അധികനിർമാണങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ, ഏപ്രിൽ ഒന്നിനു മുൻപു തദ്ദേശ സ്ഥാപനങ്ങൾ നമ്പറിട്ട വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്കും വസ്തു (കെട്ടിട) നികുതി വർധിക്കും. ഇത്തരം കെട്ടിടങ്ങൾക്കു നിലവിൽ 5% നികുതി കൂട്ടിയിരുന്നു. വസ്തുനികുതിയുടെ അടിസ്ഥാന നിരക്കുകൾ കൂട്ടി കഴിഞ്ഞ ദിവസം ഇറങ്ങിയ വിജ്ഞാപനം ഏപ്രിൽ 1 മുതൽ നികുതി നിശ്ചയിക്കുന്ന കെട്ടിടങ്ങൾക്കായിരിക്കും ബാധകമെന്നാണു തദ്ദേശ വകുപ്പ് വ്യക്തമാക്കിയത്. എന്നാൽ, വസ്തുനികുതി ഒരിക്കൽ നിർണയിച്ച ശേഷം അധികനിർമാണങ്ങൾ നടത്തിയ കെട്ടിടങ്ങൾക്കും പുതിയ നിരക്കുകൾ ബാധകമാകുമെന്ന് 2011ലെ കേരള മുനിസിപ്പാലിറ്റിയും പഞ്ചായത്ത് രാജും (വസ്തുനികുതി, സർവീസ് സെസ് സർചാർജ്) ചട്ടങ്ങൾ വ്യക്തമാക്കുന്നു. പഴയ വീടുകളിൽ ഏതെങ്കിലും തരത്തിലുള്ള അധിക നിർമാണങ്ങൾ നടന്നിട്ടുണ്ടാകുമെന്നതിനാൽ പുതിയ നികുതിവലയിൽ അവ ഉൾപ്പെടാനാണു സാധ്യത.
കെട്ടിടത്തിന്റെ വസ്തുനികുതി നിർണയിച്ച ശേഷം, തറ വിസ്തീർണത്തിലോ ഉപയോഗക്രമത്തിലോ (പാർപ്പിട ആവശ്യത്തിനുള്ള കെട്ടിടം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതു പോലുള്ളവ) മാറ്റം വരുത്തിയാൽ 30 ദിവസത്തിനകം രേഖാമൂലം തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കണമെന്നാണു ചട്ടത്തിൽ പറയുന്നത്. ഇല്ലെങ്കിൽ 1,000 രൂപ പിഴ നൽകണം. മേയ് 15നു മുൻപ് ഇത്തരം അധിക നിർമാണങ്ങൾ രേഖാമൂലം അറിയിച്ചാൽ പിഴയിൽനിന്നു രക്ഷപ്പെടാം.
സോഫ്റ്റ്‌വെയർ നികുതി കൂട്ടി
നിലവിലെ കെട്ടിടങ്ങൾക്ക് 5% വസ്തുനികുതി വർധിപ്പിച്ച തീരുമാനം തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിക്കും മുൻപ് തന്നെ നികുതി അടയ്ക്കുന്ന സോഫ്റ്റ്‌വെയറിൽ വർധന വരുത്തി. ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയിട്ടുള്ള സോഫ്റ്റ്‌വെയറിലാണ് വർധന പ്രാബല്യത്തിലായത്. വസ്തുനികുതി നിർണയം
വീടുകളിലാണെങ്കിൽ എല്ലാ അധികനിർമാണങ്ങൾക്കും നികുതിയില്ല: ഭിത്തിയോ ഗ്രില്ലോ സ്ഥാപിച്ചു തിരിക്കാത്ത വരാന്തയോ ഷെഡോ ആണെങ്കിൽ നികുതി നൽകേണ്ട. ഷീറ്റോ ഓടോ മേഞ്ഞ ടെറസ് മേൽക്കൂരയ്ക്കും നികുതിയില്ല.
ഒരു കെട്ടിടത്തിൽനിന്നു വേറിട്ടുള്ള ശുചിമുറി, വിറകുപുര, കാലിത്തൊഴുത്ത്, വളർത്തുമൃഗങ്ങൾക്കോ വളർത്തുപക്ഷികൾക്കോ ഉള്ള കൂട്, കാർ ഷെഡ്, പമ്പ് ഹൗസ് തുടങ്ങിയ നിർമാണങ്ങളും നികുതിയുടെ പരിധിയിൽ വരില്ല. ദേശീയപാത, പ്രധാന റോഡുകൾ എന്നിവയിൽനിന്നു പ്രവേശനമാർഗം ഉണ്ടെങ്കിൽ നികുതി, അടിസ്ഥാന നിരക്കുകളിൽനിന്ന് 30% വരെ വർധിക്കും.