24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • 19 വർഷം മുൻപു കാണാതായ മകൻ പീരുമേട്ടിൽ; അമ്മയ്ക്കു മുന്നിലെത്തിച്ച് പൊലീസ്
Uncategorized

19 വർഷം മുൻപു കാണാതായ മകൻ പീരുമേട്ടിൽ; അമ്മയ്ക്കു മുന്നിലെത്തിച്ച് പൊലീസ്


ഇരിങ്ങാലക്കുട ∙ ‘എന്റെ മകൻ ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും അറിയാൻ വഴിയുണ്ടോ?’ കാണാതായ മകൻ ഷിജേഷിനായി പ്രസന്നകുമാരി പൊലീസിനുമുന്നിൽ കൈകൂപ്പി പറഞ്ഞ വാക്കുകൾ പ്രതിധ്വനിച്ചത് 19 വർഷമാണ്. 3 വർഷം മുൻപ് സീനിയർ സിപിഒ ആയി എത്തിയ കെ.വി. ഉമേഷിന്റെ ഹൃദയത്തിൽ അതു തറച്ചതോടെ പ്രസന്നകുമാരിക്കു തിരിച്ചുകിട്ടിയത് 19 വർഷം മുൻപു കാണാതായ മകനെ. നിലച്ചുപോയ അന്വേഷണം ഉമേഷിലൂടെ പുനരാരംഭിച്ച് പല വഴികളിലൂടെ നീണ്ടപ്പോൾ ഷിജേഷ‍ിനെ (43) അമ്മയ്ക്കു മുന്നിലെത്തിച്ചതും പൊലീസ് സംഘമാണ്. പീരുമേട്ടിലെ തേയിലത്തോട്ടത്തിൽ കഴിയുകയായിരുന്ന മകനെ അമ്മയ്ക്കു മുന്നിലെത്തിച്ചപ്പോൾ കണ്ണ‍ീർനനവുള്ള കൂടിച്ചേരൽ. അമ്മയ്ക്കും മകനും ബന്ധുക്കൾക്കുമെല്ലാം ആനന്ദവിഷു.

ഇരിങ്ങാലക്കുട ബ്രാലം മുന്നൂറ്റിപ്പറമ്പിൽ ഷിജേഷിനെ 2004 ഓഗസ്റ്റ് 12 നാണു കാണാതായത്. 24 വയസ്സുള്ള മകനെ കാണാനില്ലെന്നുകാട്ടി പ്രസന്നകുമാരി അന്നുതന്നെ പൊലീസിൽ പരാതി നൽകി. ഒരു വിവരവും ലഭിച്ചില്ലെങ്കിലും കാത്തിരിപ്പ് അവസാനിപ്പിക്കാൻ പ്രസന്നകുമാരി തയാറായില്ല. വീടിന്റെ വാതിലിലൊരു മുട്ടുകേട്ടാൽ മകനാണെന്ന പ്രതീക്ഷയിൽ അവർ ഓടിയെത്തും. അന്വേഷണത്തിൽ ഒരു പുരോഗതിയും ഇല്ലാതായപ്പോൾ 2018ൽ കോടതി അനുമതിയോടെ അന്വേഷണം താൽക്കാലികമായി പൊലീസ് അവസാനിപ്പിച്ചു.

ഇരിങ്ങാലക്കുട സ്റ്റേഷനിൽ സീനിയർ സിപിഒ ആയി എത്തിയ ഉമേഷ് ആണു നിർണായക വഴിത്തിരിവിനു കാരണമായത്. ഷിജേഷിന്റെ സഹോദരീഭർത്താവ് ജയചന്ദ്രൻ ഉമേഷിന്റെ സുഹൃത്താണ്. ജയചന്ദ്രനിൽ നിന്നാണ് ഷിജേഷിന്റെ തിരോധാനത്തെക്കുറിച്ചും അമ്മയുടെ കാത്തിരിപ്പിനെക്കുറിച്ചും ഉമേഷ് അറിയുന്നത്. മറ്റു തിരക്കുകൾക്കിടയിലും ഷിജേഷിനെ കണ്ടെത്താൻ ഉമേഷ് ശ്രമം തുടങ്ങി.

