ന്യൂഡൽഹി∙ 2019ൽ പുൽവാമയിലുണ്ടായ ആക്രമണത്തിനു മുന്നോടിയായി സിആർപിഎഫിന് എന്തുകൊണ്ട് വിമാനം നൽകിയില്ലെന്ന ചോദ്യവുമായി കോൺഗ്രസ്. ഭീകരാക്രമണ ഭീഷണി നിലനിൽക്കെ എന്തുകൊണ്ട് റോഡ് വഴിയുള്ള സഞ്ചാരത്തിന് സിആർപിഎഫ് ജവാന്മാരെ നിർബന്ധിതരാക്കിയെന്നും കോൺഗ്രസ് ചോദിച്ചു. 40 ജവാന്‍മാർ കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണത്തിന്റെ റിപ്പോർട്ട് കേന്ദ്രം പുറത്തുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ജമ്മു കശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലിൽ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ പ്രതികരിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ കോൺഗ്രസ് ഇനിയും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി നേതാക്കന്മാരായ പവൻ ഖേര, സുപ്രിയ ശ്രീനാഥ് എന്നിവർക്കൊപ്പമാണ് ജയറാം രമേശ് മാധ്യമസമ്മേളനത്തിൽ പങ്കെടുത്തത്.
∙ എന്തുകൊണ്ട് എയർലിഫ്റ്റ് ചെയ്തില്ല?
ജനാധിപത്യത്തിന്റെ ചിഹ്നമായിട്ടാണ് സർക്കാർ കെട്ടിടങ്ങൾ നിർമിക്കുന്നത്. എന്നാൽ ജനാധിപത്യം ഇവിടെനിന്ന് അപ്രത്യക്ഷമാണ്. എന്തുകൊണ്ടാണ് സിആർപിഎഫ് ജവാന്മാർക്ക് വിമാനം നൽകാതിരുന്നതെന്ന് സുപ്രിയ ചോദിച്ചു. ‘‘എന്തുകൊണ്ടാണ് അവരെ എയർലിഫ്റ്റ് ചെയ്യാതിരുന്നത്? ജയ്ഷെ മുഹമ്മദിന്റെ ഭീഷണികളെ എന്തുകൊണ്ട് അവഗണിച്ചു. 2019 ജനുവരി 2 മുതൽ ഫെബ്രുവരി 13 വരെ ഭീകരാക്രമണം ഉണ്ടാകുമെന്ന 11 രഹസ്യാന്വേഷണ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് അവ അവഗണിച്ചു? ഭീകരർക്ക് എങ്ങനെ 300 കിലോയോളം ആർഡിഎക്സ് സംഘടിപ്പിക്കാൻ സാധിച്ചു? നാലു വർഷം കഴിഞ്ഞു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അവസ്ഥ എന്താണ്? ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെയും ചുമതലകൾ ആരു ശരിയാക്കിക്കൊടുക്കും’’ – സുപ്രിയ ചോദിച്ചു. മാലിക്കിനോട് മിണ്ടാതിരിക്കാൻ എന്തുകൊണ്ട് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്നു ഖേരയും ചോദിച്ചു.
∙ മിണ്ടാതെ സർക്കാർ, മാലിക്കിനെ തള്ളി ബിജെപി
മാലിക്കിന്റെ അഭിമുഖം പുറത്തുവന്നിട്ട് ഇത്രയും സമയമായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ അടുത്തകാലത്തായി മാലിക് നടത്തിയ പല പ്രസ്താവനകൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്ന വാദമാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. 2018ൽ ജമ്മു കശ്മീരിന് ഏറ്റവും മികച്ചയാൾ നരേന്ദ്ര മോദിയാണെന്ന് മാലിക് പറയുന്നതിന്റെ വിഡിയോ പുറത്തുവിട്ടാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പാർട്ടി വാദങ്ങളെ പിന്തുണയ്ക്കുന്നത്.