ചെന്നൈ ∙ സ്വകാര്യ വിമാനക്കമ്പനി ജീവനക്കാരനായ യുവാവിനെ ഗുണ്ടകളുടെ സഹായത്തോടെ കാമുകി കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ മൃതദേഹാവശിഷ്ടങ്ങൾ ചെന്നൈയിൽ കോവളം കടൽക്കരയിൽ കണ്ടെത്തി. ചെന്നൈ വിമാനത്താവളത്തിലെ തായ് എയർവേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫായ എം ജയന്തൻ (29) കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ ഭാഗ്യലക്ഷ്മി(38) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണു തല അടക്കമുള്ള ഭാഗങ്ങൾ കണ്ടെത്തിയത്. ജന്മനാടായ വില്ലുപുരത്തേക്ക് പോകുകയാണെന്ന് അറിയിച്ചിരുന്ന ജയന്തനെ മാർച്ച് 18 മുതലാണു കാണാതായത്.
ഇയാളുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പുതുക്കോട്ട സ്വദേശിനിയായ ഭാഗ്യലക്ഷ്മി പിടിയിലായത്. ലൈംഗികത്തൊഴിലാളിയായ യുവതിയെ ജയന്തൻ വിവാഹം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. വിവാഹ ശേഷവും ലൈംഗിക തൊഴിലിലേക്ക് തിരിഞ്ഞതും 19 വയസ്സുള്ള മകനുണ്ടെന്ന വിവരം മറച്ചു വച്ചതിനെയും തുടർന്ന് ഇവർ പിരിഞ്ഞു. തർക്കങ്ങൾ പറഞ്ഞു തീർക്കാനെന്ന പേരിൽ ജയന്തനെ പുതുക്കോട്ടയിലേക്കു വിളിച്ചു വരുത്തിയ ശേഷം മറ്റ് 3 പേരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. പല ഘട്ടങ്ങളായാണ് 400 കിലോമീറ്റർ അകലെ ചെന്നൈ വരെയെത്തി മൃതദേഹം കുഴിച്ചിട്ടത്.
കഴിഞ്ഞയാഴ്ച കോവളം ബീച്ചിൽനിന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തെങ്കിലും തലയും മറ്റു ചില ഭാഗങ്ങളും കാണാതായിരുന്നു. പിന്നീട് നടന്ന തിരച്ചിലിൽ കോവളം കടൽക്കരയിലെ വെള്ളക്കെട്ടിൽനിന്ന് എല്ലാ ഭാഗങ്ങളും വീണ്ടെടുക്കാൻ കഴിഞ്ഞു. ശരീരഭാഗങ്ങൾ ജയന്തന്റേതാണെന്നു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. ഭാഗ്യലക്ഷ്മിയെ റിമാൻഡ് ചെയ്തു. മൃതദേഹം കുഴിച്ചിടാൻ സഹായിച്ച 2 പേരെയും പൊലീസ് തിരയുന്നുണ്ട്.