24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • റീ പൊസിഷനിങ്‌ മിൽമ 2023 ; മിൽമ ഉൽപ്പന്നങ്ങൾക്ക്‌ ഇനി ഏകീകൃത പാക്കിങ്
Kerala

റീ പൊസിഷനിങ്‌ മിൽമ 2023 ; മിൽമ ഉൽപ്പന്നങ്ങൾക്ക്‌ ഇനി ഏകീകൃത പാക്കിങ്

മിൽമ ഉൽപ്പന്നങ്ങൾക്കെല്ലാം ഇനി ഏകീകൃത പാക്കിങ്‌. 18 മുതലാണിത്‌ നടപ്പാകുക. ‘റീ ‘പൊസിഷനിങ്‌ മിൽമ 2023’ പദ്ധതിയുടെ ഭാഗമായാണ്‌ പുതിയ പാക്കിങ്ങിലേക്ക്‌ മാറുന്നത്‌. കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്റെയും മൂന്ന്‌ മേഖലാ യൂണിയനുകളുടെയും ഉൽപ്പാദനം, സംഭരണം, ഗുണനിലവാരം, വിപണനം തുടങ്ങിയ കാര്യങ്ങളിലെല്ലാം മാറ്റമുണ്ടാക്കുന്ന പദ്ധതിയാണിത്‌. മിൽമയുടെ ഏകീകൃത പാക്കിങ്‌ ഡിസൈൻ 18ന്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിക്കും.

ക്ഷീരവിപണിയിൽ മത്സരിച്ച്‌ മുന്നേറാൻ മിൽമ ഉൽപ്പന്നങ്ങൾ ഒറ്റ ബ്രാൻഡിൽ വിൽക്കുകയാണ്‌ ലക്ഷ്യം. ദേശീയ ക്ഷീരവികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ്‌ പദ്ധതി. മിൽമ ദിവസം 15.86 ലക്ഷം ലിറ്റർ പാലാണ്‌ വിൽക്കുന്നത്‌. 4,000 കോടി രൂപയാണ്‌ വിറ്റുവരവ്‌. 3,300 ആനന്ദ്‌ മാതൃകാ സഹകരണസംഘങ്ങളിലായി 10 ലക്ഷത്തോളം കർഷകരുടെ കൂട്ടായ്‌മയാണ്‌ മിൽമയുടെ കരുത്ത്‌.

പാൽ മുതൽ കർക്കടകക്കഞ്ഞിവരെയുള്ള ഭക്ഷ്യവൈവിധ്യവുമായി മിൽമ വിപണിയിലുണ്ട്‌. നിരവധി ഉൽപ്പന്നങ്ങൾ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചും മിൽമ ഇറക്കിയിട്ടുണ്ട്‌. ഇഡ്ഡലിമാവ്‌, ദോശമാവ്‌, റെഡി ടു കുക്ക്‌ ബിരിയാണി, പനീർ, ബട്ടറി വെജി സാൻഡ്‌വിച്ച്‌, മാംഗോ മിൽക്ക്‌ ഷെയ്‌ക്ക്‌, ഇൻസ്‌റ്റന്റ്‌ പാലട മിക്‌സ്‌, ചോക്കോബാർ, ബ്രെഡ്‌, കേക്ക്‌, റെസ്‌ക്, സിറപ്പുകൾ, നൈർമല്യ വെളിച്ചെണ്ണ, ഗോതമ്പ്‌, പുട്ട്‌–-പത്തിരി പൊടികൾ, രസപ്പൊടി, ചുക്കുകാപ്പിപ്പൊടി എന്നിവ മിൽമയുടെ ജനപ്രിയ ഉൽപ്പന്നങ്ങളാണ്‌.

മിൽമ റിച്ച്‌–- ഗോൾഡ്‌ പാൽ, തൈര്‌, സംഭാരം, നെയ്യ്‌ തുടങ്ങിയവ ജനം നേരത്തെതന്നെ സ്വീകരിച്ചവയാണ്‌. ഡയറി ഫ്രഷ്‌ ഹണി, എഗ്ഗമ്മ എഗ്‌സ്‌, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവയും വിപണിയിലുണ്ട്‌. ഇതിനുപുറമെ മാസ്റ്റിക്ക്യൂവർ, റൂമാട്ടോർ, മിൽക് ലൈറ്റ്‌, ക്രാക്ക്‌ ഹീൽ തുടങ്ങിയ വെറ്ററിനറി മരുന്നുകളുടെ വിപണനവും തുടങ്ങിയിട്ടുണ്ട്‌. ബദൽ കാലിത്തീറ്റ വസ്‌തുക്കളായ ചോളപ്പൊടി, ചോളത്തവിട്‌, ഗോതമ്പുതവിട്‌, കടലപ്പിണ്ണാക്ക്‌ എന്നിവയും വിപണനംചെയ്യുന്നു.

Related posts

യൂറോപ്പ്–റഷ്യ വ്യോമപാത തടസ്സം: ഇന്ത്യൻ വിമാനങ്ങൾക്ക് അധികചെലവ്.

Aswathi Kottiyoor

മലപ്പുറം എടപ്പാളില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.

Aswathi Kottiyoor

മേയ് 17 ലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനമായി

Aswathi Kottiyoor
WordPress Image Lightbox