ഇരിട്ടി: ആനമതിൽ നിർമ്മാണം അടുത്ത മാസം മുതൽ ആരംഭിക്കാൻ കഴിയുമെന്നും ആറളം ഫാമിലിലെ തൊഴിലാളികളുടെ ശമ്പളം സമയബന്ധിതമായി നൽകാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഗ്രാമ വണ്ടിയുടെ ജില്ലാതല ഉദ്ഘാടനം കീഴ്പ്പള്ളിയിൽ വച്ച് നിർവ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ജൂണിൽ ആനമതിൽ നിർമ്മാണം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ചിലർ കോടതിയെ സമീപിച്ച് തടസ്സം ഉണ്ടാക്കുകയായിരുന്നു. 55 കോടി രൂപ ചിലവിൽ ആനമതിലും സൗരോർജ്ജ വേലി ഉൾപ്പെടെ സ്ഥാപിക്കാൻ നടപടി ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ വനാതിർത്തി പങ്കിടുന്ന 58 അസംബ്ലി മണ്ഡലങ്ങളെ കോർത്തിണക്കി വനസൗഹൃദ സദസ്സ് സംഘടിപ്പിക്കുകയാണ്. ഇതുവഴി വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുവാൻ സാധിക്കും. ഫാമിലെ തൊഴിലാളികളുടെ ശമ്പളം സമയബന്ധിതമായി കൊടുത്തു തീർക്കുവാനുള്ള നടപടികൾ വേഗത്തിലാക്കും. ഫാമിൽ ആരംഭിച്ച ഗ്രാമവണ്ടി വിജയിപ്പിക്കുവാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും ദേവസ്വം പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയി കുര്യൻ, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ, ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി, ആറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ജെ. ജെസിമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, പഞ്ചായത്ത് അംഗങ്ങളായ വത്സ ജോസ്, ഇ.സി. രാജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വൈ.വൈ. മത്തായി, ഐടിഡിപി പ്രോജക്ട് ഓഫീസർ എസ്. സന്തോഷ് കുമാർ, ആറളം പഞ്ചായത്ത് സെക്രട്ടറി രശ്മി മോൾ, കെ. എസ്. ആർ ടി സി ഉദ്യോഗസ്ഥരായ പി എ ഷറഫ് മുഹമ്മദ്,
മനോജ് കുമാർ, പി. അനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ഡി. ബിജു, ശങ്കർ സ്റ്റാലിൻ, ജിമ്മി അന്തിനാട്ട്, ത്രേസ്യാമ്മ കൊങ്ങോല, വത്സൻ അത്തിക്കൽ, റസാക്ക്, പ്രശാന്തൻ കുമ്പത്തി, ഗ്രാമ വണ്ടി സ്പെഷ്യൽ പ്രൊജക്റ്റ് ഓഫീസർ വി.എം. താജുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട രഘുവിന്റെ മക്കൾക്കുള്ള വിഷു കോടിയും, ഗ്രാമവണ്ടിയുടെ പാസും ചടങ്ങിൽ വച്ച് മന്ത്രി കൈമാറി.
previous post