24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികാരം; ടിപ്പറുമായി വളവില്‍ കാത്തുനിന്നു, ഇടിപ്പിച്ച് കൊന്നു
Uncategorized

മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികാരം; ടിപ്പറുമായി വളവില്‍ കാത്തുനിന്നു, ഇടിപ്പിച്ച് കൊന്നു


നെയ്യാറ്റിന്‍കര: പുനയല്‍ക്കോണത്തുവെച്ച് ടിപ്പറിടിച്ച് പെരുങ്കടവിള, തോട്ടവാരം, കുഴിവിളമേലെ പുത്തന്‍വീട്ടില്‍ രഞ്ജിത്ത് ആര്‍.രാജ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ ആക്രമണത്തിന് തയ്യാറെടുത്തിരുന്നതായി പോലീസ്.

അപകടമരണം സംഭവിച്ചില്ലെങ്കില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. രഞ്ജിത്തിനെ ഇടിച്ചിട്ട ടിപ്പറില്‍നിന്ന് കണ്ടെടുത്ത വെട്ടുകത്തിയും വടിവാളും ഇതിനു വേണ്ടിയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

ഞായറാഴ്ച രാവിലെ 10.45-നാണ് പുനയല്‍ക്കോണത്തുവെച്ച് രഞ്ജിത്ത് ടിപ്പറിടിച്ച് മരിച്ചത്. ടിപ്പറോടിച്ചിരുന്ന കീഴാറൂര്‍, കൊല്ലംകാല, ശ്യാം നിവാസില്‍ ശരത്തിനെ(28) ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അന്വേഷണസംഘം അപേക്ഷ നല്‍കും.

വാക്കുതര്‍ക്കം കൊലപാതകത്തിലേക്ക്

കൊല്ലപ്പെട്ട രഞ്ജിത്തും പ്രതി ശരത്തും സുഹൃത്തുക്കളായിരുന്നു. ശരത്ത് ജ്യേഷ്ഠന്റെ ടിപ്പറാണ് ഓടിച്ചിരുന്നത്. തേരണിയിലെയും കോട്ടയ്ക്കലിലെയും ക്വാറികളില്‍ പാറയും പാറപ്പൊടിയും കയറ്റുന്ന ഇടനിലക്കാരനായിട്ടാണ് രഞ്ജിത്ത് പ്രവര്‍ത്തിച്ചിരുന്നത്.

രഞ്ജിത്തിന്റെ പല പണമിടപാടുകളും ശരത്ത് മുഖേനയാണ് നടത്തിയിരുന്നത്. പിന്നീട് ഇവര്‍ തെറ്റിപ്പിരിയുകയായിരുന്നു. ശരത്തിന്റെ ജേഷ്ഠന്‍ ശ്യാംലാലുമായി രഞ്ജിത്ത് വാക്കേറ്റമുണ്ടായി. ഇതിനെ തുടര്‍ന്ന് രഞ്ജിത്ത് ശ്യാംലാലിനെ മര്‍ദിച്ചു. ഇതാണ് ശരത്തും രഞ്ജിത്തും തമ്മില്‍ പിണങ്ങാന്‍ ഇടയാക്കിയത്.

ക്വാറിയില്‍ നിന്നു പാറയും പാറപ്പൊടിയും കയറ്റുന്നത് സംബന്ധിച്ചുള്ള സീനിയോറിട്ടി തര്‍ക്കം ഇവര്‍ തമ്മിലുണ്ടായി. ഇതിന്റെ പേരില്‍ രഞ്ജിത്തും ശരത്തും തമ്മില്‍ കൈയാങ്കളിയും നടന്നു. ഇതിന് ശേഷം ഇരുവരും തമ്മിലുള്ള പകയും വര്‍ധിച്ചിരുന്നു. ഇതിനിടയിലാണ് ഈസ്റ്റര്‍ ദിനം പുലര്‍ച്ചെ ശരത്തും രഞ്ജിത്തും തമ്മില്‍ പെരുമ്പഴുതൂരില്‍വെച്ച് വാക്കുതര്‍ക്കമുണ്ടായത്.

വാക്കുതര്‍ക്കം അടിയിലും കലാശിച്ചു. ഇതാണ് രഞ്ജിത്തിനെ വകവരുത്താന്‍ ശരത്തിനെ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികാരം നടത്തുകയും ചെയ്തു.

ടിപ്പര്‍ സ്റ്റാര്‍ട്ടാക്കി കാത്തുനിന്നു….

അപകടത്തിന് മുന്‍പ് രഞ്ജിത്ത് സഹോദരി രമ്യയുടെ പേരൈക്കോണത്തെ വീട്ടിലായിരുന്നു. ഇവിടെനിന്ന് ബൈക്കില്‍ തിരിക്കുന്ന വിവരം രഞ്ജിത്തിനെ പിന്തുടര്‍ന്ന സംഘം ശരത്തിനെ അറിയിച്ചിരുന്നുവെന്ന് അന്വേഷണസംഘം കരുതുന്നു.

