ന്യൂഡൽഹി ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 189 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹാവേരിയിലെ ഷിഗ്ഗാവിൽ നിന്നു തന്നെ മത്സരിക്കും. മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ ശിക്കാരിപുര സീറ്റിൽ നിന്ന് മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്ര ജനവിധി തേടും.
മന്ത്രി ആർ.അശോക് കനക്പുരയിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ നേരിടുമ്പോൾ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ മൈസൂരുവിലെ വരുണയിൽ മന്ത്രി വി. സോമണ്ണയാണ് മത്സരിക്കുന്നത്. രണ്ടു മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്ന് അവകാശപ്പെട്ടെങ്കിലും അശോക് പത്മനാഭ നഗറിലും സോമണ്ണ ചാമരാജ് നഗറിലും കൂടി മത്സരിക്കുന്നുണ്ട്.
പാർട്ടി ജനറൽ സെക്രട്ടറി സി.ടി.രവി ചിക്കമഗളൂരുവിൽ മത്സരിക്കും. മുൻ ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായൺ ഉൾപ്പെടെ പത്തിലേറെ മന്ത്രിമാർ പട്ടികയിലുണ്ട്. രമേഷ് ജാർക്കിഹോളി ഗോഖക്കിൽ നിന്ന് വീണ്ടും ജനവിധി തേടും. പട്ടികയിൽ 52 പേർ പുതുമുഖങ്ങളാണ്. ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒബിസി വിഭാഗത്തിൽ നിന്ന് 32 പേരുണ്ട്. പട്ടിക ജാതിയിൽ നിന്ന് 30 പേരും പട്ടിക വർഗത്തിൽ നിന്ന് 16 പേരുമാണുള്ളത്. 8 വനിതകളാണ് ആദ്യ പട്ടികയിലുളളത്. ബാക്കി 35 സീറ്റുകളിലെ സ്ഥാനാർഥികളെ പിന്നീടു പ്രഖ്യാപിക്കും.