കണിക്കൊന്നയും കണിവെള്ളരിയും മൺപാത്രങ്ങളും കോടിയുടുപ്പുകളും ആഘോഷങ്ങൾക്ക് വേണ്ടതെല്ലാമൊരുക്കി വഴിയോര കച്ചവടം പൊടിപൊടിക്കുകയാണ്. ഇഷ്‌ടമുള്ളത് തരംതിരിച്ച് വിലക്കുറവിൽ ലഭിക്കുമെന്നതിനാൽ തിരക്കോട് തിരക്കാണ്. പാന്റ്, ഷർട്ട്, മുണ്ട്, ലുങ്കി, നൈറ്റി, ചുരിദാർ, ബെഡ്ഷീറ്റ്, തോർത്ത് എന്നിവയുടെയെല്ലാം വൻ ശേഖരമുണ്ട്.
വിലക്കുറവുള്ളതിനാൽ സാധാരണക്കാർ ഏറെയും ആശ്രയിക്കുന്നത് വഴിയോര കച്ചവടത്തെയാണ്. കീശ കാലിയാകാതെ വിലപേശി വാങ്ങാമെന്നതും വഴിയോര വിപണിയെ ജനപ്രിയമാക്കുന്നു.
സ്‌റ്റേഡിയം കോർണർ, പഴയ ബസ്‌സ്‌റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളെല്ലാം വഴിയോര കച്ചവടക്കാർ കീഴടക്കി.
കാൽടെക്‌സ് മുതൽ പൊലീസ് മൈതാനം വരെയുള്ള നടപ്പാതയിലും കച്ചവടമുണ്ട്. പച്ചക്കറികളും പഴങ്ങളും വൻതോതിൽ വിറ്റഴിയുന്നതും ഇവിടെതന്നെ.
മത്സ്യത്തിന്
പൊള്ളും വില
കണ്ണൂർ
വിഷു അടുത്തതോടെ മത്സ്യവില കുതിച്ചുകയറുന്നു. ഈ സീസണിൽ മത്സ്യ വിപണയിൽ കാര്യമായ വിലക്കയറ്റം ഉണ്ടായിരുന്നില്ല. ഇഷ്‌ടം പോലെ മത്സ്യവും ലഭ്യമായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി വില ക്രമാതീതമായി ഉയരുകയാണ്. കനത്ത ചൂട് കാരണം മത്സ്യലഭ്യത കുറഞ്ഞതാണ് വില വർധിക്കാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. അയക്കൂറയ്‌ക്ക് കിലോവിന് 1000 രൂപയാണ്. വെള്ള ആവോലി–-1100, നാരൻ വെള്ള ചെമ്മീൻ–-540, മത്തി–-120–-140, വലിയ മാന്ത–-300, ഞണ്ട്–-250, നെത്തോലി–-140, മുള്ളൻ–-150, കൊളവൻ–-750–-900, ചെമ്പല്ലി–-600–-800, തളയൻ–-240, ചെമ്മീൻ–-400, കരിക്കാട് ചെമ്മീൻ–-120, വലുത്–-170, ഏട്ട–-240, കൂന്തൽ–-380 എന്നിങ്ങനെയാണ് വില. ഇതെല്ലാം മൊത്തവിലയാണ്. ചില്ലറ വിൽപ്പനയ്‌ക്കൊത്തുമ്പോൾ വില ഇതിലും കൂടും. കോഴിയിറച്ചിക്ക് മാർക്കറ്റിൽ 190 രൂപയാണ് വില. കോഴിക്ക് കിലോവിന് 128 രൂപയാണ്.