25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ക്യാപ്റ്റന്മാർക്കെതിരെ കരുത്തരുമായി ബിജെപി; ഡികെയ്ക്കും സിദ്ധരാമയ്യയ്ക്കും വമ്പൻ പോരാട്ടം
Uncategorized

ക്യാപ്റ്റന്മാർക്കെതിരെ കരുത്തരുമായി ബിജെപി; ഡികെയ്ക്കും സിദ്ധരാമയ്യയ്ക്കും വമ്പൻ പോരാട്ടം


ബെംഗളൂരു ∙ കർണാടകയിൽ കോൺഗ്രസിന്റെ ക്യാപ്റ്റന്മാരെ വെട്ടാനൊരുങ്ങി ബിജെപി. താരപ്രചാരകരായ പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിനും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും എതിരെ കരുത്തുറ്റ സ്ഥാനാർഥികളായി നിലവിലെ മന്ത്രിമാരെ ഇറക്കിയാണു ബിജെപിയുടെ പടപ്പുറപ്പാട്.

മന്ത്രി ആർ.അശോക് കനക്പുരയിൽ ഡി.കെ.ശിവകുമാറിനെ നേരിടുമ്പോൾ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ മൈസൂരുവിലെ വരുണയിൽ മന്ത്രി വി.സോമണ്ണയാണു മത്സരിക്കുന്നത്. കോൺഗ്രസ് അധികാരത്തിലേറിയാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള നേതാക്കൾക്ക് ‘ഈസി വാക്കോവർ’ നൽകാൻ ഒരുക്കമല്ലെന്നാണു സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ ബിജെപി വ്യക്തമാക്കുന്നത്.

ലിംഗായത്ത് സമുദായ നേതാവായ സോമണ്ണയ്ക്കു മഠങ്ങളുമായി നല്ല ബന്ധമാണ്. ഇതു വരുണയിൽ വോട്ട് നേടാൻ സഹായിക്കുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. വൊക്കലിഗ സമുദായ നേതാക്കളുടെ പോരാട്ടമാകും കനക്പുരയിൽ നടക്കുക. കോൺഗ്രസിന്റെ താരപ്രചാരകരെ മണ്ഡലത്തിൽത്തന്നെ തളച്ചിടുകയാണ് ഇവരിലൂടെ ബിജെപി ഉദ്ദേശിക്കുന്നത്. രണ്ടു മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അശോക്, പത്മനാഭ നഗറിലും സോമണ്ണ, ചാമരാജ് നഗറിലും കൂടി മത്സരിക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 189 സ്ഥാനാർഥികളുടെ ആദ്യ പട്ടികയാണു ബിജെപി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹാവേരിയിലെ ഷിഗ്ഗാവിൽതന്നെ മത്സരിക്കും. മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ ശിക്കാരിപുര സീറ്റിൽനിന്ന് മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ.വിജയേന്ദ്ര ജനവിധി തേടും. പാർട്ടി ജനറൽ സെക്രട്ടറി സി.ടി.രവി ചിക്കമഗളൂരുവിൽ മത്സരിക്കും. മുൻ ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായൺ ഉൾപ്പെടെ പത്തിലേറെ മന്ത്രിമാർ പട്ടികയിലുണ്ട്. രമേഷ് ജാർക്കിഹോളി ഗോഖക്കിൽനിന്ന് വീണ്ടും ജനവിധി തേടും.

പട്ടികയിൽ 52 പേർ പുതുമുഖങ്ങളാണ്. ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒബിസി വിഭാഗത്തിൽനിന്ന് 32 പേരുണ്ട്. പട്ടിക ജാതിയിൽനിന്ന് 30 പേരും പട്ടിക വർഗത്തിൽനിന്ന് 16 പേരുമാണുള്ളത്. 8 വനിതകളാണ് ആദ്യ പട്ടികയിൽ. ഹിജാബ് നിരോധന വിവാദത്തിന്റെ പ്രഭവ കേന്ദ്രമായ ഉഡുപ്പിയിൽ ഹിജാബ് നിരോധനത്തിനായി ശക്തിയുക്‌തം വാദിച്ച എംഎൽഎ രഘുപതി ഭട്ടിനെ ബിജെപി തഴഞ്ഞു. 35 സീറ്റുകളിലെ സ്ഥാനാർഥികളെ പിന്നീടു പ്രഖ്യാപിക്കും.

Related posts

കാരുണ്യ ഫാർമസി 
24 മണിക്കൂറാക്കുന്നു ; നടപടികൾക്ക്‌ തുടക്കംകുറിച്ച്‌ ആരോഗ്യവകുപ്പ്‌.* തിരുവനന്തപുരം

Aswathi Kottiyoor

ജപ്തി ബോര്‍ഡ് മറയ്ക്കണമെന്ന് മോളു പറഞ്ഞു; അച്ഛനെ കാണാൻ വന്ന ഞാൻ മോൾടെ ശവമടക്ക് കാണണ്ടേ.

Aswathi Kottiyoor

കേന്ദ്രാനുമതി, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇനി മരുന്നും സൗന്ദര്യ വർധക വസ്തുക്കളും ഇറക്കുമതി ചെയ്യാം

Aswathi Kottiyoor
WordPress Image Lightbox