടിവയ്പ്, ദാരുണാന്ത്യം


ലക്നൗ∙ ഉത്തർപ്രദേശിലെ സ്പെഷൽ ടാസ്ക് ഫോഴ്സ് ടീമുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മകൻ ആസാദ് അഹമ്മദിന്റെ സംസ്കാരം നടന്ന് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ്, ക്യാമറക്കണ്ണുകൾക്കു മുന്നിൽ പൊലീസുകാരെ സാക്ഷിയാക്കി ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും അക്രമികൾ വധിച്ചത്. ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട കേസിൽ പ്രതിയുമായ ആസാദ് അഹമ്മദും കൂട്ടാളി മുഹമ്മദ് ഗുലാമും രണ്ടു ദിവസം മുൻപാണ് സ്പെഷൽ ടാസ്ക് ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.

മകന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാകാത്തതു സംബന്ധിച്ച ചോദ്യത്തിനു മാധ്യമങ്ങളോട് മറുപടി പറയുന്നതിനിടെയാണ് ആതിഖിനു നേരെ വെടിവയ്പ്പുണ്ടായത്. ‘‘അവർ കൊണ്ടു പോയില്ല, അതിനാൽ പോയില്ല’’ – എന്നായിരുന്നു മകന്റെ അന്ത്യകർമങ്ങളിൽ പോകാനാകാത്തത് സംബന്ധിച്ച് ആതിഖിന്റെ പ്രതികരണം.

നിലവിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ഇരുവരെയും വൈദ്യപരിശോധനയ്ക്കായി എത്തിച്ചതായിരുന്നു പൊലീസ് സംഘം. ഇരുവരുടെയും കൈകൾ ചേർത്ത് ബന്ധിച്ചാണ് വാഹനത്തിൽനിന്ന് ഇറക്കിയത്. ഇവരുമായി പൊലീസുകാർ നടന്നനീങ്ങവെ കാത്തുനിന്ന മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി ഒപ്പം കൂടുകയായിരുന്നു. ചോദ്യങ്ങൾക്ക് നടന്നുകൊണ്ട് മറുപടി നൽകുന്നതിനിടെയാണ് പോയിന്റ് ബ്ലാങ്കിൽനിന്ന് അക്രമികൾ ആതിഖിന്റെ ശിരസിൽ വെടിവച്ചത്. പിന്നാലെ അഷ്റഫിനും വെടിയേറ്റു. ആതിഖിന്റെയും സഹോദരന്റെയും കൊലപാതകത്തിനു ശേഷം അക്രമികൾ ‘ജയ് ശ്രീറാം’ വിളിക്കുകയും ചെയ്തു. ഇവർ 12 റൗണ്ടോളം വെടിയുതിർത്തതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

മാധ്യമപ്രവർത്തകരെന്ന വ്യാജേനെയാണ് പൊലീസ് വലയത്തിലായിരുന്ന ആതിഖിനും സഹോദരനും സമീപം ഇവരെത്തിയത്. എൻസിആർ ന്യൂസ് എന്ന പേരിൽ വ്യാജ മൈക്കും ഐഡിയും ഉപയോഗിച്ചാണ് ഇരുവരും മാധ്യമപ്രവർത്തകർക്കൊപ്പം നിലയുറപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ആതിഖ് അഹമ്മദിന്റെ പേരിൽ മാത്രം നൂറിലധികം കേസുകളുണ്ട്. ആതിഖിനൊപ്പം കൊല്ലപ്പെട്ട സഹോദരൻ അഷറഫിന്റെ പേരിൽ 57 കേസുകളുമുണ്ട്.

ബിഎസ്പി എംഎൽഎയായ രാജുപാലിനെ 2005ൽ വധിച്ച കേസിലെ മുഖ്യസാക്ഷിയും അഭിഭാഷകനുമായ ഉമേഷ് പാലും 2 സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നു പട്ടാപ്പകൽ പ്രയാഗ്‌രാജിലെ ധൂമംഗഞ്ചിലെ വീടിനു പുറത്തു വെടിയേറ്റു കൊല്ലപ്പെട്ട കേസിലെ പ്രതികളായിരുന്നു ആതിഖിന്റെ മകൻ ആസാദും കൂട്ടാളി മുഹമ്മദ് ഗുലാമും. ആതിഖ് അഹ്മദും സഹോദരനും ഇതേ കേസിലാണ് ജയിലിലായതും.

ആതിഖിന് ഐഎസ്ഐയുമായും ലഷ്കറെ തയിബയുമായും ബന്ധമുണ്ടെന്ന് യുപി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ആതിഖും സഹോദരനും വെടിയേറ്റു കൊല്ലപ്പെട്ടതും ഉമേഷ് പാൽ കൊല്ലപ്പെട്ട ധൂമംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.

Related posts

കാസർഗോഡ് കുമ്പളയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രികൻ മരിച്ചു

Aswathi Kottiyoor

ഐഎഎസ് ഉദ്യോഗസ്ഥൻ ജോലി രാജിവെച്ച് തുടങ്ങിയ സ്ഥാപനം; ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമാണ ഫാക്ടറി കേരളത്തിൽ

Aswathi Kottiyoor

വയർ പെട്ടെന്ന് വീർക്കുന്നു, പത്ത് മിനിറ്റിനുള്ളിൽ വീഴും; കറവപശുക്കൾ കൂട്ടത്തോടെ ചാകുന്നു, ക്ഷീരകർഷകർ ആശങ്കയിൽ

Aswathi Kottiyoor
WordPress Image Lightbox