കോഴിക്കോട് ∙ ഉള്ളിയേരി തെരുവത്ത് കടവിൽ വീടാക്രമിച്ച കേസിലെ പ്രതി പിടിയിൽ. ഉള്ളിയേരി പുതുവയൽകുനി സ്വദേശി ഫായിസ് (25) ആണ് പിടിയിലായത്. മലപ്പുറം അരീക്കോടുള്ള ലോഡ്ജിൽ വച്ചാണ് അത്തോളി പൊലീസ് ഇയാളെ പിടികൂടിയത്. മാർച്ച് 10ന് തെരുവത്ത് കടവിൽ യൂസഫിന്റെ വീടിന് ഫായിസ് തീയിടുകയായിരുന്നു.
യൂസഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ പൊടി പാറിയെന്നാരോപിച്ച് തർക്കമുണ്ടായി. ഇതിൽ യൂസഫ് ഇടപെട്ടതിനെ തുടർന്നാണ് ഫായിസ് വീട് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടിലെ കസേരകളും മറ്റും കിണറ്റിലേക്ക് വലിച്ചെറിയുകയും യൂസഫിന്റെ മാതാവിനെ അസഭ്യം പറയുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം ശേഷം ഫായിസ് ഒളിവിൽ പോയി.
പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐമാരായ ആർ.രാജീവ്, കെ.പി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രി 11.30 ഓടെ ലോഡ്ജിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ ഒ.ഷിബു, കെ.എം. അനീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ലഹരിക്കടിമയായ ഫായിസിനെതിരെ നേരത്തെയും പരാതി ലഭിച്ചിരുന്നു. മുൻപ് കുപ്പായം തുന്നിക്കിട്ടാൻ വൈകിയ കാരണത്തിന് തയ്യൽ മെഷീൻ പുഴയിലെറിഞ്ഞ കേസിലും ഇയാൾ പ്രതിയായിരുന്നു.