24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ദുരിതാശ്വാസനിധിക്കേസ്: നടപടി നീളുന്നതിൽ ഗുണം ഇരുപക്ഷത്തിനും
Uncategorized

ദുരിതാശ്വാസനിധിക്കേസ്: നടപടി നീളുന്നതിൽ ഗുണം ഇരുപക്ഷത്തിനും


തിരുവനന്തപുരം ∙ ദുരിതാശ്വാസനിധിക്കേസിൽ ലോകായുക്ത നടപടികൾ നീണ്ടു പോകണമെന്നു സർക്കാർ ആഗ്രഹിക്കുമ്പോൾ, നീളുന്നിടത്തോളം അതു ചർച്ചയിൽ നിലനിർത്താനാണു പരാതിക്കാരനായ ആർ.എസ്.ശശികുമാറും പിന്തുണ നൽകുന്ന പ്രതിപക്ഷവും ആഗ്രഹിക്കുന്നത്.
ലോകായുക്തയിൽനിന്ന് അനുകൂല വിധിയുണ്ടാകില്ലെന്ന മുൻവിധിയിലാണു പ്രതിപക്ഷം. ഇനി പോരാട്ടം ഹൈക്കോടതിയിലാകാം എന്നു തീരുമാനിച്ചതും അതുകൊണ്ടാണ്. ലോകായുക്തയിൽ അവിശ്വാസം പ്രകടിപ്പിച്ചു പരാതിക്കാരൻ ഹൈക്കോടതിയിലേക്കു പോകുമ്പോൾ സർക്കാരിനും സിപിഎമ്മിനും ആശങ്കയില്ലാതില്ല.

വാദം പൂർത്തിയായ കേസിൽ എത്രയും വേഗം വിധി പറയണമെന്നായിരുന്നു പരാതിക്കാരന്റെ ഇതുവരെയുള്ള ആവശ്യം. ഇതിനായി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അപ്പോഴാണു ചില വിഷയങ്ങളിൽ ഡിവിഷൻ ബെഞ്ചിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജി ലോകായുക്ത ഫുൾബെഞ്ചിന്റെ പരിശോധനയ്ക്കു വിട്ടത്.

ഇതിനിടെയാണു മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയുടെ സന്ദർശനവും അനുബന്ധ വിവാദങ്ങളുമുണ്ടായത്. പരാതിക്കാരൻ നടത്തിയ വിമർശനത്തെ അതേ നാണയത്തിൽ ലോകായുക്ത നേരിട്ടതോടെ പരാതിക്കാരനിലും പ്രതിപക്ഷത്തും അവിശ്വാസം ബലപ്പെട്ടു. പുനഃപരിശോധനാ ഹർജി നൽകിയത് അതു തള്ളുമെന്നു പ്രതീക്ഷിച്ചുതന്നെയാണെന്നു പരാതിക്കാരൻ പറയുമ്പോൾ അവിശ്വാസത്തിന്റെ ആഴം ഊഹിക്കാം. പ്രതിപക്ഷ നേതാവു തന്നെ കടുത്ത ഭാഷയിൽ ലോകായുക്തക്കെതിരെ തിരിഞ്ഞതും ആ നിലയ്ക്കുള്ള സൂചനയാണ്.

ലോകായുക്ത ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചേക്കുമെന്ന പ്രതീക്ഷ ഇപ്പോഴും സർക്കാർ പുലർത്തുന്നുണ്ട്. അതുവരെ ദുരിതാശ്വാസനിധിക്കേസിൽ തീരുമാനം നീണ്ടുപോകണമെന്നും സർക്കാർ ആഗ്രഹിക്കുന്നു. ബിൽ നിയമമായാൽ, ലോകായുക്ത വിധി മുഖ്യമന്ത്രിക്കെതിരെയായാലും നിയമസഭയ്ക്ക് അപ്പീൽ നൽകാം. ഇപ്പോഴത്തെ ഭൂരിപക്ഷം വച്ച് അനുകൂലമാവുകയും ചെയ്യും. കേസ് വേഗം തീർപ്പാക്കണമെന്നു വാദിച്ചിരുന്ന പരാതിക്കാരൻ തന്നെ ഫുൾബെഞ്ച് സിറ്റിങ് നീട്ടിവയ്പിച്ച സാഹചര്യമാണ് ഇപ്പോഴത്തേത്.