ഷിജേഷിന്റെ ബന്ധുക്കളുടെയും പരിചയക്കാരുടെയുമൊക്കെ ഫെയ്സ്ബുക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നിരീക്ഷണം തുടരുന്നതിനിടെ 10 ദിവസം മുൻപ് അപരിചിതമായ ഒരു ഫെയ്സ്ബുക് ഐഡി ശ്രദ്ധയിൽപെട്ടു. ഇതു ഷിജേഷിന്റെ അക്കൗണ്ട് ആണെന്ന സംശയമുദിച്ചപ്പോൾ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തി കേസ് വീണ്ടും തുറന്നു. സൈബർ സെൽ സഹായത്തോടെ ഐഡി ചികഞ്ഞുപോയപ്പോഴാണ് പീരുമേട്ടിലെത്തിയത്.

കമ്പനി ജീവനക്കാരിലൊരാളായി ഷിജേഷ് അവിടെ ജീവിക്കുന്നെന്ന സംശയം ഡിവൈഎസ്പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം, എസ്ഐമാരായ ഷാജൻ, ക്ലീറ്റസ് എന്നിവരെ ഉമേഷ് അറിയിച്ചു. എഎസ്ഐ കെ.എ. ജോയിയും ഉമേഷും പീരുമേട്ടിലെത്തി ഷിജേഷിനെ തിരിച്ചറിഞ്ഞു. നാട്ടിൽ ചെറിയ സാമ്പത്തിക ബാധ്യതകളുണ്ടായതോടെ നാടുവിടുകയായിരുന്നെന്ന് ഷിജേഷ് പറയുന്നു. കോയമ്പത്തൂർ, തിരുപ്പൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങി പീരുമേട്ടിലെത്തിപ്പെട്ടു. തമിഴ്നാട് സ്വദേശിനിയെ വിവാഹം കഴിച്ചു.

താൻ മൂലമുണ്ടായ കടങ്ങൾ ബന്ധുക്കൾ വീട്ടിയിരുന്നെന്നറിഞ്ഞപ്പോൾ ഷിജേഷിന് ആശ്വാസം. ഒടുവിൽ അമ്മയെത്തേടി തിരികെ വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും ആഹ്ലാദം. കോയമ്പത്തൂരിലെ സ്വന്തം വീട്ടിലായിരുന്ന ഷിജേഷിന്റെ ഭാര്യയും 4 വയസ്സുള്ള മകനും ഉടൻ ഇരിങ്ങാലക്കുടയിലെത്തും. പ്രസന്നകുമാരിക്കൊപ്പം വിഷു ആഘോഷിച്ച ശേഷം ഇവർ പീരുമേട്ടിലെ ജോലിസ്ഥലത്തേക്കു പോകും; ഇടയ്ക്കിടെ അമ്മയെക്കാണാൻ എത്തുമെന്ന ഉറപ്പോടെ.

Related posts

രാഷ്ട്രപതിഭവന്‍ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്…

Aswathi Kottiyoor

വിവാഹിതർ കയറികൂടി, ജംബോ പട്ടിക’; കെഎസ്‌യു പുനഃസംഘടനയില്‍ അതൃപ്തിയുമായി നേതാക്കള്‍

Aswathi Kottiyoor

രണ്ടാം ഇന്നിംഗ്സിലും ബംഗാളിനെ കറക്കിയിട്ട് ജലജ് സക്സേന, രഞ്ജിയില്‍ ആദ്യ ജയത്തിലേക്ക് പന്തെറിഞ്ഞ് കേരളം

Aswathi Kottiyoor
WordPress Image Lightbox