മംഗലപുരം: കണിയാപുരത്ത് പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ റീല്‍സ്, ഇന്‍സ്റ്റാഗ്രാം താരം ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായി. കിളിമാനൂര്‍ വെള്ളല്ലൂര്‍ കീഴ്പേരൂര്‍ കിട്ടുവയലില്‍ വീട്ടില്‍ മീശ വിനീത് എന്നറിയപ്പെടുന്ന വിനീത് (26), കിളിമാനൂര്‍ കാട്ടുചന്ത ചിന്ത്രനല്ലൂര്‍ ചാവരുകാവില്‍ പുതിയ തടത്തില്‍ ജിത്തു(22) എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 23-നാണ് സംഭവം. കണിയാപുരത്തെ ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ നിഫി ഫ്യുവല്‍സിന്റെ മാനേജരായ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ സമീപത്തെ ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടു പോകുമ്പോഴാണ് ഇവര്‍ തട്ടിയെടുത്ത് സ്‌കൂട്ടറില്‍ കടന്നത്.
പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പോത്തന്‍കോട് പൂലന്തറയില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച പ്രതികള്‍ ഓട്ടോറിക്ഷയില്‍ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നതായി വ്യക്തമായി.
പ്രതികള്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ നഗരൂരില്‍ നിന്നു മോഷ്ടിച്ചതാണെന്ന് വിവരം ലഭിച്ചു. പണം മോഷ്ടിച്ച പ്രതികള്‍ തൃശ്ശൂരിലേക്കാണ് കടന്നത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീര്‍ക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു.
ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. യുടെ നേതൃത്വത്തില്‍ മംഗലപുരം എസ്.എച്ച്.ഒ. സിജു കെ.പിള്ള, എസ്.ഐ. ഷാലു ഡി.ജെ., ഷാഡോ എസ്.ഐ. ഫിറോസ്, എ.എസ്.ഐ. ദിലീപ്, അനൂപ്, മംഗലപുരം സ്റ്റേഷനിലെ മനു, രാകേഷ്, സന്തോഷ്, ജയശങ്കര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇന്‍സ്റ്റാഗ്രാമിലെ താരമായ വിനീതിനെതിരേ പത്തോളം മോഷണക്കേസുകള്‍ നിലവിലുണ്ട്. ഒരു യുവതിയെ പീഡിപ്പിച്ചതിന് തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലും കേസുണ്ട്.