എന്നാൽ, 2018 സെപ്റ്റംബറിൽ തുടങ്ങിയ കേസ് നാലരവർഷത്തോളം വച്ചുനീട്ടിയ സ്ഥിതിക്ക് ഇനി രണ്ടു മാസം കൂടി നീണ്ടാലും പ്രശ്നമല്ലെന്നു പരാതിക്കാരൻ പറയുന്നു. നീണ്ടുപോകുന്നതിന്റെ ഗുണം ഇപ്പോൾ സർക്കാരും പ്രതിപക്ഷവും ഒരുപോലെ പ്രതീക്ഷിക്കുന്നു.

ബില്ലിൽ ഗവർണറുടെ ഇടപെടൽ സർക്കാർ കാക്കുമ്പോൾ, പ്രതിപക്ഷം ലോകായുക്തയുടെ നടപടിയിൽ ഹൈക്കോടതിയുടെ ഇടപെടലിനായി കാത്തിരിക്കുന്നു.

ലോകായുക്തയുടെ ചിറകരിയുന്നതിനു നിയമം കൊണ്ടുവരുന്നതിനെ എതിർക്കുന്ന പ്രതിപക്ഷം, അതേ ലോകായുക്തക്കെതിരെ തിരിഞ്ഞുവെന്ന പ്രത്യേകതയുണ്ട്. മുൻപ് കെ.ടി.ജലീൽ ലോകായുക്തക്കെതിരെ നടത്തിയ ആക്രമണങ്ങളിൽ പരിച തീർത്തവർ ഇപ്പോൾ ആക്രമിക്കാൻ നിർബന്ധിതരായി.

ലോകായുക്ത മാപ്പ് പറയണം: സതീശൻ
തിരുവനന്തപുരം∙ ആർ.എസ്.ശശികുമാറിനെ പേപ്പട്ടിയോട് ഉപമിച്ച് നടത്തിയ പരാമർശം പിൻവലിച്ച് ലോകായുക്ത മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സാമൂഹിക പ്രതിബദ്ധതയുള്ള സത്യസന്ധനായ പൊതുപ്രവർത്തകനാണ് ആർ.എസ്.ശശികുമാർ. അദ്ദേഹത്തെ അപമാനിച്ചു കൊണ്ടുള്ള പ്രയോഗം ഇരിക്കുന്ന സ്ഥാനത്തിനു ചേർന്നതല്ല.
നിരന്തരം ആക്ഷേപങ്ങൾ ചൊരിഞ്ഞ മുൻ മന്ത്രിക്കെതിരെ ഒരു വാക്കു പോലും ഉരിയാടാത്ത ലോകായുക്തയാണ് ഹർജിക്കാരനെ വിമർശിച്ചത്. വിധി പ്രസ്താവത്തെ വിമർശിക്കാമെന്നു സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുണ്ട്. വിധി ന്യായത്തിലെ യുക്തിരാഹിത്യമാണ് നിയമപരമായി ചോദ്യം ചെയ്തത്. ഹർജിക്കാരനെ അപഹസിച്ചതു വഴി ലോകായുക്തയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടതെന്നു സതീശൻ പറഞ്ഞു.

Related posts

കുട്ടികൾ പൂക്കൾ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്കറുത്ത് മധ്യവയസ്‌കൻ

Aswathi Kottiyoor

മൂവാറ്റുപുഴയിൽ ആത്മഹത്യ ചെയ്യാനെത്തിയ 38കാരൻ മദ്യലഹരിയിൽ ഉറങ്ങി പോയി, ഉണരും മുൻപ് രക്ഷകരായി പൊലീസ്

Aswathi Kottiyoor

തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox