കൊച്ചി∙ സംസ്ഥാനത്തു പൊലീസിന്റെ അധീനതയിൽ കോടികൾ മുടക്കി വാങ്ങിയ ബോട്ടുകൾ പലതും കാര്യമായി ഉപയോഗിക്കാനാവാതെ ആക്രിയാക്കി. ബോട്ടുകൾ ആക്രിയാക്കി വിറ്റപ്പോൾ കിട്ടിയതാകട്ടെ തുച്ഛമായ തുകയും. ബോട്ടുകൾ കാര്യമായി പ്രയോജനപ്പെടുത്താനും പൊലീസിനു സാധിച്ചില്ല.
പൊലീസ് വകുപ്പിനു സംസ്ഥാനത്ത് ആകെ 72 ബോട്ടുകളുണ്ടെന്നാണു കണക്ക്. ജില്ലകൾ തിരിച്ചു കണക്കെടുത്താൽ പൊലീസ് ആസ്ഥാനത്തു നിന്നുള്ള കണക്കുമായി പൊരുത്തക്കേടും കാണാം. കൊച്ചി സിറ്റി പൊലീസ് കണ്ടം ചെയ്ത അഞ്ചു സ്പീഡ് ബോട്ടുകൾ വാങ്ങിയതു 35 ലക്ഷം രൂപ ചെലവഴിച്ചാണ്. എന്നാൽ ഇത് ഓടിയതു 47 മുതൽ 66 മണിക്കൂർ വരെ മാത്രം. വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതാണ് ഇതിനേക്കാൾ ലാഭകരമെന്നും വിലയിരുത്തലുണ്ട്.
ഈ ബോട്ടുകൾ ഇത്രയും വർഷത്തിനിടെ സർവീസ് നടത്തിയതായും രേഖയില്ല. അതേസമയം, എറണാകുളം റൂറലിൽ ബോട്ട് ഓടിക്കാൻ ലൈസൻസ് ഒരാൾക്കേയുള്ളൂ. എസ്ഐ റാങ്കിലുള്ള ജീവനക്കാരനാണത്. എന്നാൽ കൊച്ചി സിറ്റിയിൽ ബോട്ട് ഓടിക്കാൻ പൊലീസിൽ ജീവനക്കാരില്ല. എല്ലാവരും ദിവസ വേതന തൊഴിലാളികളാണ്. ആലപ്പുഴയിൽ ബോട്ട് സ്രാങ്കും ബോട്ട് ഡ്രൈവറുമായി 8 ജീവനക്കാർക്ക് ലൈസൻസ് ഉണ്ട്. പൊലീസിന്റെ 2 കോടിക്കു മുകളിൽ വില വന്ന ഇന്റർസെപ്റ്റർ ബോട്ടുകളും കാര്യമായി പ്രയോജനമുണ്ടാക്കിയില്ലെന്നാണു വിലയിരുത്തൽ.
എറണാകുളം റൂറലിൽ 7.15 ലക്ഷം രൂപ വീതം മുടക്കി ആറു ബോട്ടുകൾ വാങ്ങിയതിൽ ഒരെണ്ണം മാത്രമാണു പ്രവർത്തനക്ഷമം. ബാക്കിയെല്ലാം ആക്രിയാക്കൽ നടപടിയിലാണ്. ആലപ്പുഴയിൽ 9 ബോട്ടുകൾ വാങ്ങിയതിൽ 7 എണ്ണം പ്രവർത്തിക്കുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് 2010ന് ശേഷം വാങ്ങിയ ആകെ ബോട്ടുകളുടെ എണ്ണം 7, ആക്രിയാക്കിയത് 5, ഒരെണ്ണം പ്രവർത്തനക്ഷമം, ഒന്നു പ്രവർത്തിക്കുന്നില്ല.