അപകടം നടന്ന പുനയല്‍കോണത്തെ രണ്ടാം വളവിലാണ് ശരത്ത് ടിപ്പറുമായി കാത്തുനിന്നത്. ആദ്യവളവ് കടന്ന് രഞ്ജിത്ത് ബൈക്കിലെത്തുന്ന വിവരം പിന്തുടര്‍ന്നവര്‍ ശരത്തിനെ ധരിപ്പിച്ചെന്നും ഇതിന് ശേഷമാണ് ടിപ്പര്‍ സ്റ്റാര്‍ട്ടാക്കി രഞ്ജിത്തിനെ ഇടിച്ചിട്ടതെന്നും പോലീസ് പറയുന്നു.

ആദ്യം ഇടിച്ചിട്ടതിന് ശേഷം ടിപ്പര്‍ വീണ്ടും പിന്നോട്ടെടുത്തു. വീണ്ടും ഇടിച്ചശേഷം ടിപ്പര്‍ മുന്നോട്ടെടുക്കുമ്പോഴാണ് റോഡുവക്കില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളില്‍ ഇടിച്ചത്. അപകടം നടന്ന സ്ഥലത്തിന് അടുത്തായുള്ള വീട്ടില്‍ നടന്ന ചടങ്ങിനെത്തിയവരുടെ കാറുകളെയാണ് ടിപ്പര്‍ ഇടിച്ചത്.

ശബ്ദംകേട്ട് വീട്ടിലുള്ളവര്‍ പുറത്തിറങ്ങിയതോടെ ടിപ്പര്‍ ഉപേക്ഷിച്ച് ഇവര്‍ മുങ്ങി. കാറുകളില്‍ ഇടിച്ചിട്ടില്ലായിരുന്നെങ്കില്‍ ടിപ്പര്‍ നിര്‍ത്താതെ ഓടിച്ചുപോകുമായിരുന്നെന്നും അന്വേഷണസംഘം കരുതുന്നു.

പോലീസിന്റെ റിപ്പോര്‍ട്ട് ജാമ്യത്തിന് തടസ്സമായി

രഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ മാരായമുട്ടം പോലീസ് ആദ്യം കേസെടുത്തത് മനഃപൂര്‍വമല്ലാത്ത നരഹത്യക്കുള്ള 304 എ വകുപ്പ് പ്രകാരമാണ്. ഈ വിവരം നെയ്യാറ്റിന്‍കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നിനെ പോലീസ് അറിയിച്ചിരുന്നു.

ഈ വകുപ്പ് പ്രകാരം ജാമ്യം ലഭിക്കുമെന്ന് അഭിഭാഷകന്‍ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസിന് പിടികൊടുക്കാതെ ശരത്ത് കോടതിയില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയത്.

കീഴടങ്ങിയ ശരത്ത് കോടതിയില്‍ താന്‍ ഓടിച്ചിരുന്ന ടിപ്പറിടിച്ചാണ് അപകടമുണ്ടായതെന്നും അപകടം അശ്രദ്ധമൂലമുണ്ടായതാണെന്നുമാണ് ധരിപ്പിച്ചത്. എന്നാല്‍ മാരായമുട്ടം പോലീസ് കൊലപാതകമുള്‍പ്പെടെ 302, 34 വകുപ്പുകള്‍ കൂടി ചേര്‍ത്ത് കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതാണ് കോടതിയില്‍ സ്വമേധയാ കീഴടങ്ങിയ ശരത്തിന് ജാമ്യം ലഭിക്കാതെ പോയത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായ ശരത്തിനായി അന്വേഷണസംഘം ബുധനാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. ശരത്തിനെ കസ്റ്റഡിയില്‍ ലഭിച്ചാലെ ടിപ്പറിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ആരൊക്കെയെന്ന് മനസ്സിലാകൂ.

ടിപ്പറിലുണ്ടായിരുന്നവരില്‍ ശരത്തിനെ കോടതിയിലെത്തിക്കാന്‍ സഹായിച്ച വടകര ജോസ് വധക്കേസിലെ പ്രതി ഉണ്ടായിരുന്നോയെന്നും വ്യക്തമാകൂ. ടിപ്പറിലുണ്ടായിരുന്ന ഒരാള്‍ വണ്ടിയിലെ ക്ലീനറാണെന്നാണ് പോലീസ് കരുതുന്നത്.

Related posts

ഇന്ത്യയുടെയും സിംഗപൂരിന്റെയും തത്സമയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിച്ചു

Aswathi Kottiyoor

മസനഗുഡി വഴി ഊട്ടിക്കൊരു യാത്ര; കാട്ടാന ആക്രമണത്തില്‍ നിന്ന് സഞ്ചാരികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Aswathi Kottiyoor

വാഹന രജിസ്‌ട്രേഷന്‍; അങ്ങേയറ്റം വരെ പോകും, സർക്കാരിന്‍റെ ഉദ്ദേശം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കലെന്ന് സുരേഷ് ഗോപി

Aswathi Kottiyoor
WordPress Image Lightbox