തിരുവനന്തപുരം∙ വന്ദേഭാരത് ട്രെയിനുകൾ സംസ്ഥാനത്തിന് അനുവദിച്ചതിലൂടെ സഞ്ചാര വേഗത്തിനൊപ്പം രാഷ്ട്രീയ വേഗവും വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വന്ദേഭാരത് ട്രെയിനുകൾ പോലുള്ള വികസന മാതൃകകൾ തുണയാകുമെന്ന് നേതൃത്വം കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമ്പോൾ കൂടുതൽ പ്രഖ്യാപനങ്ങളുമുണ്ടായേക്കും. വന്ദേഭാരത് ട്രെയിനുകൾ കേരളത്തിനു ലഭിക്കില്ലെന്ന പ്രചാരണങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി ട്രെയിൻ ലഭിച്ചത്.
റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി.അബ്ദുറഹിമാന്റെ ഓഫിസിൽ ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും ഔദ്യോഗിക അറിയിപ്പ് റെയില്‍വേയിൽനിന്നും ലഭിച്ചില്ലെന്നും മന്ത്രിയുടെ ഓഫിസ് ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് റെയിൽവേ ജനറൽ മാനേജർ കേരളത്തിലെത്തിയതിന്റെ അറിയിപ്പും മന്ത്രിയുടെ ഓഫിസിൽ ലഭിച്ചില്ല.
കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു ശ്രമം നടക്കുന്നുണ്ടെങ്കിലും അനുകൂല പ്രതികരണമില്ല. പ്രധാനമന്ത്രി കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് നടത്തിയ ഓൺലൈൻ യോഗത്തിൽ റെയിൽവേ ഡിവിഷനൽ മാനേജർ പങ്കെടുത്തിരുന്നു. റെയിൽവേയുടെ പ്രധാന ഉദ്യോഗസ്ഥർക്ക് മൂന്നു ദിവസം മുന്‍പാണ് വന്ദേഭാരത് ട്രെയിനിനെക്കുറിച്ച് വിവരം ലഭിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരൻ അടക്കം ബിജെപിയുടെ ചുരുക്കം ചില നേതാക്കൾക്കേ കേന്ദ്രസർക്കാരിന്റെ നീക്കത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നുള്ളൂ.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഉടൻ ട്രെയിൻ അനുവദിച്ചതിലൂടെ കേരളത്തോടുള്ള കേന്ദ്രത്തിന്റെ താൽപര്യമാണ് വ്യക്തമാകുന്നതെന്ന് ബിജെപി നേതൃത്വം അവകാശപ്പെടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ന്യൂനപക്ഷങ്ങളോട് അടുക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി. കേരളത്തിൽ കളംപിടിക്കണമെങ്കിൽ ജനകീയ പദ്ധതികളും ആവശ്യമാണെന്നു കണക്കുകൂട്ടുന്നു. വന്ദേഭാരത് ട്രെയിനുകള്‍ വരുന്നതോടെ കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈൻ പദ്ധതിക്കായുള്ള വാദങ്ങളെ മറികടക്കാനാകുമെന്ന് ബിജെപി കരുതുന്നു. സിൽവർ ലൈന്‍ അപ്രായോഗികമാണെന്നാണ് കേന്ദ്രമന്ത്രി കെ.മുരളീധരൻ പ്രതികരിച്ചത്.
സിൽവർലൈൻ പദ്ധതിക്കായുള്ള അനുമതിയപേക്ഷ റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്. ആവശ്യമായ രേഖകളെല്ലാം സർക്കാർ കൈമാറിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അനുമതി അടുത്തെങ്ങും ലഭിക്കാനിടയില്ല. സിൽവർലൈൻ പദ്ധതിക്കായി രൂപീകരിച്ച കെ–റെയിൽ കോർപറേഷൻ ഇപ്പോൾ വിവിധ സർക്കാർ വകുപ്പുകളുടെ നിർമാണ പദ്ധതികളുടെ മേൽനോട്ടം ഏറ്റെടുക്കുകയാണ്.
റെയിൽവേ പദ്ധതികളെ വർഷങ്ങളായി കേന്ദ്രം അവഗണിക്കുന്നുവെന്ന പരാതിയുള്ള സംസ്ഥാന സർക്കാർ പുതിയ നീക്കത്തെ ജാഗ്രതയോടെയാണ് കാണുന്നത്. സിൽവർലൈൻ പദ്ധതിയെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണ് സിൽവർലൈൻ പദ്ധതി സംസ്ഥാന സർക്കാർ വിഭാവനം ചെയ്തത്. 529.45 കിലോമീറ്റർ 4 മണിക്കൂർ കൊണ്ട് സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് പാത വിഭാവനം ചെയ്തത്. നിലവിൽ സഞ്ചാരത്തിനുവേണ്ടത് 10–12 മണിക്കൂറാണ്. 63940 കോടിരൂപയായിരുന്നു നിർമാണ ചെലവ് കണക്കാക്കിയത്. ഒരു ലക്ഷം കോടിരൂപ കവിയുമെന്നായിരുന്നു വിദഗ്ധാഭിപ്രായം.
വന്ദേഭാരത് ട്രെയിനുകൾക്ക് ആദ്യഘട്ടത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. ട്രാക്കിലെ വളവുകൾ നികത്താനുള്ള സർവേ അന്തിമഘട്ടത്തിലാണ്. സർവേ പൂർത്തിയായി സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തിയാൽ മണിക്കൂറിൽ 160 കിലോമീറ്റർവരെ വേഗത്തിൽ പോകാനാകുമെന്നു റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ, വന്ദേഭാരതിലൂടെ പുതിയ പ്രചാരണ വിഷയത്തിനു കൂടിയാണ് തുടക്കമാകുന്നത്.